മരിച്ചവരില്‍ രണ്ടു പേര്‍ കാറിലും ബൈക്കിലുമായി സഞ്ചരിച്ചവര്‍
ക്വാലാലംപൂര്‍: മലേഷ്യയില്‍ ചെറുവിമാനം റോഡില്‍ തകര്‍ന്നുവീണ് 10 പേര്‍ മരിച്ചു. വിമാനത്തില്‍ സഞ്ചരിച്ച എട്ട് പേരും ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരുമാണ് മരിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനം തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിലെ ഡാഷ് ബോര്‍ഡ് കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങളില്‍ ചുറ്റും ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങള്‍ കാണാം. അപകടം നടന്ന സ്ഥലത്തിന് സമീപത്തായി വീടുകളും കാണാം.
ക്വാലാലംപൂരിലെ എക്സ്പ്രസ് വേയിലേക്ക് മൂക്കു കുത്തി വീണ വിമാനം അഗ്നിഗോളമായി മാറുകയായിരുന്നു. ഇതിന് പിന്നാലെ ശക്തമായ പുകയുമുണ്ടായി. 10 പേര്‍ മരിച്ചുവെന്ന വിവരം മലേഷ്യന്‍ പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ എട്ട് പേര്‍ വിമാനത്തിലുണ്ടായിരുന്നവരാണ്. ഒരാള്‍ ഹൈവേയിലൂടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നുവെന്നും മറ്റൊരാള്‍ കാറില്‍ പോകുമ്പോഴാണ് അപകടത്തില്‍പ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി.
മലേഷ്യയുടെ വടക്കന്‍ ദ്വീപായ ലാങ്കാവിയില്‍ നിന്നും തലസ്ഥാനമായ ക്വാലാലംപൂരിന് പടിഞ്ഞാറുള്ള സുല്‍ത്താന്‍ അബ്ദുല്‍ അസീസ് ശാ വിമാനത്താവളത്തിലേക്ക് പോകുന്ന വിമാനമാണ് അപകടത്തില്‍പെട്ടത്. ലാന്‍ഡിങ്ങിനു മിനിറ്റുകള്‍ മുന്‍പ് ഹൈവേയിലേക്ക് ഇടിച്ചിറങ്ങിയ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു.
ആറ് യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് മലേഷ്യന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.