പാക് ഐഎസ്ഐക്ക് വേണ്ടി ലേഖനങ്ങള്‍ എഴുതി; ജമ്മു കാശ്മീര്‍ ബാങ്ക് ചീഫ് മാനേജര്‍ സജാദ് അഹമ്മദ് ബസാസിയെ പുറത്താക്കി

പാക് ഐഎസ്ഐക്ക് വേണ്ടി ലേഖനങ്ങള്‍ എഴുതി; ജമ്മു കാശ്മീര്‍ ബാങ്ക് ചീഫ് മാനേജര്‍ സജാദ് അഹമ്മദ് ബസാസിയെ പുറത്താക്കി

ശ്രീനഗര്‍: പാക് ഐഎസ്ഐയുമായി രഹസ്യ ബന്ധത്തെ തുടര്‍ന്ന് ജമ്മു കാശ്മീര്‍ ബാങ്കിന്റെ ചീഫ് മാനേജറെ ജോലിയില്‍ നിന്നും പുറത്താക്കി. ജമ്മു കശ്മീരിലെ പൊതുമേഖലാ ബാങ്കിലെ മാനേജറായിരുന്ന സജാദ് അഹമ്മദ് ബസാസിയെയാണ് ജോലിയില്‍ നിന്ന് പിരിച്ച് വിട്ടത്. ജമ്മു കശ്മീര്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്ക് പാക് ഐഎസ്ഐയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ഐഎസ്ഐ അജണ്ട നടപ്പിലാക്കുക എന്ന ഉദ്ദേശത്തൊടെ ഇയാള്‍ പ്രാദേശിക പത്രങ്ങളില്‍ പാക് അനുകൂല ലേഖനങ്ങള്‍ എഴുതിയിരുന്നു. എല്ലാ ലേഖനങ്ങളും ജമ്മുവിലെ വിഘടനവാദ-തീവ്രവാദ പ്രവര്‍ത്തനങ്ങളെ മഹത്വവല്‍ക്കരിക്കുന്ന രീതിയിലുള്ളതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ബാങ്ക് മാനേജരെന്ന് മറച്ച് വെച്ച് വ്യത്യസ്ത പേരുകളിലാണ് ഇയാള്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചത്.

പാക് ഐഎസ്ഐയുമായ ബന്ധമുള്ള ഗ്രേറ്റര്‍ കാശ്മീര്‍ പത്രത്തിന്റെ ഉടമയും എഡിറ്ററുമായ ഫയാസ് കാലൂ മുഖേനയാണ് ഇയാള്‍ ജമ്മു ആന്‍ഡ് കാശ്മീര്‍ ബാങ്കില്‍ ജോലി നേടിയത്. ജോലി ചെയ്തിരുന്നപ്പോഴും നിയമവിരുദ്ധമായി ഗ്രേറ്റര്‍ കശ്മീരിന്റെ കറസ്പോണ്ടന്റ്-കം-കോളമിസ്റ്റായി പ്രവര്‍ത്തിച്ചിരുന്നു.

ശ്രീനഗര്‍ സ്വദേശിയായ സജാദ് അഹമ്മദ് ബസാസി 1990-ലാണ് ജമ്മു ആന്‍ഡ് കാശ്മീര്‍ ബാങ്കില്‍ കാഷ്യര്‍ കം ക്ലാര്‍ക്ക് ആയി ജോലിയില്‍ പ്രവേശിച്ചത്. തുടക്കത്തില്‍ കാഷ്യര്‍ കം ക്ലര്‍ക്ക് ആയി നിയമിതനായ സജാദിന് 2004-ല്‍ ഇന്റേണല്‍ കമ്മ്യൂണിക്കേഷന്‍ തലവനായി സ്ഥാനക്കയറ്റം ലഭിച്ചു. പിന്നീട് ചീഫ് മാനേജരുടെ പോസ്റ്റും ലഭിച്ചു. ഇതൊടെ ബാങ്കിന്റെ ഫണ്ട് ഉപയോഗിച്ച് ഇയാള്‍ വിഘടന വാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്ക് ധനസഹായം നല്‍കിയെന്നാണ് കണ്ടെത്തല്‍. 2015 മുതല്‍ 2023 വരെയുള്ള വര്‍ഷങ്ങളില്‍ ഗ്രേറ്റര്‍ കാശ്മീരിന് ഇത്തരത്തില്‍ പണം നല്‍കിയതായും സൂചനയുണ്ട്.

അതേസമയം സജാദ് അഹമ്മദ് ബസാസിക്ക് ജമ്മു കശ്മീര്‍ ബാങ്കില്‍ 68 അക്കൗണ്ടുകള്‍ ഉളളതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് കണ്ടെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.