വ്യാജ വാട്സാപ്പ് അക്കൗണ്ട് നിര്‍മ്മിച്ച് പണം തട്ടിപ്പ് ; നാല് അന്യസംസ്ഥാന സ്വദേശികളെ കൊച്ചി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു

വ്യാജ വാട്സാപ്പ് അക്കൗണ്ട് നിര്‍മ്മിച്ച് പണം തട്ടിപ്പ് ; നാല് അന്യസംസ്ഥാന സ്വദേശികളെ കൊച്ചി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: വ്യാജ വാട്സാപ്പ് അക്കൗണ്ട് നിര്‍മ്മിച്ച് എറണാകുളം സ്വദേശിയില്‍ നിന്നും 42 ലക്ഷം രൂപ തട്ടിയെടുത്ത നാല് ഉത്തര്‍പ്രദേശ് സ്വദേശികളെ കൊച്ചി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. വിപിന്‍ കുമാര്‍ മിശ്ര (22), ധീരജ് കുമാര്‍ (35), ഉമ്മത്ത് അലി (26), സാക്ഷി മൗലി രാജ് (27) എന്നിവരാണ് പ്രതികള്‍.

എറണാകുളം സ്വദേശിയും പ്രമുഖ ബില്‍ഡിങ് കമ്പനിയുടെ ചീഫ് ഫിനാഷ്യല്‍ ഓഫീസറായ പരാതിക്കാരന്‍ ജോലി ചെയ്യുന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടറുടെ ഫോട്ടോ ഉപയോഗിച്ച് ഉണ്ടാക്കിയ വ്യാജ വാട്സാപ്പ് അക്കൗണ്ടില്‍ നിന്നും മെസേജ് അയച്ച് ബിസിനസ് സംബന്ധമായി അടിയന്തിരമായി 42 ലക്ഷത്തോളം രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുവാന്‍ പറഞ്ഞ് പണം തട്ടിയെടുത്ത പ്രതികളെ ഉത്തര്‍ പ്രദേശിലെ ബഹറായിച്ച്, സാന്ത കബീര്‍ എന്നിവടങ്ങളില്‍ നിന്ന് കൊച്ചി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.

മെസേജിനെ തുടര്‍ന്ന് പരാതിക്കാരന്‍ എംഡിയെ വാട്സാപ്പ് കോളില്‍ വിളിക്കുന്നതിന് ശ്രമിച്ചെങ്കിലും കോള്‍ കട്ട് ചെയ്യുകയും തിരക്കിലായതിനാല്‍ പിന്നീട് വിളിക്കാമെന്ന് മെസേജ് അയക്കുകയും, ഉടന്‍ തന്നെ പണം അയക്കുവാന്‍ ആവശ്യപ്പെടുകയുമായിരുന്നു. സമാനമായ രീതിയില്‍ നിരവധി കുറ്റകൃത്യങ്ങള്‍ ഇപ്പോള്‍ നടന്നു വരുമ്പോഴാണ് ഇത്തരത്തില്‍ പണം തട്ടുന്ന നാലു പേരടങ്ങുന്ന സംഘത്തെ കൊച്ചി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ആധാര്‍ ഡിജിറ്റല്‍ സേവാ കേന്ദ്രം നടത്തുന്ന ഒന്നാം പ്രതി തന്റെ കടയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വരുന്നവരുടെ അക്കൗണ്ട്, ഫോണ്‍ നമ്പര്‍ എന്നിവ കൂടാതെ എടിഎം കാര്‍ഡും കൈക്കലാക്കും. ഇവരുടെ പണം തട്ടിയെടുത്ത്, വിവിധ സ്ഥലങ്ങളിലെ എടിഎം വഴി പിന്‍വലിച്ചെടുക്കുന്നതാണ് പ്രതികളുടെ രീതി. ഇങ്ങനെ ലഭിക്കുന്ന പണം വീതിച്ചെടുത്ത് ആഢംബര ജീവിതം നയിച്ചുവരികയായിരുന്നു പ്രതികള്‍.

2023 ജൂണ്‍ ഒന്നാം തീയതി രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളുപയോഗിക്കുന്ന മൊബൈല്‍ നമ്പരുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഐഎംഇഐ വിവരങ്ങളും സിസിടിവി ഫുട്ടേജുകളും ശേഖരിച്ച് അന്വേഷണം നടത്തിയതില്‍ ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍, ഖുഷി നഗര്‍ എന്നിവടങ്ങളില്‍ നിന്നാണ് പണം പിന്‍വലിക്കുന്നതെന്ന് കണ്ടെത്തി.

കൂടാതെ ഫോണ്‍ നമ്പരുകളുടെ ലൊക്കേഷനുകള്‍ പ്രധാനമായും ബഹറായിച്ച്, സാന്ത കബീര്‍ എന്നീ ജില്ലകളിലാണെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഈ ജില്ലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.