അഴിമതിക്കേസ്: ഇമ്രാന്‍ ഖാന് മൂന്നു വര്‍ഷം തടവ്; തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അഞ്ച് വര്‍ഷത്തേക്ക് വിലക്ക്

അഴിമതിക്കേസ്: ഇമ്രാന്‍ ഖാന് മൂന്നു വര്‍ഷം തടവ്; തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അഞ്ച് വര്‍ഷത്തേക്ക് വിലക്ക്

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി ചെയര്‍മാനുമായ ഇമ്രാന്‍ ഖാന് അഴിമതിക്കേസില്‍ മൂന്നു വര്‍ഷം തടവ് ശിക്ഷ. പ്രധാനമന്ത്രിയായിരുന്ന കാലത്ത് രാജ്യത്തിന് ലഭിച്ച പാരിതോഷികങ്ങള്‍ വിറ്റെന്ന കേസിലാണ് (തോഷഖാന കേസ്) കോടതി വിധി. ഇതോടെ ഇമ്രാന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അഞ്ച് വര്‍ഷത്തേക്ക് വിലക്കു വരും.

തടവു ശിക്ഷയ്ക്ക് പുറമേ ഇമ്രാന്‍ ഒരു ലക്ഷം രൂപ പിഴ ഒടുക്കണമെന്നും അഡീഷനല്‍ ജഡ്ജി ഹൂമയൂണ്‍ ദിലാവാര്‍ വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ ആറു മാസം കൂടി ജയില്‍ ശിക്ഷ അനുഭവിക്കണം. കോടതി വിധി വന്നതിന് പിന്നാലെ ഇമ്രാനെ അറസ്റ്റ് ചെയ്ത് ജയിലിലേക്കു മാറ്റി.

പാകിസ്ഥാന്‍ ഇലക്ഷന്‍ കമ്മിഷന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. നേരത്തെ ഇതേ വിഷയം ചൂണ്ടിക്കാട്ടി ഇലക്ഷന്‍ കമ്മിഷന്‍ ഇമ്രാന് അയോഗ്യത ഏര്‍പ്പെടുത്തിയിരുന്നു. സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നായിരുന്നു തിരഞ്ഞെടുപ്പു കമ്മിഷന്റെ കണ്ടെത്തല്‍.

ഭരണാധികാരികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ലഭിക്കുന്ന പാരിതോഷികങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള വകുപ്പാണ് തോഷഖാന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.