ഇറാനില്‍ ക്രൈസ്തവരുടെ എണ്ണം വര്‍ധിക്കുന്നു; വിശ്വാസം സ്വീകരിക്കുന്നവരെ അറസ്റ്റ് ചെയ്ത് പൊലീസ്

ഇറാനില്‍ ക്രൈസ്തവരുടെ എണ്ണം വര്‍ധിക്കുന്നു; വിശ്വാസം സ്വീകരിക്കുന്നവരെ അറസ്റ്റ് ചെയ്ത് പൊലീസ്

ടെഹ്‌റാന്‍: ഇസ്ലാമിക നിയമങ്ങള്‍ കര്‍ശനമായ ഇറാനില്‍ ക്രിസ്തീയ വിശ്വാസം സ്വീകരിക്കുന്നവരെ അറസ്റ്റ് ചെയ്ത് പൊലീസ്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന് അന്‍പതിലധികം പേരാണ് ഈ മാസം മാത്രം അറസ്റ്റിലായത്. എന്നാല്‍ അറസ്റ്റിലായവരുടെ എണ്ണം ഇതിലും കൂടുതലാണെന്നാണ് കണക്കാക്കപ്പെടുന്നത്.

ഇറാനിലെ പ്രബലമായ മുസ്ലീം ഷിയാ വിഭാഗത്തില്‍ നിന്നും ക്രിസ്തീയ വിശ്വാസം സ്വീകരിച്ച ടെഹ്റാന്‍, കാരാജ്, റാഷ്ട്, ഒരുമിയെ, അലിഗൗഡാര്‍സ് എന്നീ നഗരങ്ങളിലുള്ള ക്രൈസ്തവരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ചിലര്‍ക്ക് ജാമ്യം ലഭിച്ചുവെങ്കിലും നിരവധി പേര്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്.

വീടുകളിലും ദേവാലയങ്ങളിലും അതിക്രമിച്ച് കയറിയ പൊലീസ് കുട്ടികളുടെ മുന്നില്‍ വെച്ചാണ് അവരുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയതെന്ന് ഇറാനിലെ മതസ്വാതന്ത്ര്യ നിരീക്ഷക സംഘടനയായ 'ആര്‍ട്ടിക്കിള്‍ 18' വ്യക്തമാക്കി.

ഇസ്ലാം മതത്തില്‍ നിന്നും ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരെ ശത്രുക്കളെപ്പോലെയാണ് ഇറാന്‍ ഭരണകൂടവും ഇസ്ലാമിക് റെവല്യൂഷനും കാണുന്നത്. ഇറാനിലെ ക്രിസ്ത്യാനികള്‍ കടുത്ത മതപീഡനമാണ് നേരിടുന്നതെങ്കിലും ക്രിസ്തുവിലേക്ക് തിരിയുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്.

ലോകത്ത് ക്രിസ്ത്യാനികള്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന രാഷ്ട്രങ്ങളെ കുറിച്ചുള്ള ഓപ്പണ്‍ ഡോഴ്‌സിന്റെ ഇക്കൊല്ലത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഏട്ടാമതാണ് ഇറാന്‍. നേരത്തെ നിരവധി തവണ പുറത്തുവന്ന വിവിധ റിപ്പോര്‍ട്ടുകളില്‍ ഇറാനില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടെന്ന് വ്യക്തമായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.