ഇല്‍ഹാന്‍ ഒമറിന്റെ പാക് അധിനിവേശ കാശ്മീര്‍ സന്ദര്‍ശനം; സാമ്പത്തിക സഹായം നല്‍കിയത് പാകിസ്ഥാന്‍, രേഖകള്‍ പുറത്ത്

 ഇല്‍ഹാന്‍ ഒമറിന്റെ പാക് അധിനിവേശ കാശ്മീര്‍ സന്ദര്‍ശനം; സാമ്പത്തിക സഹായം നല്‍കിയത് പാകിസ്ഥാന്‍, രേഖകള്‍ പുറത്ത്

ന്യൂഡല്‍ഹി: ഇന്ത്യാവിരുദ്ധ പ്രസ്താവനകളിലൂടെ വിവാദം സൃഷ്ടിച്ച അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമര്‍ 2022 ഏപ്രിലില്‍ പാകിസ്ഥാനിലേക്കും പാക് അധിനിവേശ കാശ്മീരിലേക്കും സന്ദര്‍ശനം നടത്തിയത് പാക് സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെയെന്ന രേഖകള്‍ പുറത്ത്. യു.എസ് കോണ്‍ഗ്രസിന്റെ വാര്‍ഷിക സാമ്പത്തിക വെളിപ്പെടുത്തലിലാണ് ഇക്കാര്യം ്‌വ്യക്തമാക്കിയത്.

ഏപ്രില്‍ 18 മുതല്‍ 24 വരെയുള്ള യാത്രയ്ക്കിടെ ഇല്‍ഹാന്റെ താമസം, ഭക്ഷണം ഉള്‍പ്പെടെയുള്ള ചെലവുകള്‍ വഹിച്ചതും പാക് സര്‍ക്കാരാണ്. പാക് സന്ദര്‍ശനത്തിനിടെ അന്നത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തുടങ്ങിയവരുമായി ഇല്‍ഹാന്‍ ചര്‍ച്ച നടത്തിയതും വിവാദമായിരുന്നു. ഡെമോക്രാറ്റിക് അംഗമായ ഇല്‍ഹാന്റെ പാക് അധിനിവേശ കാശ്മീര്‍ സന്ദര്‍ശനത്തെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു.

ഇല്‍ഹാന്റെ സന്ദര്‍ശനം അനൗദ്യോഗികവും വ്യക്തിഗതവുമാണെന്നും യാതൊരു തരത്തിലും ബൈഡന്‍ ഭരണകൂടത്തെ പ്രതിനിധീകരിക്കുന്നില്ലെന്നുമായിരുന്നു യു.എസിന്റെ വിശദീകരണം. ഇന്ത്യയില്‍ മത, മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നെന്ന് കാട്ടി ഇല്‍ഹാന്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ ജനപ്രതിനിധി സഭയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാല്‍ പാകിസ്ഥാനില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഇല്‍ഹാന്‍ മൗനം പാലിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ജൂത വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിന് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ യു.എസ് ജനപ്രതിനിധി സഭയിലെ വിദേശകാര്യ കമ്മിറ്റിയില്‍ നിന്ന് ഇല്‍ഹാനെ പുറത്താക്കിയിരുന്നു. മിനസോട്ടയില്‍ നിന്നുള്ള സഭാംഗമായ ഇല്‍ഹാന്‍ 1990കളില്‍ സൊമാലിയന്‍ അഭയാര്‍ത്ഥിയായാണ് യു.എസിലെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.