ഗവര്‍ണറെ കയറ്റാതെ വിമാനം പറന്നു; എയര്‍ ഏഷ്യയ്‌ക്കെതിരെ കേസ് കൊടുത്ത് രാജ്ഭവന്‍

 ഗവര്‍ണറെ കയറ്റാതെ വിമാനം പറന്നു; എയര്‍ ഏഷ്യയ്‌ക്കെതിരെ കേസ് കൊടുത്ത് രാജ്ഭവന്‍

ബംഗളൂരു: കര്‍ണാടക ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്‌ലോട്ടിനെ കയറ്റാതെ വിമാനം പറന്ന സംഭവത്തില്‍ വിമാനകമ്പനിയായ എയര്‍ ഏഷ്യ അന്വേഷണം ആരംഭിച്ചു. ബംഗളൂരു-ഹൈദരാബാദ് വിമാനത്തിലാണ് സഭവം. ഇത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി രാജ്ഭവന്‍ കെംപെഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് എയര്‍ ഏഷ്യ അന്വേഷണം ആരംഭിച്ചത്.

വിമാനം പറന്നുയുരന്നതിന് 15 മിനിട്ട് മുമ്പ് എത്തിയിട്ടും ഗവര്‍ണറെ കയറ്റിയില്ലെന്നാണ് പരാതി. ഉച്ചയ്ക്ക് 1.10ന് രാജ്ഭവനില്‍ നിന്ന് പുറപ്പെട്ട ഗവര്‍ണര്‍ 1.35ഓടെ ടെര്‍മിനല്‍-1ലെ വിഐപി ലോഞ്ചിലെത്തി. ഗവര്‍ണറുടെ ലഗേജുകള്‍ വിമാനത്തില്‍ കയറ്റുകയും ചെയ്തിരുന്നു. ഉച്ചയ്ക്ക് 2.06 ന് ഗവര്‍ണര്‍ വിമാനത്തിന്റെ ഗോവണിയിലെത്തിയെങ്കിലും അകത്തേയ്ക്ക് കയറാന്‍ എയര്‍ ഏഷ്യ ജീവനക്കാര്‍ അനുവദിച്ചില്ല. വിമാനത്തിന്റെ വാതിലടച്ചിട്ടുണ്ടെന്നായിരുന്നു ജീവനക്കാരുടെ വിശദീകരണമെന്നും ഗവര്‍ണറുടെ പ്രോട്ടോക്കോള്‍ ഓഫീസര്‍ എം വേണുഗോപാല്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പത്ത് മിനിട്ടെടുത്താണ് ലഗേജുകള്‍ ഇറക്കിയത്. ഗവര്‍ണര്‍ ഗോവണിക്ക് സമീപം നില്‍ക്കുകയായിരുന്നു, അപ്പോഴും വിമാനത്തിന്റെ വാതില്‍ തുറന്നിരുന്നു. എന്നിട്ടും അദ്ദേഹത്തെ വിമാനത്തിനുള്ളില്‍ കയറ്റാതെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ വിഐപി ലോഞ്ചിലേക്ക് മടങ്ങുകയായിരുന്നു.

റായ്ച്ചൂറിലേയ്ക്ക് പോകുന്നതിന് വേണ്ടിയാണ് ഗവര്‍ണര്‍ വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് മറ്റൊരു വിമാനത്തില്‍ അദ്ദേഹം ഹൈദരാബാദിലെത്തുകയായിരുന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് എയര്‍ ഏഷ്യ വക്താവ് അറിയിച്ചു. അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കും. ആശങ്കകള്‍ പരിഹരിക്കാന്‍ എയര്‍ലൈനിന്റെ മുതിര്‍ന്ന നേതൃത്വ സംഘം ഗവര്‍ണറുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എയര്‍ ഏഷ്യ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.