ദേശീയപാതയിൽ കാർ തടഞ്ഞ് 4.50 കോടി കവർന്നു; പിന്നിൽ കുഴൽപ്പണ കവർച്ചാ സംഘമെന്ന് പൊലീസ്

ദേശീയപാതയിൽ കാർ തടഞ്ഞ് 4.50 കോടി കവർന്നു; പിന്നിൽ കുഴൽപ്പണ കവർച്ചാ സംഘമെന്ന് പൊലീസ്

പാലക്കാട്∙ ദേശീയപാത പുതുശേരിയിൽ കാർ യാത്രക്കാരെ ആക്രമിച്ച് 4.50 കോടി രൂപയും കാറും കവർന്നു. മലപ്പുറം മേലാറ്റൂർ സ്വദേശികളായ മുഹമ്മദ് ആസിഫ് (40), മുഹമ്മദ് ഷാഫി (38), ഇബിനു വഹ (24) എന്നിവർക്കാണു ആക്രമണത്തിൽ പരുക്കേറ്റത്. 

ഇവരിൽ നിന്ന് കവർന്നതു കുഴൽപ്പണമാണെന്ന് സംശയിക്കുന്നതായും ആക്രമണത്തിനും കവർച്ചയ്ക്കും പിന്നിൽ ദേശീയപാത കേന്ദ്രീകരിച്ചുള്ള കുഴൽപ്പണ കവർച്ചാ സംഘമാണെന്നാണ് നിഗമനമെന്നും സബ് ഇൻസ്പെക്ടർ എൻ.എസ്. രാജീവ് പറഞ്ഞു.

ശനിയാഴ്ച പുലർച്ചെ മൂന്നരയോടെ ദേശീയപാത പുതുശേരി കുരുടിക്കാടാണ് കവർച്ച നടന്നത്. ബംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന കാർ യാത്രക്കാരെ ടിപ്പർ ലോറി റോഡിനു കുറുകെയിട്ടാണു തടഞ്ഞത്. പിന്നാലെ രണ്ട് കാറുകളിലായെത്തിയ 15 അംഗം സംഘം മാരകായുധങ്ങളുമായി മൂവരെയും ആക്രമിച്ചു. ഒരു കാറിലേക്ക് മൂന്ന് പേരെയും പിടിച്ചു കയറ്റി.

ഇവർ സഞ്ചരിച്ച കാറും ആക്രമി സംഘം കൈക്കലാക്കി. പിന്നീട് തൃശൂർ മാപ്രാണം ഭാഗത്ത്‌ എത്തിയപ്പോൾ മൂവരെയും റോഡിലേക്കു തള്ളിയിട്ടു. അര കിലോമീറ്റർ അകലെ കാർ ഉപേക്ഷിച്ച കവർച്ച സംഘം വന്ന കാറുകളിൽ തന്നെ മടങ്ങിപ്പോയി. 

കാറിന്റെ പിൻ സീറ്റുകളും ഡാഷ് ബോർഡും തകർത്താണ് പണം കൈക്കലാക്കിയത്. ശനിയാഴ്ച രാത്രിയോടെയാണ് കാർ യാത്രക്കാർ പരാതിയുമായി കസബ പൊലീസ് സ്റ്റേഷനലെത്തിയത്.

സിസിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്. വാളയാർ ടോൾപ്ലാസയിലെയും ദേശീയപാതയിലെയും സിസിടിവി ക്യാമറകളിൽനിന്നും ആക്രമി സംഘം എത്തിയ കാറിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും നമ്പറുകൾ വ്യാജമായിരുന്നെന്നാണു വിവരം.

പരുക്കേറ്റ മൂന്ന് പേരും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. എഎസ്പി എ.ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എൻ.എസ്. രാജീവ്, എസ്ഐ ആർ.രാജേഷ് എന്നിവരടങ്ങിയ സംഘമാണു കേസ് അന്വേഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.