വത്തിക്കാൻ സിറ്റി: ചരിത്ര പ്രധാനമായ നിഖ്യാ കൗൺസിലിന്റെ 1700-ാം വാർഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ ക്രൈസ്തവ ഐക്യത്തിന് ഊന്നൽ നൽകിക്കൊണ്ട് ലിയോ പതിനാലമൻ മാർപാപ്പയുടെ പുതിയ അപ്പസ്‌തോലിക ലേഖനം പുറത്തിറങ്ങി. 'ഇൻ യൂണിറ്റേറ്റ് ഫിഡെയ്' (വിശ്വാസത്തിന്റെ ഐക്യത്തിൽ) എന്ന് പേരിട്ടിരിക്കുന്ന ഈ ലേഖനം ക്രിസ്തുവിന്റെ രാജത്വ തിരുനാൾ ദിനത്തിലാണ് ആഗോള സഭയ്ക്ക് സമർപ്പിക്കപ്പെട്ടത്.
പ്രഥമ എക്യുമെനിക്കൽ കൗൺസിൽ നടന്ന നിഖ്യാ നഗരം (ഇന്നത്തെ ഇസ്നിക്) സ്ഥിതി ചെയ്യുന്ന തുർക്കിയിലേക്കുള്ള അപ്പസ്‌തോലിക യാത്രയ്ക്ക് മുന്നോടിയാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചത് എന്നതും ശ്രദ്ധേയമാണ്.
എഡി 325 ൽ കോൺസ്റ്റന്റൈൻ ഒന്നാമൻ ചക്രവർത്തി വിളിച്ചു ചേർത്ത നിഖ്യാ കൗൺസിലാണ് ക്രിസ്തീയതയുടെ ഗതി മാറ്റിയെഴുതിയത്. ഈ കൗണ്‍സിലിലൂടെ ക്രിസ്തുവിന്റെ ദൈവത്വത്തെ സ്ഥിരീകരിക്കുകയും നിഖ്യ വിശ്വാസപ്രമാണം രൂപപ്പെടുകയും ചെയ്തു. പാപ്പയുടെ തുർക്കി സന്ദർശനത്തിൽ അങ്കാറ, ഇസ്താംബൂൾ എന്നിവയ്‌ക്കൊപ്പം ഈ ചരിത്രഭൂമിയും ഉൾപ്പെടുന്നു.
1700 വർഷം മുമ്പ് പ്രഖ്യാപിച്ച വിശ്വാസത്തിന്റെ ഐക്യത്തിൽ അടിയുറച്ച് നിൽക്കാൻ പാപ്പ സകല ക്രൈസ്തവരോടും അഭ്യർത്ഥിക്കുന്നു. "നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഈ വിശ്വാസ ഏറ്റുപറച്ചിൽ ക്രൈസ്തവരുടെ പൊതു പൈതൃകമാണ്. സ്നേഹത്തോടും സന്തോഷത്തോടും കൂടി നമുക്ക് ലഭിച്ച ഈ സമ്മാനം കാത്തുസൂക്ഷിക്കാനും കൈമാറാനും നാം കടപ്പെട്ടിരിക്കുന്നു."- പാപ്പ പറഞ്ഞു.
പ്രത്യാശയായ ക്രിസ്തുവിനെ പ്രമേയമാക്കി ആഘോഷിക്കുന്ന ഈ ജൂബിലി വർഷത്തിൽ നിഖ്യാ കൗൺസിലിന്റെ വാർഷികം കടന്നുവരുന്നത് ഒരു 'ദൈവികമായ യാദൃശ്ചികത' ആണെന്ന് പാപ്പ ലേഖനത്തിൽ പറയുന്നു. ഈ വിശ്വാസപ്രമാണം ഇന്ന് ഈ ദുഷ്‌കരമായ ലോകത്തിൽ നമുക്ക് പുതിയ പ്രത്യാശ നൽകുന്നു. ഇപ്പോഴും പ്രസക്തമായി നിലകൊള്ളുന്ന നിഖ്യാ കൗൺസിലിന്റെ എക്യുമെനിക്കൽ മൂല്യം പാപ്പ എടുത്തുപറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.