'മണിപ്പൂരിനെപ്പറ്റി ഒരക്ഷരം മിണ്ടിയില്ല'; 2024 ലും ബിജെപിക്ക് റെക്കോര്‍ഡ് വിജയമുണ്ടാകുമെന്ന് സഭയില്‍ വീമ്പിളക്കി പ്രധാനമന്ത്രി

'മണിപ്പൂരിനെപ്പറ്റി ഒരക്ഷരം മിണ്ടിയില്ല'; 2024 ലും ബിജെപിക്ക് റെക്കോര്‍ഡ് വിജയമുണ്ടാകുമെന്ന് സഭയില്‍ വീമ്പിളക്കി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ സഭയില്‍ ഇന്നും ഒരക്ഷരം മിണ്ടാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് ലോക്‌സഭയില്‍ മറുപടി നല്‍കിയെങ്കില്ലും മണിപ്പൂര്‍ വിഷയത്തില്‍ മൗനം വെടിഞ്ഞില്ല. അവിശ്വാസം കൊണ്ടുവന്ന പ്രതിപക്ഷത്തിന് നന്ദിയെന്നു പറഞ്ഞാണ് മോഡി തുടങ്ങിയത്. ഇത് സര്‍ക്കാരിന്റെ പരീക്ഷണമല്ലെന്നും പ്രതിപക്ഷത്തിന്റെ പരീക്ഷണമാണെന്നും മറ്റുമുള്ള വാചകമടിയായിരുന്നു മറുപടിയില്‍ ആദ്യാവസാനം ഉണ്ടായിരുന്നത്.

തയ്യാറെടുപ്പോടെ വന്നുകൂടെയെന്ന് രാഹുല്‍ ഗാന്ധിയെ പരോക്ഷമായി പരിഹസിക്കുകയും ചെയ്തു മോഡി.
ഇന്ത്യയിലെ ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസം ഉണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തോട് ജനങ്ങള്‍ അവിശ്വാസം കാണിച്ചു. 2024 ല്‍ ബിജെപിക്ക് റെക്കോര്‍ഡ് വിജയം ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നതിനെ ദൈവത്തിന്റെ അനുഗ്രഹമായാണ് കാണുന്നത്.

'മുന്‍കാല റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത് എന്‍ഡിഎയും ബിജെപിയും വന്‍ വിജയത്തോടെ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് പ്രതിപക്ഷത്തിന് തന്നെ മനസിലായതായി എനിക്ക് അവരില്‍ നിന്ന് വായിച്ചെടുക്കാന്‍ സാധിക്കുന്നുണ്ട്. ജനങ്ങളുടെ പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് മോഡി പറഞ്ഞു. ദൈവം വളരെ ദയയുള്ളവനാണ്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ് പ്രതിപക്ഷം ഈ പ്രമേയം കൊണ്ടുവന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. 2018 ലെ അവിശ്വാസ പ്രമേയത്തിനിടെ ഇത് ഞങ്ങള്‍ക്കുള്ള ഫ്ളോര്‍ ടെസ്റ്റ് അല്ല എന്ന് ഞാന്‍ പറഞ്ഞിരുന്നു. അവര്‍ക്കുള്ള ഫ്ളോര്‍ ടെസ്റ്റാണ്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അവര്‍ പരാജയപ്പെട്ടവെന്നും' മോഡി പറഞ്ഞു.

പ്രതിപക്ഷത്തിന് അധികാരത്തോട് ആര്‍ത്തിയാണ്. പാവപ്പെട്ടവരെ കുറിച്ച് ചിന്തയില്ല. പ്രതിപക്ഷത്തിന്റെ അടുപ്പക്കാര്‍ക്ക് പോലും അവരുടെ പ്രസംഗത്തില്‍ സന്തോഷമില്ല. അഴിമതി പാര്‍ട്ടികള്‍ ഒന്നായിരിക്കുന്നു. കേരളത്തിലെ എംപിമാര്‍ ഫിഷറീസ് ബില്ലിനെ പോലും പരിഗണിച്ചില്ലെന്നാണ് മോഡിയുടെ വിമര്‍ശനം. അധിര്‍ രഞ്ജന്‍ ചൗധരി നല്ല അവസരം പാഴാക്കിയെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

പ്രതിപക്ഷത്തിന് രാജ്യത്തേക്കാള്‍ വലുത് പാര്‍ട്ടിയാണ്. എന്നാല്‍ രാജ്യത്തെ വികസനവും ജനങ്ങളുടെ സ്വപ്ന സാക്ഷാത്കാരവുമാണ് ബിജെപിയുടെ ലക്ഷ്യം. കൊല്‍ക്കത്തയില്‍ നിന്ന് ഫോണ്‍ വന്നതോടെ അധിര്‍ രഞ്ജന്‍ ചൗധരിയെ കോണ്‍ഗ്രസ് ഒതുക്കിയെന്നും മോഡി കുറ്റപ്പെടുത്തി. പ്രതിപക്ഷം എപ്പോഴും ജനങ്ങളെ നിരാശപ്പെടുത്തുകയാണ്. രാജ്യത്തെ യുവാക്കള്‍ക്കായി അഴിമതി രഹിത ഇന്ത്യ ഉണ്ടാക്കാന്‍ ബിജെപിക്കായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്യം കത്തുമ്പോള്‍ അവിടെയും ഇവിടെയും തൊടാതെ മനപാഠമാക്കിയ വാക്കുകള്‍ വായിച്ച് അവസാനിപ്പിക്കുകയായിരുന്നു മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിനുള്ള പ്രധാനമന്ത്രിയുടെ മറുപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.