ആശങ്ക നീങ്ങി: ഒഴുകി നടക്കുന്ന കപ്പല്‍ 'ടൈം ബോംബ്' നിര്‍വീര്യമാക്കിയെന്ന് യുഎന്‍

ആശങ്ക നീങ്ങി: ഒഴുകി നടക്കുന്ന കപ്പല്‍ 'ടൈം ബോംബ്' നിര്‍വീര്യമാക്കിയെന്ന് യുഎന്‍

യമന്‍: ലക്ഷക്കണക്കിന് ബാരല്‍ എണ്ണ നിറച്ച, ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒഴുകി നടക്കുന്ന ടൈം ബോംബ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഓയില്‍ ടാങ്കര്‍ കപ്പലില്‍ നിന്നും ഇന്ധനം ഒഴിവാക്കിയതായി യുഎന്‍ അറിയിച്ചു.

2015ലാണ് എഫ്എസ്ഒ സേഫര്‍ എന്ന കപ്പല്‍ ഉപേക്ഷിച്ച നിലയില്‍ ചെങ്കടലില്‍ ഒഴുകി നടക്കാന്‍ തുടങ്ങിയത്. ഒരു മില്യണ്‍ ബാരല്‍ ഓയില്‍ ഉള്‍പ്പെടെ ആയിരുന്നു കപ്പല്‍ ഉപേക്ഷിച്ചത്. കപ്പല്‍ തകര്‍ന്നാല്‍ വലിയ രീതിയില്‍ കടലില്‍ എണ്ണ ചോര്‍ച്ച ഉണ്ടാകുമെന്ന നിരീക്ഷണത്തിന് പിന്നാലെയാണ് കപ്പലില്‍ നിന്ന് ഓയില്‍ പകര്‍ത്തി മാറ്റിയത്. വലിയൊരു പാരിസ്ഥിതിക ദുരന്തം ഒഴിവാക്കാനായി എന്നാണ് നടപടിയെ യുഎന്‍ നിരീക്ഷിക്കുന്നത്. എന്നാല്‍ ഓയില്‍ വില്‍പനയെ നടപടി എങ്ങനെ ബാധിക്കുമെന്നതാണ് ഇനിയുള്ള ആശങ്ക.

ഒഴുകി നടന്ന ടൈം ബോബിനെ നിര്‍വീര്യമാക്കി എന്നാണ് ജര്‍മന്‍ വിദേശകാര്യ മന്ത്രി അന്നാലെനാ ബേര്‍ബോക്ക് അന്താരാഷ്ട്ര സമൂഹത്തോട് നടപടിയെ കുറിച്ച് വിശദമാക്കിയത്. 120 മില്യണ്‍ ഡോളറാണ് ഷിപ്പിലെ ഓയില്‍ മറ്റൊരു ടാങ്കര്‍ ഷിപ്പിലേക്ക് മാറ്റാനായി യുഎന്‍ സമാഹരിച്ചിരുന്നത്. 18 ദിവസം നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് കപ്പലില്‍ നിന്ന് എണ്ണ ഒഴിവാക്കാനായത്.

1976ലാണ് ഈ കപ്പല്‍ നിര്‍മ്മിച്ചത്. 1989ല്‍ വലിയ ഓയില്‍ ചോര്‍ച്ച ഉണ്ടായ കപ്പലിനേക്കാളും അധികം ഓയില്‍ ഈ കപ്പലിലുണ്ടായിരുന്നു. യമനിലെ ഹൂത്തി വിഭാഗത്തിന്റെ അധികാര പരിധിയിലുള്ള റാസ് ഇസ ഓയില്‍ ടെര്‍മിനലിന് സമീപത്തായിരുന്നു കപ്പല്‍ നങ്കുരമിട്ടിരുന്നത്. കപ്പലിലെ ഓയിലിനെ ചൊല്ലിയുള്ള അവകാശ തര്‍ക്കം ഇനിയും തീര്‍ന്നിട്ടില്ല. അതിനാല്‍ തന്നെ ഓയില്‍ വില്‍പനയ്ക്ക് ശേഷമുള്ള പണം എങ്ങനെ വീതം വയ്ക്കണമെന്ന കാര്യത്തില്‍ ധാരണയായിട്ടില്ല.

കപ്പല്‍പൊട്ടിത്തെറിച്ചിരുന്നെങ്കില്‍ ലോകം ഇന്നേവരെ കണ്ടതില്‍വച്ച് ഏറ്റവും ഭീകരമായ പാരിസ്ഥിതിക ദുരന്തമായി മാറുമായിരുന്നു. കടലില്‍ പടരുന്ന എണ്ണയ്ക്കു തീപിടിച്ചാല്‍ രാജ്യാന്തര കപ്പല്‍ ഗതാഗതത്തെ വരെ ഗുരുതരമായി ബാധിക്കും. കപ്പല്‍ പരിശോധിക്കാനുള്ള അനുമതി യമനിലെ ഹൂതി വിമതര്‍ യുഎന്നിന്റെ സാങ്കേതിക വിദഗ്ധ സംഘത്തിനു പലവട്ടം നിഷേധിക്കുക കൂടി ചെയ്തതോടെയാണ് പ്രശ്‌നം കൂടുതല്‍ രൂക്ഷമായത്. ദുരന്തത്തെ തുറുപ്പുചീട്ടാക്കി വിലപേശലിനു കൂടിയായിരുന്നു ഹൂതികളുടെ ശ്രമം.

എണ്ണവിലയില്‍ നോട്ടമിട്ട് ഹൂതികള്‍

യമന്‍ ഓയില്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈ കപ്പല്‍ ഗതാഗതത്തിന് ഉപയോഗിക്കാറില്ലായിരുന്നു. പകരം തുറമുഖത്തുനിന്ന് അല്‍പം മാറി നങ്കൂരമിട്ടു കിടക്കും. യമനിലെ മരിബ് എണ്ണപ്പാടത്തില്‍ നിന്നുള്ള എണ്ണ പൈപ് ലൈന്‍ വഴി കടലിലെ എക്‌സ്‌പോര്‍ട്ട് ടെര്‍മിനലിലേക്ക് എത്തിക്കുന്നതാണ് രീതി. ടെര്‍മിനലില്‍ നിന്ന് എണ്ണ ബാരലുകള്‍ ഓയില്‍കമ്പനിയുടെ കപ്പലിലേക്കു മാറ്റും. അതില്‍ നിന്നാണു മറ്റു രാജ്യങ്ങളിലെ കപ്പലുകളിലേക്ക് കയറ്റുമതിക്കായി കൈമാറുക.

റാസ് ഇസ തുറമുഖം ഹൂതികള്‍ പിടിച്ചെടുത്തതോടെ 2015 മാര്‍ച്ച് മുതല്‍ കപ്പലില്‍ നിന്നുള്ള എണ്ണകൈമാറ്റം പൂര്‍ണമായും നിലച്ചു. ആവശ്യത്തിനു ഡീസല്‍ ലഭിക്കാത്തതിനാല്‍ ഇതേവരെ കപ്പലിന്റെ എന്‍ജിനും ചലിപ്പിക്കാനായിട്ടില്ല. യുദ്ധങ്ങളും കലാപങ്ങളും കാരണം പരിസ്ഥിതിക്കുണ്ടാകുന്ന ദോഷങ്ങളെപ്പറ്റി പഠിക്കുന്ന കോണ്‍ഫ്‌ലിക്ട് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ ഒബ്‌സര്‍വേറ്ററി കൂട്ടായ്മ പ്രതിനിധി ഡഗ് വെയറാണ് 2018 ല്‍ ഈ പ്രശ്‌നം യുഎന്നിനു മുന്നില്‍ ആദ്യമായി അവതരിപ്പിച്ചത്. പിന്നാലെ യുഎന്‍ സുരക്ഷാകൗണ്‍സില്‍ വിഷയം ചര്‍ച്ചയ്‌ക്കെടുത്തു.

എന്നാല്‍ കപ്പലിലെ ഏകദേശം 544 കോടി രൂപ വരുന്ന എണ്ണയായിരുന്നു പ്രധാന 'തടസം'. ഹൂതികള്‍ക്ക് എണ്ണ കയറ്റുമതിക്കുള്ള അനുമതിയില്ല. കപ്പലിലെ എണ്ണ വിറ്റു കിട്ടുന്നതില്‍ നിന്ന് ഒരു വലിയ വിഹിതം തങ്ങള്‍ക്കു നല്‍കണമെന്നായിരുന്നു അവരുടെ ആവശ്യം. ആയുധ സംഭരണത്തിനും മറ്റുമായി ആ പണം ഉപയോഗപ്പെടുത്തുമെന്നതിനാല്‍ യുഎന്നിന് അത്തരമൊരു ഉറപ്പ് നല്‍കാനുമാകില്ലായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.