മഴക്കാലത്ത് ഗ്യാസിന് ഡബിള്‍ ചെലവ്! പണം ലാഭിക്കാന്‍ ഇതാ ചില വഴികള്‍

 മഴക്കാലത്ത് ഗ്യാസിന് ഡബിള്‍ ചെലവ്! പണം ലാഭിക്കാന്‍ ഇതാ ചില വഴികള്‍

മഴക്കാലം തുടങ്ങിയാല്‍ മസാലപ്പൊടികള്‍ മുതല്‍ പയര്‍വര്‍ഗങ്ങള്‍ വരെ സൂക്ഷിക്കുന്നതില്‍ നമ്മള്‍ പ്രത്യേക കരുതലെടുക്കും. അതുപോലെ തന്നെ മഴക്കാലത്ത് എല്‍പിജി ഉപയോഗം ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. അതുകൊണ്ടു തന്നെ ഈ സമയത്ത് പതിവിലും കൂടുല്‍ ഗ്യാസ് ഉപയോഗിക്കേണ്ടി വരും. പാചകത്തിന് കൂടുതല്‍ സമയമെടുക്കുമെന്നതും ഇടയ്ക്കിടെ ഭക്ഷണ സാധനങ്ങള്‍ ചൂടാക്കേണ്ടി വരുമെന്നതുമൊക്കെ ഗ്യാസ് ഉപയോഗം കൂടാനുള്ള കാരണങ്ങളാണ്.

മഴക്കാലത്ത് പാചകവാതക ഉപയോഗം കുറയ്ക്കാന്‍ ചില ടിപ്സ്

കുറഞ്ഞ തീ വേണ്ട:

വിഭവങ്ങള്‍ ചൂടാറാതെ ഇരിക്കാന്‍ ചെറു തീയില്‍ ചൂടാക്കിക്കൊണ്ടിരിക്കുന്നത് പലരുടെയും ശീലമാണ്. ചെറുതീ ആയതുകൊണ്ട് ഗ്യാസ് കുറച്ചുമതിയെന്നാണ് പലരും കരുതുന്നത്. എന്നാല്‍ മീഡിയം തീയില്‍ വച്ച് പാചകം ചെയ്യുന്നതാണ് അനുയോജ്യം. ചെറുതീയില്‍ വയ്ക്കുമ്പോള്‍ സ്വാഭാവികമായും പാചകത്തിന് കൂടുതല്‍ സമയം വേണ്ടി വരും.

ഫ്രിഡ്ജില്‍ നിന്ന് അടുപ്പിലേക്ക്:

ഫ്രിഡ്ജില്‍ സൂക്ഷിച്ചിട്ടുള്ള വിഭവങ്ങള്‍ പുറത്തെടുത്ത ഉടന്‍ ചൂടാക്കുന്നത് പലരുടെയും പതിവാണ്. തിരക്കിനിടയില്‍ സംഭവിച്ചുപോകുന്നതാണെങ്കിലും ഇത് ആരോഗ്യത്തിന് നല്ലതല്ലെന്ന് മറക്കരുത്. ആരോഗ്യം മാത്രമല്ല ഗ്യാസ് ചെലവ് കൂടി പോക്കറ്റ് കാലിയാക്കാനും ഈ ശീലം കാരണമാകും. തണുത്ത ഭക്ഷണസാധനങ്ങള്‍ ചൂടാക്കിയെടുക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരും. അതുകൊണ്ട്, ഫ്രിഡ്ജില്‍ നിന്ന് നേരത്തെ പുറത്തെടുത്തുവച്ച് റൂം ടെംപറേച്ചര്‍ ആക്കിയതിന് ശേഷം വേണം ചൂടാക്കാന്‍.

വെള്ളത്തില്‍ കുതിര്‍ക്കാം:

ധാന്യങ്ങളും അരിയുമൊക്കെ നേരെ വേവിക്കാന്‍ വയ്ക്കുന്നതിന് പകരം കുറച്ച് സമയം വെള്ളത്തില്‍ കുതിര്‍ത്തതിന് ശേഷം പാചകം ചെയ്യുന്നത് ധാരാളം സമയം ലാഭിക്കും. ഇതുവഴി ഗ്യാസ് ചിലവും കുറയ്ക്കാം. വെള്ളത്തിലിട്ട് വയ്ക്കുന്നത് ധാന്യങ്ങളെ മൃദുലമാക്കും. അതുകൊണ്ട് പാചകം ചെയ്യാന്‍ പോകുന്ന വിഭവങ്ങള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നത് പാചകത്തിനെടുക്കുന്ന സമയത്തിന്റെ കാര്യത്തിലും ചെലവിന്റെ കാര്യത്തിലും വലിയ മാറ്റമുണ്ടാക്കും.

തീപ്പെട്ടി ഉപയോഗിക്കുമ്പോള്‍:

ഇപ്പോള്‍ ഓട്ടോമാറ്റിക് ഗ്യാസ് സ്റ്റൗ ഒക്കെ വ്യാപകമാണെങ്കിലും ചിലര്‍ക്ക് ഗ്യാസ് കത്തിക്കാന്‍ തീപ്പെട്ടി തന്നെ വേണം. നിങ്ങളും അങ്ങനെയൊരാളാണെങ്കില്‍ ഒരു കാര്യം മറക്കരുത്. ഗ്യാസ് ഓണാക്കുന്നതിന് മുമ്പ് തീപ്പെട്ടി കത്തിച്ച് പിടിക്കുന്നത് ഗ്യാസ് നഷ്ടം കുറയ്ക്കും. ഈ ശീലം അപകടം ഒഴിവാക്കാനും സഹായിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.