പൗരത്വ നിയമ ഭേദഗതിക്ക് കാനഡ; ബില്‍ സെനറ്റില്‍ പാസാക്കി: ഇന്ത്യന്‍ വംശജര്‍ക്ക് ഗുണകരം

പൗരത്വ നിയമ ഭേദഗതിക്ക് കാനഡ; ബില്‍ സെനറ്റില്‍ പാസാക്കി: ഇന്ത്യന്‍ വംശജര്‍ക്ക് ഗുണകരം

ഒട്ടാവ: രാജ്യത്തെ പൗരത്വനിയമം ഭേദഗതി ചെയ്യാനൊരുങ്ങി കാനഡ. പൗരത്വ നിയമം (2025) ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ സി-3 കഴിഞ്ഞ ബുധനാഴ്ച സെനറ്റില്‍ പാസാക്കി. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ പൗരത്വ നിയമം കൂടുതല്‍ ലളിതമാകും.

വിദേശത്ത് ജനിക്കുകയോ ദത്തെടുക്കുകയോ ചെയ്ത കുട്ടികള്‍ക്കും ആയിരക്കണക്കിന് ഇന്ത്യന്‍ വംശജരായ കുടുംബങ്ങള്‍ക്കും ഗുണകരമാകുന്നതാണ് പുതിയ ബില്‍.

കാനഡയുടെ പൗരത്വ നിയമങ്ങളിലെ ദീര്‍ഘകാലമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉദേശിച്ചുള്ളതാണ് ബില്ലെന്ന് കാനഡ ഇമിഗ്രേഷന്‍ മന്ത്രി ലെന മെറ്റ്ലെജ് ഡയബ് പറഞ്ഞു. മുന്‍കാല നിയമങ്ങളാല്‍ ഒഴിവാക്കപ്പെട്ടവര്‍ക്ക് പൗരത്വം നല്‍കുമെന്നും ഡയബ് പ്രസ്താവനയില്‍ അറിയിച്ചു.

ഫെഡറല്‍ സര്‍ക്കാര്‍ 2009 ല്‍ ഭേദഗതി ചെയ്ത നിയമ പ്രകാരം, വിദേശത്ത് ജനിച്ച കനേഡിയന്‍ പൗരന്മാര്‍ക്ക് അവരുടെ കുട്ടി കാനഡയില്‍ ജനിച്ചാല്‍ മാത്രമേ പൗരത്വം അനുവദിക്കാനാകുമായിരുന്നുള്ളൂ. എന്നാല്‍ 2023 ഡിസംബറില്‍ ഒന്റാറിയോ സുപ്പീരിയര്‍ കോടതി ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചിരുന്നു.

2009 ലെ ഈ നിയമം ഒട്ടേറെപ്പേര്‍ക്ക് കനേഡിയന്‍ പൗരത്വം ലഭിക്കാതിരിക്കാന്‍ കാരണമായി. കനേഡിയന്‍ പൗരനായ രക്ഷിതാവും വിദേശത്താണ് ജനിച്ചതെങ്കില്‍, കാനഡയ്ക്ക് പുറത്ത് ജനിക്കുന്ന അവരുടെ കുട്ടികള്‍ക്ക് പൗരത്വം നേടാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. നിരവധി ഇന്ത്യന്‍ വംശജരായ കനേഡിയക്കാര്‍ക്കും ഇത് പ്രശ്നങ്ങള്‍ സൃഷ്ടിച്ചു.

പുതിയ നിയമ പ്രകാരം കുട്ടിക്ക് പൗരത്വം ലഭിക്കാന്‍, കുട്ടിയുടെ ജനനത്തിനോ ദത്തെടുക്കലിനോ മുന്‍പ് മാതാപിതാക്കള്‍ കാനഡയില്‍ മൊത്തത്തില്‍ മൂന്ന് വര്‍ഷം തമാസിച്ചാല്‍ മതി. ആദ്യ തലമുറയ്ക്കപ്പുറം വിദേശത്ത് ജനിച്ചവര്‍ക്കും ഇത്തരത്തില്‍ കനേഡിയന്‍ പൗരത്വം കൈമാറാമെന്നും ബില്‍ സി-3 നിര്‍ദേശിക്കുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

കുട്ടിയുടെ ജനനത്തിനോ ദത്തെടുക്കലിനോ മുന്‍പായി 1,095 ദിവസം കാനഡയില്‍ താമസിച്ചിരുന്നതായി രക്ഷിതാവ് തെളിയിക്കണം. ഇത് തുടര്‍ച്ചയായ 1,095 ദിവസമല്ലെന്നും പലപ്പോഴായി കാനഡയില്‍ അത്രയും ദിവസം താമസിച്ചാല്‍ മതിയെന്നുമാണ് നിയമ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.