കൊച്ചി: അഴിമതി നിരോധന നിയമ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന വിജിലന്‍സിന് കേസെടുക്കാമെന്ന് ഹൈക്കോടതി. തലയോലപ്പറമ്പ് പഞ്ചായത്തിലെ ഭവന നിര്‍മ്മാണ അഴിമതിയില്‍ പ്രതിയായ ബാങ്ക് ഉദ്യോഗസ്ഥരെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയ കോട്ടയം വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സര്‍ക്കാര്‍ അപ്പീലിലാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്.
കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കേസില്‍ നിന്നും ഒഴിവാക്കിയ കോട്ടയം വിജിലന്‍സ് കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി ഉദ്യോഗസ്ഥരോട് വിചാരണ നേരിടാന്‍ ഉത്തരവിട്ടു.
കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേന്ദ്ര ഏജന്‍സിയായ സിബിഐയ്ക്ക് മാത്രമേ അന്വേഷണത്തിന് അധികാരമുള്ളൂവെന്ന വാദം തെറ്റാണെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി. അഴിമതി നിരോധന നിയമപ്രകാരവും അതുമായി ബന്ധപ്പെട്ട ഐപിസി ആക്റ്റും ഉപയോഗിച്ച് കേസ് എടുക്കാം. കേസ് റജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് വിജിലന്‍സ് മാനുവല്‍ തടസമില്ല.
സംസ്ഥാന വിജിലന്‍സ് മാനുവല്‍ കേസ് അന്വേഷണത്തിനുള്ള മാര്‍ഗ നിര്‍ദേശം മാത്രമാണ്. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ക്ക് മാത്രമേ കേസെടുക്കാനാവൂ എന്ന് നിയമമില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ഉദ്യോഗസ്ഥര്‍ അഴിമതി നടത്തിയാല്‍ കേസ് എടുക്കാന്‍ വിജിലന്‍സ് മാനുവലില്‍ പറയുന്നില്ലെന്നും സിബിഐയെ അറിയിക്കുകയാണ് വേണ്ടതെന്നും വ്യക്തമാക്കിയായിരുന്നു വിചാരണ കോടതി പ്രതികളെ ഒഴിവാക്കിയത്.
ഭവന പദ്ധതിയില്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കേണ്ട ഒരു ലക്ഷത്തി എണ്‍പത്തയ്യായിരം രൂപ നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഗ്രാമസേവിക തിരിമറി നടത്തിയെന്നായിരുന്നു കേസ്. കേസില്‍ ബാങ്ക് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്തായിരുന്നു വിജിലന്‍സിന്റെ കുറ്റപത്രം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.