കക്കുകളി നാടകം പുനരവതരിപ്പിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹം: വോയ്സ് ഓഫ് നണ്‍സ്

കക്കുകളി നാടകം പുനരവതരിപ്പിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹം: വോയ്സ് ഓഫ് നണ്‍സ്

കൊച്ചി: കടുത്ത പ്രതിഷേധങ്ങള്‍ മൂലം നിര്‍ത്തിവച്ചിരുന്ന 'കക്കുകളി' എന്ന നാടകം വീണ്ടും അരങ്ങിലെത്തിച്ച് സന്യസ്തരെയും തങ്ങള്‍ അനുവര്‍ത്തിച്ചു വരുന്ന ജീവിത രീതിയെയും നിഷ്‌കരുണം അവഹേളിക്കാന്‍ മടികാണിക്കാത്ത ചിലര്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത് അപലപനീയമാണെന്ന് വോയ്സ് ഓഫ് നണ്‍സ്.

സന്യാസ ജീവിതത്തെക്കുറിച്ച് പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണകള്‍ ഉളവാക്കുന്ന വിധത്തിലുള്ള ആശയങ്ങളാണ് നാടകത്തിലൂടെ അവതരിപ്പിക്കപ്പെട്ടിരുന്നത്. ക്രൈസ്തവ സാന്നിധ്യമില്ലാത്ത കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവതരണങ്ങള്‍ നടത്തിയ പ്രസ്തുത നാടകത്തിനെതിരെ കേരളമെമ്പാടും കേരള സഭയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറുകയുണ്ടായി.

അതിന്റെ ഫലമായി നാടകത്തിന്റെ അവതരണം അവസാനിപ്പിക്കുവാന്‍ ആലപ്പുഴ പറവൂര്‍ പബ്ലിക് ലൈബ്രറിയുടെ ഭാഗമായ നൈതല്‍ നാടക സംഘം തീരുമാനിച്ചിരുന്നു. എന്നാല്‍, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലമുള്ള സംഘടനകളും വ്യക്തികളും മുന്‍കയ്യെടുത്ത് ഈ നാടകം വീണ്ടും അരങ്ങിലെത്തിക്കുകയാണ്.

അഭിമാനബോധത്തോടെ ജീവിക്കാനുള്ള ഞങ്ങളുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാകരുത് നിങ്ങള്‍ വിഭാവനം ചെയ്യുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന തിരിച്ചറിവ് ഉണ്ടാകണമെന്ന് ആ കലാകാരന്മാരെ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നതായാണ് വോയ്സ് ഓഫ് നണ്‍സ് പ്രതികരിച്ചത്.

തങ്ങള്‍ പവിത്രമായി കാണുന്ന സന്യാസ ജീവിതത്തെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ ഈ സമൂഹത്തിന്റെ പൊതുബോധത്തില്‍ ഉറപ്പിക്കാനാണ് നിങ്ങളുടെ ശ്രമമെങ്കില്‍ അതിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കുകയും നിയമപരമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

ഇന്ത്യയില്‍ വിവിധ ഭാഗങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരോട് അനുഭാവം പ്രകടിപ്പിക്കുന്നു എന്ന് അവകാശപ്പെടുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ വിവിധ പോഷക സംഘടനകള്‍ വഴിയായി നടത്തുന്ന ഇത്തരം അവഹേളനങ്ങളും ക്രൈസ്തവ പീഡനം തന്നെയാണ് എന്നുള്ളതും ഓര്‍മ്മിപ്പിക്കുന്നെന്നായിരുന്നു വോയ്സ് ഓഫ് നണ്‍സിന്റെ പ്രതികരണം.

ഇക്കാര്യത്തില്‍ നിന്നും പിന്തിരിഞ്ഞ് പരസ്പര ആദരവോടും സഹകരണത്തോടും മുന്നോട്ട് പോകണമെന്നാണ് വോയ്സ് ഓഫ് നണ്‍സിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.