ജോലിക്കിടെ മലയാളി മുങ്ങല്‍ വിദഗ്ധനെ ഫുജൈറയിലെ കടലില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

ജോലിക്കിടെ മലയാളി മുങ്ങല്‍ വിദഗ്ധനെ ഫുജൈറയിലെ കടലില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

ഫുജൈറ: കപ്പലിന്റെ അടിത്തട്ട് വൃത്തിയാക്കുന്ന ജോലികള്‍ക്കിടെ മലയാളി മുങ്ങല്‍ വിദഗ്ധനെ ഫുജൈറയിലെ കടലില്‍ കാണാതായി. തൃശൂര്‍ അടാട്ട് സ്വദേശി അനില്‍ സെബാസ്റ്റ്യനെ (32)യാണ് കാണാതായത്.

കടലില്‍ നങ്കൂരമിടുന്ന കപ്പലുകളുടെ അടിത്തട്ടിന്റെ ഉള്ളില്‍ കയറി വൃത്തിയാക്കുന്ന അതിസാഹസിക ജോലിയില്‍ സൂപ്പര്‍ വൈസറായിരുന്നു അനില്‍. അപകടം നിറഞ്ഞ ഈ ജോലിയില്‍ വിദഗ്ധരായ ഡൈവര്‍മാര്‍ക്ക് മാത്രമാണ് അനുമതി ലഭിക്കുക.

കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി ഡൈവിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന അനില്‍ ഇന്ത്യയിലെ മികച്ച മുങ്ങല്‍ വിദഗ്ധരില്‍ ഒരാളാണ്. ജോലിയുടെ ഭാഗമായി കഴിഞ്ഞ ഞായറാഴ്ചയാണ് അനില്‍ കപ്പലിന്റെ അടിത്തട്ടില്‍ പ്രവേശിച്ചത്. ഒപ്പം ജോലിക്കുണ്ടായിരുന്നവര്‍ക്ക് പ്രവൃത്തി പരിചയം കുറവായതു കൊണ്ടാണ് അനില്‍ തന്നെ ജോലി ഏറ്റെടുത്ത് ചെയ്യുകയായിരുന്നു.

നിശ്ചിത സമയം കഴിഞ്ഞിട്ടും അനില്‍ മുകളിലേക്ക് തിരിച്ചെത്താത്ത സാഹചര്യത്തില്‍ കപ്പല്‍ അധികൃതര്‍ ഫുജൈറ പൊലീസിന്റെ സഹായം തേടി. മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള ഏരിസ് മറൈന്റെ കപ്പലിലാണ് അനില്‍ അകപ്പെട്ടതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. പൊലീസിലെ മുങ്ങല്‍ വിദഗ്ധരും ഫുജൈറ കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് തിരിച്ചില്‍ നടത്തുകയാണ്.

അനിലിന്റെ ശരീരത്ത് ഘടിപ്പിച്ചിരിക്കുന്ന ഓക്‌സിജന്‍ സിലിണ്ടറാണ് ജീവന്‍ നിലനിര്‍ത്താനുള്ളത്. ഉള്ളിലേക്ക് വലിച്ചടുപ്പിക്കാന്‍ ശക്തിയുള്ള ഏതെങ്കിലും യന്ത്രത്തിന്റെ പ്രവര്‍ത്തനം, കപ്പലിന്റെ ഉള്ളില്‍ എവിടെയെങ്കിലും ശരീരം കുടുങ്ങുക, വല പോലെയുള്ള ഏതെങ്കിലും വസ്തുവില്‍ പെട്ടുപോവുക തുടങ്ങിയവയാണ് കപ്പലിന്റെ അടിത്തട്ടായ ഹള്ളില്‍ പതിയിരിക്കുന്ന അപകടങ്ങള്‍. ഇതിലേതെങ്കിലും ഒന്ന് അനിലിനു സംഭവിച്ചോ എന്നതാണ് ആശങ്ക.

അനില്‍ കപ്പലിന്റ ഏതു ഭാഗത്താണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. റിമോര്‍ട്ട്ലി ഓപ്പറേറ്റഡ് അണ്ടര്‍ വാട്ടര്‍ വെഹിക്കിള്‍ (ആര്‍ഒവി) എത്തിച്ചുള്ള തിരച്ചിലാണ് നടത്തുന്നത്. ഭാര്യ ടെസിയോടും നാല് വയസുള്ള മകളോടുമൊപ്പമാണ് അനില്‍ ഫുജൈറയില്‍ താമസിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.