ബ്ലൂ ടൂത്ത് ഹെഡ്സെറ്റ്, ബട്ടണ്‍സ് ക്യാമറ; തിരുവനന്തപുരത്ത് വി.എസ്.എസ്.സി. പരീക്ഷയില്‍ ഹൈടെക് കോപ്പിയടി; കൂലിക്ക് പരീക്ഷയെഴുതിയ ഹരിയാന സ്വദേശികള്‍ അറസ്റ്റില്‍

ബ്ലൂ ടൂത്ത് ഹെഡ്സെറ്റ്, ബട്ടണ്‍സ് ക്യാമറ; തിരുവനന്തപുരത്ത് വി.എസ്.എസ്.സി. പരീക്ഷയില്‍ ഹൈടെക് കോപ്പിയടി; കൂലിക്ക് പരീക്ഷയെഴുതിയ ഹരിയാന സ്വദേശികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം: വിക്രം സാരാഭായി സ്‌പേസ് സെന്ററിലെ (.വി.എസ്.എസ്.സി) ടെക്നീഷ്യന്‍ - ബി വിഭാഗം തസ്തികയിലേയ്ക്കുള്ള പരീക്ഷയില്‍ കോപ്പിയടി. സുനില്‍, സുമിത് എന്നീ പേരുകളില്‍ പരീക്ഷ എഴുതിയ ഹരിയാന സ്വദേശികളാണ് പിടിയിലായത്. പിടിക്കപ്പെട്ടവര്‍ പരീക്ഷ എഴുതിയത് മറ്റ് രണ്ട് പേര്‍ക്ക് വേണ്ടിയാണെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിലാണ് ഇക്കാര്യം പ്രതികള്‍ പറഞ്ഞത്.

സുമിത്ത് എന്ന പേരില്‍ പരീക്ഷ എഴുതിയ ആളുടെ യഥാര്‍ത്ഥ പേര് മനോജ് കുമാര്‍ എന്നാണ്. സുനില്‍ എന്ന പേരില്‍ പരീക്ഷ എഴുതിയത് ഗൗതം ചൗഹാന്‍ എന്നയാളാണെന്നും പൊലീസ് വ്യക്തമാക്കി.

വിഎസ്എസ് സിയിലെ പരീക്ഷാ തട്ടിപ്പിന് പിന്നില്‍ വന്‍ സംഘമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഹരിയാന സ്വദേശികളായ നാലുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. ഇതോടെ പിടിയിലായവരുടെ എണ്ണം ആറായി.

കോപ്പിയടിയില്‍ രണ്ട് പ്രതികള്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് വി.എസ്.എസ്.സി. രാജ്യവ്യാപകമായി നടത്തിയ ടെക്നിഷ്യന്‍ ഗ്രേഡ് ബി പരീക്ഷ റദ്ദാക്കണമെന്ന് പോലീസ് ആവശ്യപ്പെടും. ഹരിയാനയില്‍നിന്ന് 469 പേരാണ് പരീക്ഷയെഴുതിയത്. തട്ടിപ്പിന് പിടിയിലായതും ഇതേ സംസ്ഥാനത്തുനിന്നുള്ളവരാണ്. ഇത്രയുമധികം പേര്‍ പരീക്ഷ എഴുതിയതിനാല്‍ തട്ടിപ്പ് വ്യാപകമാണെന്നാണ് പോലീസ് സംശയിക്കുന്നത്. പിടിയിലായവര്‍ കൂലിക്ക് പരീക്ഷ എഴുതാനെത്തിയവരാണെന്നും ഇവരുടെ പിന്നില്‍ ഹരിയാനയിലെ കോച്ചിങ് സെന്ററാണെന്നുമാണ് പോലീസിന്റെ നിഗമനം.

പിടിയിലായ പ്രതികളുടെ വിലാസം പരിശോധിച്ചപ്പോള്‍ അത് വ്യാജമായിരുന്നു. ഹരിയാനയിലാണ് ക്രമക്കേടിന് ആസൂത്രണം നടന്നത്. ബ്ലൂ ടൂത്ത് ഹെഡ്‌സെറ്റ്, ചെറിയ ക്യാമറ, ക്ലൗഡ് സ്റ്റോറേജ് എന്നിവയുപയോഗിച്ചാണ് പ്രതികള്‍ ക്രമക്കേട് കാണിച്ചത്. ഹരിയാനയിലുള്ള കോച്ചിങ് സ്ഥാപനങ്ങള്‍ക്കാണ് ഇവര്‍ ചോദ്യപേപ്പറിന്റെ ചിത്രം അയച്ചുകൊടുത്തതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മൊബൈല്‍ ഫോണ്‍ അരയിലെ ബെല്‍റ്റിലാണ് കെട്ടിവച്ചത്. സ്‌ക്രീന്‍ വ്യൂവര്‍ വഴിയാണ് ചോദ്യപേപ്പര്‍ ഷെയര്‍ ചെയ്തത്. ചെവിയുടെ അകത്തേയ്ക്ക് കയറ്റിവയ്ക്കാവുന്ന രീതിയിലുള്ളതായിരുന്നു ബ്ലൂടൂത്ത് ഹെഡ്സെറ്റ്. മൊബൈല്‍ ഫോണില്‍ ചോദ്യപേപ്പര്‍ അയച്ച് നല്‍കിയ ശേഷം ഉദ്യാേഗാര്‍ത്ഥികള്‍ ബ്ലൂടൂത്ത് ഹെഡ്സെറ്റ് വഴി ഉത്തരങ്ങള്‍ കേട്ടെഴുതുകയായിരുന്നു.

മെഡിക്കല്‍ കോളജ്, മ്യൂസിയം പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് വിവിധ കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. ഹരിയാന സ്വദേശികളില്‍ പലരും ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചതായാണ് പ്രതികള്‍ പോലീസിന് നല്‍കിയ വിവരം. പരീക്ഷയെഴുതിയ പലരും സംസ്ഥാനം വിട്ടു. വിമാനത്തിലാണ് ഇവരെത്തിയതെന്നും പറയുന്നു. പട്ടം സെന്റ് മേരീസിലാണ് സുമിത് പരീക്ഷയെഴുതിയത്. സുനില്‍ കോട്ടണ്‍ഹില്‍ സ്‌കൂളിലും. പരീക്ഷയ്ക്ക് മുമ്പായി വിശദമായ പരിശോധനയുണ്ടാകില്ലെന്ന് പ്രതികള്‍ക്ക് സൂചന ലഭിച്ചിരുന്നു. ഇതോടെയാണ് ഇവര്‍ ഇലക്ട്രോണിക് ഉപകരണങ്ങളുമായെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.