കാത്തിരിപ്പ് വിഫലം; ആലുവയില്‍ തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

 കാത്തിരിപ്പ് വിഫലം; ആലുവയില്‍ തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: ആലുവ തായിക്കാട്ടുകര ഗാരിജ് റെയില്‍വേ ഗേറ്റിനു സമീപത്തെ കെട്ടിടത്തില്‍ നിന്നു തട്ടിക്കൊണ്ടു പോയ അഞ്ച് വയസുകാരി ചാന്ദ്‌നിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാര്‍ക്കറ്റിന് സമീപം ചാക്കില്‍ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 21 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തിയത്.

അസം സ്വദേശിയായ അസഫാക് ആലമാണ് ചാന്ദ്‌നിയെ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ പണം വാങ്ങിച്ച് മറ്റൊരാള്‍ക്ക് കൈമാറിയെന്ന് പിടിയിലായ പ്രതി അസഫാക് ആലം പൊലീസിനോടു പറഞ്ഞിരുന്നു. സുഹൃത്തിന്റെ സഹായത്തോടെയാണ് കുട്ടിയെ കൈമാറിയതെന്നും സക്കീര്‍ ഹുസൈന്‍ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നുമാണ് അസഫാക്ക് പൊലീസിന് മൊഴി നല്‍കിയത്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ആലുവ തോട്ടക്കാട്ടുകരയില്‍ നിന്നാണ് പ്രതിയായ അസഫാക് ആലത്തെ പിടികൂടിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ഇയാള്‍ ആദ്യം സമ്മതിച്ചിരുന്നില്ല. സിസിടിവി പരിശോധിച്ചപ്പോള്‍ പ്രതി കുട്ടിയുമായി റെയില്‍വേ ഗേറ്റ് കടന്നു ദേശീയപാതയില്‍ എത്തി തൃശൂര്‍ ഭാഗത്തേക്കുള്ള ബസില്‍ കയറിപ്പോയതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.

മുക്കത്ത് പ്ലാസയില്‍ വാടകയ്ക്കു താമസിക്കുന്ന ബിഹാര്‍ ബിഷാംപര്‍പുര്‍ സ്വദേശി രാംധര്‍ തിവാരിയുടെ മകളാണ് ചാന്ദ്‌നി. ഇതേ കെട്ടിടത്തില്‍ രണ്ട് ദിവസം മുന്‍പു താമസിക്കായെത്തിയ ആളാണ് അസം സ്വദേശിയായ അസഫാക് ആലം. വെള്ളിയാഴ്ച പകല്‍ മൂന്നോടെയാണ് സംഭവം. രാംധറിനു നാല് മക്കളുണ്ട്. സ്‌കൂള്‍ അവധിയായതിനാല്‍ അവര്‍ മാത്രമേ മുറിയില്‍ ഉണ്ടായിരുന്നുള്ളൂ. മക്കളില്‍ രണ്ടാമത്തെയാളാണ് ചാന്ദ്‌നി.

അതേസമയം പ്രതി അസ്ഫാക് ആലം കുറ്റം സമ്മതിച്ചുവെന്ന് എസ്പി വ്യക്തമാക്കി. കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറി എന്നു പറഞ്ഞത് അന്വേഷണം വഴിതെറ്റിക്കാനായിരുന്നു ആദ്യശ്രമം. കൃത്യത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കും. കൊലയ്ക്ക് പിന്നിലെ കാരണം ഇനിയും വ്യക്തമല്ലെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

അസ്ഫാക് ആലത്തെ ആലുവ മാര്‍ക്കറ്റില്‍ തെളിവെടുപ്പിനെത്തിച്ചിരുന്നുവെങ്കിലും ജനങ്ങളുടെ പ്രതിഷേധം കനത്തതോടെ തെളിവെടുക്കാനാവാതെ പൊലീസ് മടങ്ങി. വന്‍ പൊലീസ് സന്നാഹം ഉണ്ടായിരുന്നിട്ടു കൂടി പൊലീസിന് ജനങ്ങളെ നിയന്ത്രിക്കാനായില്ല. പൊലീസ് വാഹനം ജനങ്ങള്‍ തടഞ്ഞതോടെ പ്രതിയുമായി പൊലീസ് മടങ്ങുകയായിരുന്നു.

രാംധറും ഭാര്യ നീതു കുമാരിയും വൈകിട്ടു ജോലി കഴിഞ്ഞു വന്നപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. പലയിടത്തും അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തായിക്കാട്ടുകര സ്‌കൂള്‍ കോംപ്ലക്‌സില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ചാന്ദ്‌നി. മലയാളം നന്നായി സംസാരിക്കും. നിറയെ അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന പഴയ കെട്ടിടമാണ് മുക്കത്ത് പ്ലാസ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.