മാനന്തവാടി: മികച്ച സാമൂഹ്യ സേവനത്തിന് ന്യൂസ് 18 നല്‍കുന്ന 'സ്ത്രീ രത്‌നം' പുരസ്‌കാരം സിസ്റ്റേഴ്‌സ് ഓഫ് മേഴ്‌സി സ്ഥാപക സിസ്റ്റര്‍ റോസിലിന്‍ ചിറായിലിന്. കഴിഞ്ഞ 20 വര്‍ഷമായി തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവരും നിരാലംബരും മാനസിക വെല്ലുവിളികള്‍ നേരിടുന്നവരും ആയ സ്ത്രീകളെയും അവരുടെ മക്കളെയും സംരക്ഷിച്ചു ചെയ്യുന്ന ശുശ്രൂഷയാണ് സിസ്റ്റര്‍ റോസിലിനെ അവാര്‍ഡിന് അര്‍ഹയാക്കിയത്.
ഒരിക്കല്‍ സിസ്റ്റര്‍ റോസിലിന്‍ തിരുവനന്തപുരം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം സന്ദര്‍ശിക്കാന്‍ ഇടയായി. അവിടെ രോഗം ഭേദമായിട്ടും ആരും ഏറ്റെടുക്കാനില്ലാതെയും എങ്ങോട്ടും പോകാന്‍കഴിയാത്തവരുമായവരെ കണ്ടു. അത് സിസ്റ്ററിന്റെ ജീവിതത്തില്‍ വലിയ മാറ്റം വരുത്തി. മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍ എടക്കര കരിനെച്ചിയില്‍ ചിറായില്‍ സി.ജെ ജോണ്‍ ത്രേസ്യാമ്മ ദമ്പതികളുടെ ഏഴുമക്കളില്‍ മൂത്ത പുത്രിയാണ് റോസിലിന്‍. പൊതു പ്രവര്‍ത്തകനായ പിതാവിന്റെ സഹജീവികളോടൊള്ള അളവറ്റ സ്നേഹം കണ്ട് വളര്‍ന്ന റോസിലിന്‍ അനാഥര്‍ക്കും ആലംബഹീനര്‍ക്കും അത്താണി ആവുക എന്നുള്ള തന്റെ പിതാവിന്റെ ജീവിതാദര്‍ശം സ്വന്തം ജീവിതത്തിലും പകര്‍ത്തുകയായിരുന്നു.
കലാ-കായിക മേഖലയില്‍ മികവ് പുലര്‍ത്തിയ റോസിലിന്‍ ജീവകാരുണ്യ-മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കായി ജീവാര്‍പ്പണം ചെയ്യുവാന്‍ ഏറെ താല്‍പര്യം കാണിച്ചു. ഈ ഉള്‍വിളിയെ ഉള്‍കൊള്ളാന്‍ മാതാപിതാക്കള്‍ ആരംഭത്തില്‍ വൈമനസ്യം കാണിച്ചെങ്കിലും മകളുടെ നിശ്ചയദാര്‍ഢ്യത്തിന് വഴങ്ങുകയായിരുന്നു. അങ്ങനെ പ്രീഡിഗ്രി വിദ്യാഭ്യാസത്തിന് ശേഷം കേരളത്തിലെ ആദ്യത്തെ മിഷനറി സന്യാസിനി സമൂഹത്തില്‍ അംഗമായി.
സിസ്റ്റര്‍ റോസിലിന്‍ ഡല്‍ഹി ഓള്‍ ഇന്‍ഡ്യ ഇന്‍സ്റ്റ്യറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്ന് നഴ്സിങ് പഠനം പൂര്‍ത്തിയാക്കി. ഉത്തരേന്ത്യയിലെ പല പിന്നോക്ക ഗ്രാമങ്ങളിലും ആദിവാസി മേഖലകളിലും സഭയുടെ മുംബൈ, പഞ്ചാബ്, ഛാന്ദാ തുടങ്ങിയ മിഷന്‍ കേന്ദ്രങ്ങളുടെ കീഴില്‍ കാശ്മീര്‍ ഉള്‍പ്പെടെയുള്ള മേഖലയില്‍ സേവനം അനുഷ്ടിച്ചു.
കേരളത്തില്‍ തിരികെയെത്തിയ സിസ്റ്റര്‍ ആതുരശുശ്രൂഷ രംഗത്ത് നിസീമമായ സേവനം അനുഷ്ടിച്ചു. തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രം, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രം, തിരുവനന്തപുരം മെഡിക്കല്‍ കോളജ് എന്നിവ സിസ്റ്ററിന്റെ സേവന രംഗങ്ങളായിരുന്നു. നിരാലംബരും നിരാശരും നിസഹായവരുമായവരെ സംരക്ഷിക്കാനും ശുശ്രൂഷിക്കാനുമുള്ള ആഗ്രഹത്തോടെ വിവിധ ജീവകാരുണ്യസ്ഥാപനങ്ങളില്‍ സേവനം അനുഷ്ടിച്ചു. അതിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങള്‍, ആതുര കേന്ദ്രങ്ങള്‍, പുനരധിവാസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് അവിടുത്തെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.
എത്രയധികം മനോരോഗികളായ സ്ത്രീകള്‍ യാതൊരു സുരക്ഷിതത്വവും ഇല്ലാതെ തെരുവോരങ്ങളില്‍ കഴിഞ്ഞുകൂടുകയും പീഡനങ്ങള്‍ ഏറ്റ് വാങ്ങുകയും അചഛനില്ലാത്ത കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്യുന്നു എന്നത് തന്റെ ഉള്ളിലെ സമര്‍പ്പണത്തെ സാക്ഷാത്ക്കരിക്കുന്ന നിശ്ചയത്തെ കൂടുതല്‍ ദൃഢമാക്കി. മനസിന്റെ താളം തെറ്റി തെരുവില്‍ സ്ത്രീകളാരും അലഞ്ഞു തിരിഞ്ഞു ഒറ്റപ്പെടലുകളും ദുരനുഭവങ്ങളും ഏറ്റുവാങ്ങരുതെന്നും അവരെ സംരക്ഷിക്കണമെന്നും ഉള്ള ആഗ്രഹം സിസ്റ്റര്‍ റോസിലിന്റെ മനസില്‍ ഉടലെടുത്തു. ഇക്കാര്യം വീട്ടുകാരുമായി പങ്ക് വെച്ചു. ഇക്കാര്യത്തില്‍ പലയിടത്തു നിന്നും വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നു. എന്നാല്‍ തന്റെ തീരുമാനത്തില്‍ സിസ്റ്റര്‍ റോസിലിന്‍ ഉറച്ച് നിന്നു. ഒടുവില്‍ തുടര്‍ന്ന് വരുന്ന കഷ്ടതകളും ബുദ്ധിമുട്ടുകളും സ്വയം ഏറ്റെടുക്കാന്‍ തയ്യാറാണ് എങ്കില്‍ സഭയുടെയും മറ്റ് അധികൃതരുടെയും അനുവാദത്തോട് കൂടി ആഗ്രഹം സാക്ഷാത്കരിക്കുവാന്‍ വീട്ടുകാര്‍ സമ്മതം മൂളി.
മാനസികാരോഗ്യം നഷ്ടപ്പെട്ട് ആരും കരുതാനില്ലാതെ തെരുവുകളില്‍ അലഞ്ഞുതിരിഞു നടക്കുന്ന സഹോദരിമാര്‍ക്കും അമ്മമാര്‍ക്കും അഭയം നല്‍കി സംരക്ഷിച്ച് പുനരധിവസിപ്പിക്കുക എന്ന ദൗത്യം ഏറ്റെടുത്ത് സിസ്റ്റര്‍ റോസിലിന്‍ 2002 സെപ്റ്റംബര്‍ 26 ന് മൂന്ന് അന്തേവാസികളുമായി കൊല്ലം ജില്ലയിലെ കിഴക്കന്‍ പ്രദേശമായ പത്തനാപുരം താലൂക്കില്‍ വിളക്കുടിയില്‍ സ്നേഹതീരം ആരംഭിച്ചു. സഹോദരങ്ങള്‍ ചേര്‍ന്നാണ് 14 സെന്റ് സ്ഥലവും പഴയ ഓടിട്ട കെട്ടിടവും വാങ്ങി നല്‍കിയത്. മതിയായ സൗകര്യമില്ലാതെ വാസയോഗ്യമല്ലാത്തതിനാല്‍ അതിനോട് ചേര്‍ന്ന വീടും സ്ഥലവും കൂടി വാടകയ്ക്കെടുത്താണ് സ്ഥാപനം ആരംഭിച്ചത്. വാടകയ്ക്ക് എടുത്ത 42 സെന്റ് സ്ഥലവും വീടും പിന്നീട് സഹോദരങ്ങള്‍ വാങ്ങി നല്‍കി. വിശാല മനസ്‌കരും കരുണാനിധികളുമായ പൊതുജനങ്ങളുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ കൊണ്ടാണ് സ്നേഹതീരത്തിന്റെ ദൈനം ദിനപ്രവര്‍ത്തനങ്ങള്‍ നടന്നു പോകുന്നത്.
സ്നേഹതീരം ചാരിറ്റബിള്‍ സൊസൈറ്റി
മനോനിലതെറ്റിയത് മൂലം സമൂഹം ഒറ്റപ്പെടുത്തിയവരെയും, കുടുംബബന്ധങ്ങളില്‍ നിന്ന് തള്ളപ്പെട്ടവരെയും, ശാരീരികമായും മാനസികമായും ആത്മിയമായും പ്രാപ്തരാക്കി സാമൂഹ്യ പുരോഗതിയില്‍ അധിഷ്ടിതമായി സ്വയം തൊഴിലിന് ഉള്‍പ്പെടെ പരിശീലനം നല്‍കി പുനരധിവസിപ്പിക്കുക എന്ന ദൗത്യത്തോടെ സമാന ആശയമുള്ളവരെ സംഘടിപ്പിച്ച് സിസ്റ്റര്‍ റോസിലിന്റെ നേതൃത്വത്തില്‍ സ്നേഹതീരം ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചു. ഇതുവരെയായി ഏകദേശം 600 ലധികം നിരാലംബരായ സ്ത്രീകള്‍ക്ക് സ്നേഹതീരം അഭയം നല്‍കി ചികിത്സയും പരിചരണവും നല്‍കി പുനരധിവസിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം സുഖമാകുന്നവരെ ബന്ധുക്കളെ കണ്ടെത്തി സ്വന്തം നാട്ടിലേക്കയക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സിസ്റ്റര്‍ റോസിലിന്‍ നേതൃത്വം കൊടുക്കുന്നു.
കരുണയുടെ സഹോദരിമാര്‍ (സിസ്റ്റേഴസ് ഓഫ് മേഴ്സി)
മനസിന്റെ സമനിലതെറ്റി ബന്ധുക്കളാല്‍ ഉപേക്ഷിക്കപ്പെട്ടും നിരാലംബരും നിരാശരുമായി സമൂഹത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന സഹോദരിമാരേ സംരക്ഷിക്കുക എന്ന ആഗ്രഹത്തില്‍ തുടങ്ങിയ പ്രവര്‍ത്തനം സിസ്റ്റര്‍ റോസിലിന്റെ കാലശേഷവും തുടരുവാന്‍ പാവങ്ങളോട് കരുണയും സ്നേഹവും ശുശ്രൂഷാ മനോഭാവവും ഉള്ള സഹോദരിമാരെ കണ്ടെത്തി ചങ്ങനാശേരി അതിരൂപതാ മെത്രാപൊലീത്ത മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ അനുമതിയോടു കൂടി സിസ്റ്റര്‍ റോസിലിന്‍ സിസ്റ്റേഴ്സ് ഓഫ് മേഴ്സി സന്യാസിനി സമൂഹം 2010 ല്‍ സ്ഥാപിച്ചു.
സിസ്റ്റര്‍ റോസിലിന്റെ നേതൃത്വത്തില്‍ വിദഗ്ദരായ ഡോക്ടര്‍മാരുടെയും സൈക്ക്യാട്രിക്ക് സോഷ്യല്‍വര്‍ക്കേഴ്സിന്റെയും നഴ്സുമാരുടെയും സഹായത്തോടു കൂടി ചികിത്സയും സൈക്കോതെറാപ്പി, കൗണ്‍സിലിങ് എന്നിവയും നല്‍കി വരുന്നു. ഇതിലൂടെ ഇവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് അവരെകൊണ്ട് തന്നെ പരിഹാരം കണ്ടെത്തുവാനും സ്വന്തം ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുവാനും സാധിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.