അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ മണിപ്പൂരില്‍ ബയോമെട്രിക് വിവരശേഖരണം പുനരാരംഭിച്ച് സർക്കാർ

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ മണിപ്പൂരില്‍ ബയോമെട്രിക് വിവരശേഖരണം പുനരാരംഭിച്ച് സർക്കാർ

ന്യൂഡൽഹി: മ്യാൻമറിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ ബയോമെട്രിക് വിവരശേഖരണം പുനരാരംഭിച്ച് മണിപ്പൂർ സർക്കാർ. സംസ്ഥാനത്ത് സംഘർഷാവസ്ഥ തുടരുന്നതിനിടെയാണ് സർക്കാർ നടപടി. ശനിയാഴ്ചയാണ് വിവരശേഖരണം വീണ്ടും തുടങ്ങിയത്. ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി പീറ്റർ സലാമാണ് ഇക്കാര്യം അറിയിച്ചത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ ടീമും മണിപ്പൂരിൽ നിന്നുള്ള ഉദ്യോഗസ്ഥരും ചേർന്നാണ് വിവരശേഖരണം നടത്തുന്നത്. കിഴക്കൻ ഇംഫാൽ ജില്ലയിലെ സാജ്‍വയിലെ ഡിറ്റൻഷൻ സെന്ററിലാണ് ശനിയാഴ്ച ഇവർ വിവരശേഖരണത്തിനായി എത്തിയത്.

വിവരശേഖരണം എല്ലാ ജില്ലകളിലും നടത്തുമെന്നും മുഴുവൻ അനധികൃത കുടിയേറ്റക്കാരുടെയും ബ​യോമെട്രിക് വിവരങ്ങൾ എടുക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. 2023 സെപ്റ്റംബറിനകം പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ജൂലൈ 23 ന് മാത്രം 718 മ്യാൻമർ പൗരൻമാരാണ് മണിപ്പൂരിലെത്തിയതെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നത്. മ്യാൻമറിലെ സംഘർഷം മൂലമാണ് ഇത്രയും പേർ മണിപ്പൂരിലെത്തിയത്. ഇതിൽ 209 പുരുഷൻമാരും 208 സ്ത്രീകളും 301 കുട്ടികളും ഉൾപ്പെടും. ​

ഇവർ പോപ്പി കൃഷി, മയക്കുമരുന്ന് കച്ചവടം തുടങ്ങിയവ വ്യാപകമായി നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി എൻ.ബിരേൻ സിങ് നേരത്തെ ആരോപിച്ചിരുന്നു. പല കേസുകളിലായി 24 പുരുഷന്മാരും 74 സ്ത്രീകളും ആറ് കുട്ടികളും ഉള്‍പ്പെടെ 104 അനധികൃത കുടിയേറ്റക്കാർ തടങ്കല്‍ കേന്ദ്രങ്ങളില്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.