ജപ്പാനില്‍ ജനസംഖ്യയില്‍ വന്‍ ഇടിവ്; വിദേശികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയും; ജനനനിരക്ക് പ്രോത്സാഹിപ്പിക്കാന്‍ നടപടികള്‍

ജപ്പാനില്‍ ജനസംഖ്യയില്‍ വന്‍ ഇടിവ്;  വിദേശികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയും;  ജനനനിരക്ക് പ്രോത്സാഹിപ്പിക്കാന്‍ നടപടികള്‍

ടോക്യോ: ജപ്പാനില്‍ ജനസംഖ്യാ കണക്കെടുപ്പില്‍ സ്വദേശികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്. അതേസമയം രാജ്യത്തെ വിദേശികളുടെ എണ്ണം മൂന്ന് ദശലക്ഷത്തോളം ഉയര്‍ന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ജപ്പാന്‍ ജനത വാര്‍ദ്ധക്യത്തിലേക്ക് ചുരുങ്ങുമ്പോള്‍ ആശ്വാസമാകുന്നത് വിദേശികളായ താമസക്കാരാണെന്നും ദ ഗാര്‍ഡിയന്‍ അടക്കമുള്ള പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനസാന്ദ്രതയില്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങളിലൊന്നായ ജപ്പാനില്‍ തുടര്‍ച്ചയായ 14-ാം വര്‍ഷമാണ് ജനസംഖ്യയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. ആഭ്യന്തര, വാര്‍ത്താവിനിമയ മന്ത്രാലയം പുറത്തിറക്കിയ താമസക്കാരുടെ രജിസ്ട്രേഷന്‍ രേഖ പ്രകാരം 2021-ല്‍ 125.68 ദശലക്ഷം ഉണ്ടായിരുന്ന ജനസംഖ്യ 2023 ജനുവരി ഒന്നായപ്പോഴേക്കും 122.42 ദശലക്ഷമായാണ് കുറഞ്ഞത്.

ജനന നിരക്കില്‍ എട്ടു ലക്ഷത്തിന്റെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ജനസംഖ്യാ ഇടിവിന്റെ പ്രത്യാഘാതങ്ങളും കണ്ടുതുടങ്ങിയിട്ടുണ്ട്. മുനിസിപ്പാലിറ്റികളിലും പകുതിയിലധികവും ജനവാസമില്ലാത്ത ജില്ലകളായി മാറി. സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നു. 70 വയസ് പിന്നിട്ടവര്‍ നടത്തുന്ന 1.2 ദശലക്ഷത്തിലധികം ചെറുകിട ബിസിനസുകള്‍ക്ക് പിന്‍ഗാമികളില്ല.

അതേസമയം ജപ്പാനിലെത്തുന്ന വിദേശികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മൂന്ന് ദശലക്ഷം വിദേശികള്‍ ജപ്പാനിലുണ്ടെന്നാണ് ഏറ്റവും പുതിയ കണക്ക്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും 10.7 ശതമാനം വാര്‍ഷിക വര്‍ദ്ധന.

ജാപ്പനീസ് സമൂഹത്തില്‍ വാര്‍ധക്യത്തിലേക്ക് കടന്നവരുടെ എണ്ണം കൂടിവരികയാണ്. 2008 മുതല്‍ എല്ലാ വര്‍ഷവും ജപ്പാനില്‍ ജനസംഖ്യയില്‍ ഇടിവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ആദ്യമായാണ് എല്ലാ പ്രീഫക്ച്വറുകളിലും (ജില്ലകള്‍) ജനസംഖ്യ ഇടിയുന്നത്. കൂടുതല്‍ ശിശുസൗഹൃദ അന്തരീക്ഷം സൃഷ്ടിച്ച് ജനനനിരക്ക് വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് 300-ലധികം ചെറുപട്ടണങ്ങള്‍.

ജനസംഖ്യ കുറയുന്നതില്‍ വിദേശികള്‍ക്ക് പങ്കുള്ളതായും ചൂണ്ടിക്കാട്ടപ്പെടുന്നു. രാജ്യ തലസ്ഥാനമായ ടോക്യോയിലാണ് ഏറ്റവും കൂടുതല്‍ വിദേശികളുള്ളത്. നഗരത്തിന്റെ 4.2 ശതമാനവും വിദേശികളാണ്. സര്‍ക്കാരിന്റെ സാമ്പത്തിക വളര്‍ച്ചാ പ്രവചനങ്ങള്‍ കൈവരിക്കുന്നതിന് 2040 ഓടെ നാലിരട്ടി വിദേശ തൊഴിലാളികളെ ആവശ്യമാണെന്നാണ് ടോക്യോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിദഗ്ധരുടെ വിലയിരുത്തല്‍. 2020 ജനുവരി ഒന്നുവരെയുള്ള കണക്കനുസരിച്ച്, ജപ്പാനില്‍ 2.87 ദശലക്ഷമായിരുന്നു വിദേശികളുടെ എണ്ണം.

കൂടുതല്‍ സ്ത്രീകളെ ജോലികളില്‍ നിയമിക്കുക, തൊഴില്‍ സ്ഥിരത ഉറപ്പുവരുത്തുക ഉള്‍പ്പെടെ വിവിധ മാര്‍ഗങ്ങളിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജ്യം കടബാധ്യത നേരിടുന്നുണ്ടെങ്കിലും ഇടിയുന്ന ജനനനിരക്ക് തടയാന്‍ 2500 കോടി ഡോളര്‍ പ്രതിവര്‍ഷം മാറ്റിവയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.