ഇംഫാല്‍: വംശീയ കലാപത്തെ തുടര്‍ന്ന് മണിപ്പൂരില്‍ കുടിയൊഴിപ്പിക്കപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ തങ്ങളുടെ വീടുകളിലേക്ക് മടങ്ങാന്‍ ശ്രമിച്ചത് സുരക്ഷാ സേന തടഞ്ഞു. ഇതോടെ പുഖാവോയിലും ദൊലൈത്താബി ഡാമിന് സമീപത്തും ജനങ്ങള്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി.
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന ഇക്കൗ, ദൊലൈത്താബി, യെങ്ഖുമന്‍ എന്നിവിടങ്ങളില്‍നിന്നുള്ള ആളുകള്‍ അവരുടെ വീടുകളിലേക്ക് മടങ്ങാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാസേന അവരെ തടയുകയായിരുന്നു.
സംഘര്‍ഷ സാധ്യതയുള്ള 'റെഡ് സോണ്‍' മേഖലകളിലേക്ക് പ്രവേശിക്കരുതെന്നാണ് സുരക്ഷാ സേനനല്‍കിയ നിര്‍ദേശം. എന്നാല്‍ ആളുകള്‍ രാവിലെ മുതല്‍ സംഘങ്ങളായി നീങ്ങാന്‍ തുടങ്ങി. ഇതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്.
മണിപ്പൂരിലെ പ്രശസ്തമായ സംഗായി ഫെസ്റ്റിവല്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്ത് സാധാരണനില പുനസ്ഥാപിക്കപ്പെട്ടുവെന്നും തങ്ങളെ വീടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ അവകാശപ്പെട്ടു. പിന്നാലെ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതോടെ
ഇവരെ പിരിച്ചുവിടാന്‍ സേന കണ്ണീര്‍വാതകം പ്രയോഗിച്ചു. ഏകദേശം രണ്ട് വര്‍ഷം മുന്‍പ് കുടിയിറക്കപ്പെട്ടതിന് ശേഷം പലരും അവരുടെ വീടുകളിലേക്ക് ആദ്യമായി തിരിച്ചു പോവുകയായിരുന്നു.
കുക്കി ആധിപത്യമുള്ള കാങ്പോക്പി ജില്ലയുടെ അതിര്‍ത്തിയില്‍, ഇംഫാല്‍ ഈസ്റ്റ് ജില്ലയുടെ താഴ്വരയിലാണ് ഇക്കൗ, ദൊലൈത്താബി, യെങ്ഖുമന്‍ എന്നിവ സ്ഥിതി ചെയ്യുന്നത്. 2023 ല്‍ ഈ പ്രദേശങ്ങളില്‍ വംശീയ കലാപം നടന്നിരുന്നു.
2023 മേയ് മുതല്‍ മെയ്തേയ്, കുക്കി-സോ വിഭാഗങ്ങള്‍ക്കിടയിലുണ്ടായ വംശീയ സംഘര്‍ഷത്തില്‍ 260 ലധികം പേര്‍ കൊല്ലപ്പെടുകയും പതിനായിരങ്ങള്‍ ഭവന രഹിതരാവുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.