ആണവായുധ രഹിത ലോകത്തിനായി യത്‌നിക്കാനുള്ള പങ്കാളിത്ത ഉടമ്പടിയില്‍ ഒപ്പുവച്ച് ജപ്പാനിലെയും അമേരിക്കയിലെയും കത്തോലിക്കാ മെത്രാന്മാര്‍

ആണവായുധ രഹിത ലോകത്തിനായി യത്‌നിക്കാനുള്ള പങ്കാളിത്ത ഉടമ്പടിയില്‍ ഒപ്പുവച്ച് ജപ്പാനിലെയും അമേരിക്കയിലെയും കത്തോലിക്കാ മെത്രാന്മാര്‍

ജോസ്‌വിന്‍ കാട്ടൂര്‍

നാഗസാക്കി: ആണവായുധ രഹിത ലോകത്തിനായി യത്‌നിക്കാന്‍ കരങ്ങള്‍ കോര്‍ത്ത് ജപ്പാനിലെയും അമേരിക്കയിലെയും കത്തോലിക്കാ മെത്രാന്മാര്‍. ആണവായുധ വിമുക്തമായ ഒരു ലോകത്തിനു വേണ്ടി ഊര്‍ജിതമായി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെ ജപ്പാനില്‍ നിന്നും അമേരിക്കയില്‍ നിന്നുമുളള അഞ്ചു മെത്രാന്മാര്‍ ഔപചാരികമായി പ്രതിജ്ഞയെടുത്ത് പങ്കാളിത്ത ഉടമ്പടിയില്‍ ഒപ്പുവച്ചു. ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും, അമേരിക്ക നടത്തിയ അണുബോംബാക്രമണത്തിന്റെ 78-ാം വാര്‍ഷികത്തിലാണ്, ദുരന്തഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിച്ച പ്രദേശങ്ങളില്‍ നിന്നുള്ള മെത്രാന്മാരും പ്രതിജ്ഞയില്‍ പങ്കാളികളായത്.

അമേരിക്കയിലെ സാന്താ ഫേയുടെ ആര്‍ച്ചുബിഷപ് ജോണ്‍ വെസ്റ്ററും സിയാറ്റില്‍ ആര്‍ച്ചുബിഷപ് പോള്‍ എറ്റിയേനും, ഓഗസ്റ്റ് ഒന്നു മുതല്‍ 9 വരെ ജപ്പാനില്‍ നടത്തിയ ശാന്തിയാത്രയുടെ സമാപ്തി കുറിച്ചു കൊണ്ടാണ് പങ്കാളിത്ത പ്രഖ്യാപനം നടത്തിയത്. നാഗസാക്കിയിലെ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മിച്യാക്കി നകാമുറ, ഹിരോഷിമയിലെ ബിഷപ്പ് അലക്‌സിസ് മിത്സുരു ഷിരഹാമ, നാഗസാക്കി എമിരിറ്റസ് ആര്‍ച്ച് ബിഷപ്പ് ജോസഫ് മിത്സുവാകി തകാമി എന്നിവരും പ്രതിജ്ഞാപത്രത്തില്‍ ഒപ്പുവച്ചു.

ഹിരോഷിമ, നാഗസാക്കി എന്നീ ജാപ്പനീസ് നഗരങ്ങളില്‍ അമേരിക്ക നടത്തിയ അണുവിസ്‌ഫോടനങ്ങളുടെ 80-ാം വാര്‍ഷികമായ 2025 ഓഗസ്റ്റ് ആകുമ്പോഴേക്കും കൂടുതല്‍ പങ്കാളിത്തത്തോടെ, ശക്തമായ മുന്നേറ്റത്തിന് രൂപം നല്‍കുക എന്നതാണ് ഈ പങ്കാളിത്ത ഉടമ്പടിയുടെ ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടത്. ഇതിനായി അവര്‍ ഏറ്റെടുത്തു നടത്താനുദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ചും മെത്രാന്മാര്‍ വിശദീകരിച്ചു.

കഴിഞ്ഞകാലത്തെ ഭീകരത ഓര്‍മ്മയില്‍ സൂക്ഷിച്ചുകൊണ്ടു തന്നെ കൂടുതല്‍ ശ്രവിക്കാനും പ്രശ്‌നത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച്, ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ചകള്‍ നടത്താനും അവര്‍ തീരുമാനിച്ചു. ഇതില്‍ ഹിരോഷിമയിലെയും നാഗസാക്കിയിലെയും ഇരകള്‍, യുറേനിയം ഖനനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, സമാധാന പ്രവര്‍ത്തകര്‍, ആണവ എന്‍ജിനീയര്‍മാര്‍, സൈനിക ഉദ്യോഗസ്ഥര്‍ മുതലായവരെല്ലാം ഉള്‍പ്പെടും. 2019 ല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഹിരോഷിമയിലെ ശാന്തി സ്മാരകത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ പറഞ്ഞതുപോലെ 'ഓര്‍മ്മിക്കുക, ഒന്നിച്ചു നടക്കുക, സംരക്ഷിക്കുക' എന്നീ മൂന്ന് മാനങ്ങളില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നത്.

ആണവായുധ വിമുക്തമായ ലോകത്തിനു വേണ്ടിയുള്ള പ്രത്യേക നിയോഗത്തോടെ വര്‍ഷത്തില്‍ ഒരു ദിവ്യബലിയെങ്കിലും അര്‍പ്പിക്കുമെന്നും മെത്രാന്‍മാര്‍ പറഞ്ഞു. ആണവായുധങ്ങളുടെ ഇരകളായി ദുരിതമനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാനും അതിനാവശ്യമായ ധനസമാഹരണം നടത്താനും അവര്‍ തീരുമാനിച്ചു. അതോടൊപ്പം അണുവികിരണം പരിസ്ഥിതിക്കേല്‍പ്പിച്ച അഘാതത്തില്‍ നിന്ന് അതിനെ പുനരുദ്ധരിക്കുക എന്നതും ലക്ഷ്യം വയ്ക്കുന്നു.

ലോകനേതാക്കന്‍മാരോട് അഭ്യര്‍ത്ഥന

ആണവായുധങ്ങള്‍ 'കൈവശം വയ്ക്കുക' മാത്രമാണ് ചെയ്യുന്നത് എന്ന രാഷ്ട്രങ്ങളുടെ പൊള്ളയായ അവകാശവാദത്തെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നേരത്തെതന്നെ അപലപിച്ചിട്ടുള്ളതാണെന്ന് ബിഷപ്പുമാര്‍ ചൂണ്ടിക്കാട്ടി. സമ്പൂര്‍ണ ആണവ നിരായുധീകരണത്തിനു വേണ്ടിയുള്ള പ്രത്യേക നടപടികള്‍ കൈക്കൊള്ളാന്‍ അവര്‍ ലോക നേതാക്കളോട് അഭ്യര്‍ത്ഥിച്ചു.

ഹിരോഷിമ-നാഗസാക്കി പ്രദേശങ്ങളില്‍ നടന്ന അണുവിസ്‌ഫോടനത്തിന്റെ ഇരകളായവര്‍ ദീര്‍ഘകാലമായി അനുഭവിക്കുന്ന ദുരിതങ്ങള്‍ അംഗീകരിക്കാനും, യുറേനിയം ഖനനത്തിന്റെയും അണുവായുധ ഉല്‍പാദനത്തിന്റെയും പാരിസ്ഥിതിക ആഘാതങ്ങള്‍ ഗൗരവപൂര്‍വ്വം പരിഗണിക്കാനും അവര്‍ ലോക നേതാക്കളോട് അഭ്യര്‍ത്ഥിച്ചു. കൂടാതെ, ആയുധ പന്തയങ്ങള്‍ തടയുന്നതിലുള്ള പ്രതിബദ്ധത, ആണവായുധ പ്രയോഗത്തിനെതിരയുള്ള മുന്‍കരുതല്‍ നടപടികള്‍, ആണവ നിരായുധീകരണത്തിന്റെ ത്വരിതപ്പെടുത്തല്‍, ഇനിയൊരു ആണവ യുദ്ധം ആര്‍ക്കും ജയിക്കാന്‍ സാധിക്കില്ല എന്ന വസ്തുതയുടെ സ്ഥിരീകരണം എന്നിവയിലേക്കെല്ലാം അവര്‍ ലോക നേതാക്കളുടെ ശ്രദ്ധ ക്ഷണിച്ചു.

അവസാനമായി ആണവ നിരായുധീകരണ കരാറില്‍ ഒപ്പിടാനും ആണവായുധ നിര്‍മ്മാണത്തിനായി നീക്കിവയ്ക്കുന്ന പണം ദുര്‍ബല ജനവിഭാഗങ്ങളെ സഹായിക്കുന്നതിനും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി ചെലവഴിക്കാനും അവര്‍ നേതാക്കള്‍ക്ക് ആഹ്വാനം നല്‍കി. വത്തിക്കാനാണ് ആണവ നിരായുധീകരണ കരാറില്‍ ആദ്യമായി ഒപ്പു രേഖപ്പെടുത്തിയ രാജ്യം. എന്നാല്‍ പ്രധാന ആണവശക്തികളായ ജി-7 രാജ്യങ്ങളില്‍ ഒന്നും തന്നെ കരാറില്‍ ഒപ്പുവച്ചിട്ടില്ല.

'ക്രിസ്തുവേ, സമാധനത്തിന്റെ രാജാവേ, ഞങ്ങളുടെ പങ്കാളിയും സഹയാത്രികനുമായ അങ്ങ്, ഞങ്ങളുടെ പങ്കാളിത്തത്തെ ആശീര്‍വദിക്കണമേ!' എന്ന പ്രാര്‍ത്ഥനയോടെയും സമാധാന രാജ്ഞിയായ മറിയത്തിന്റെ മാധ്യസ്ഥം അപേക്ഷിച്ചുകൊണ്ടുമാണ് പ്രഖ്യാപനം അവസാനിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26