ലോക യുവത്വത്തിന്റെ ഹൃദയം കീഴടക്കി ഫ്രാൻസിസ് മാർപ്പാപ്പ; പാട്ടും ഡാൻസും 'പാപ്പാ ഫ്രാൻസിസ്കോ' വിളികളുമായി ആർത്തുല്ലസിച്ച് യുവജനങ്ങൾ

ലോക യുവത്വത്തിന്റെ ഹൃദയം കീഴടക്കി ഫ്രാൻസിസ് മാർപ്പാപ്പ; പാട്ടും ഡാൻസും 'പാപ്പാ ഫ്രാൻസിസ്കോ' വിളികളുമായി ആർത്തുല്ലസിച്ച് യുവജനങ്ങൾ

ലിസ്ബൺ: 'പ്രിയപ്പെട്ട യുവാക്കളേ ഈ ദിവസങ്ങളിൽ ദൈവത്തിന്റെ സ്‌നേഹ നിർഭരമായ വിളിയുടെ ഊർജ്ജസ്വലമായ പ്രതിധ്വനികൾ മുഴങ്ങട്ടെ. ദൈവത്തിന്റെ ദൃഷ്ടിയിൽ നാം വിലപ്പെട്ടവരാണ്. ദൈവത്തിന്റെ ഹൃദയം നിങ്ങൾക്കായി പ്രത്യേകമായി സ്പന്ദിക്കുന്നു. കർത്താവ് വിരൽ ചൂണ്ടുന്നില്ല മറിച്ച് തന്റെ കരങ്ങൾ തുറന്നു പിടിക്കുന്നു. നമ്മെ എല്ലാവരെയും ആശ്ലേഷിക്കുന്നു. യേശു ഒരിക്കലും വാതിൽ അടയ്ക്കുന്നില്ല, വാതിൽ തുറന്ന് നമ്മെ സ്വീകരിക്കുന്നു' ലോക യുവജന സമ്മേളനത്തിനായി പോർച്ചു​ഗലിലെത്തിയ ദശലക്ഷക്കണക്കിന് യുവജനങ്ങളോട് സംസാരിക്കുകയായിരുന്നു മാർപ്പാപ്പ.

യേശു നിങ്ങൾക്കായി ഒരുക്കിവെച്ചിരിക്കുന്ന ഒരു സന്തോഷമുണ്ട്. അത് ലഭിക്കുന്നത് ജീവിതത്തെ അതിജീവിക്കുന്നതിലൂടെയാണ് ദൈവത്തിന്റെ ദൃഷ്ടിയിൽ നമ്മൾ വിലയേറിയ കുട്ടികളാണ്. നമ്മെ ആശ്ലേഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അതുല്യവും യഥാർത്ഥവുമായ അമൂല്യ വസ്തു ആക്കുന്നതിനും വേണ്ടിയാണ് യേശു ഓരോ ദിവസവും നമ്മെ വിളിക്കുന്നെന്ന് ലിസ്ബണിലെ എഡ്വാർഡോ ഏഴാമൻ പാർക്കിൽ ഒരുമിച്ചു കൂടിയ യുവജനങ്ങളോട് പാപ്പ പറഞ്ഞു.

പതാക വീശി സ്നേഹം പ്രകടിപ്പിച്ചാണ് യുവജനത മാർപ്പാപ്പയുടെ വാക്കുകൾ ഏറ്റെടുത്തത്. സഭയെന്ന നിലയിൽ നാം വിളിക്കപ്പെട്ടവരുടെ സമൂഹമാണ്. എന്നാൽ ഏറ്റവും മികച്ചവരുടെ സമൂഹമല്ല. നാമെല്ലാവരും പാപികളാണ്. നാമെങ്ങനെയാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്നതിനെക്കുറിച്ച് നമുക്ക് നമ്മുടെ ഹൃദയത്തിൽ അൽപ്പം ചിന്തിക്കാം. നമുക്കുള്ള പ്രശ്‌നങ്ങൾ, പരിമിതികൾ ഇതെല്ലാം മറികടന്നാണ് ദൈവം നമ്മെ വിളിക്കുന്നത്. അതും കവിഞ്ഞൊഴുകുന്ന സന്തോഷത്തോടെ. നാം എല്ലാവരും യേശുവിന്റെ സഹോദരീ സഹോദന്മാരും ഒരു പിതാവിന്റെ മക്കളുമാണെന്നും പാപ്പ കൂട്ടിച്ചേർത്തു.

ഈ ഒത്തുചേരൽ സാധ്യമാക്കാൻ രാപ്പകൽ പ്രവർത്തിച്ചവർക്ക് കരഘോഷത്തോടെ നമുക്ക് നന്ദി പറയാം. എല്ലാറ്റിനുമുപരിയായി നമ്മെ വിളിച്ചത് യേശുവാണ്. മറ്റൊരു കരഘോഷത്തോടെ നമുക്ക് യേശുവിന് നന്ദി പറയാമെന്ന് പറഞ്ഞാണ് പാപ്പ പ്രസം​ഗം അവസാനിപ്പിച്ചത്.

വേദിയിലേക്കെത്തിയ പാപ്പായെ "പാപ്പാ ഫ്രാൻസിസ്കോ" എന്ന് വിളിച്ച് സ്നേഹാദരങ്ങളോടെയാണ് യുവ ജനത സ്വീകരിച്ചത്. പാട്ടും നൃത്തവുമൊക്കെയായി ഏകദേശം രണ്ട് മണിക്കൂർ നീണ്ടു നിന്ന പരിപാടിയിൽ പാപ്പ ഇടക്ക് അവശനായി കാണപ്പെട്ടെങ്കിലും ഉത്സാഹത്തോടെ സംസാരിക്കുകയും അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു. ലോക യുവജന ദിന കുരിശും ഔവർ ലേഡി സാലസ് പോപ്പുലി റൊമാനിയുടെ ചിഹ്നവും വഹിച്ചുള്ള ഘോഷയാത്രയിലും നിരവധി ആളുകൾ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.