കൊച്ചി: ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ദേശീയ സ്‌കോളര്‍ഷിപ്പുകളില്‍ അഴിമതിയുണ്ടെങ്കില്‍ അന്വേഷണം നടത്തി നടപടികളെടുക്കുന്നതിനു പകരം അര്‍ഹതപ്പെട്ടവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കുന്നതില്‍ നീതീകരണമില്ലെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി. സി. സെബാസ്റ്റ്യന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നിലവിലില്ലാത്ത സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പേരില്‍ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയിട്ടുണ്ടെങ്കിലത് ഭരണ സംവിധാനങ്ങളുടെ വീഴ്ചയും നടത്തിപ്പിലെ കെടുകാര്യസ്ഥതയുമാണ്. അഴിമതിക്കാരെ സംരക്ഷിക്കുന്ന ഈ ഉദ്യോഗസ്ഥ വീഴ്ചയില്‍ ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളെ ബലിയാടാക്കുന്നത് ശരിയല്ല.
സ്‌കൂള്‍ വിദ്യാഭ്യാസം രാജ്യത്ത് എല്ലാവര്‍ക്കും സൗജന്യമാണെന്ന വാദമുന്നയിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ 1 മുതല്‍ 8 വരെയുള്ള ക്ലാസ്സുകളിലെ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ 2022 ജൂലൈ മുതല്‍ നിര്‍ത്തലാക്കിയത്. കേരളത്തിലെ മലപ്പുറത്ത് ഒരു ബാങ്കിലൂടെ മാത്രം 66,000 സ്‌കോളര്‍ഷിപ്പുകളും ജമ്മു കാശ്മീരില്‍ 5000 കുട്ടികള്‍ പഠിക്കുന്നിടത്ത് 7000 സ്‌കോളര്‍ഷിപ്പുകളും വിതരണം നടത്തിയിരിക്കുമ്പോള്‍ ഈ പണം എവിടെപ്പോയെന്നും ഇതിന്റെ പിന്നിലാരെന്നും അന്വേഷണം വേണം.
കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച 6 ന്യൂനപക്ഷ വിഭാഗങ്ങളില്‍ ആരാണ് ഈ അഴിമതി നടത്തിയതെന്നും അന്വേഷിച്ച് വ്യക്തമാക്കാതെ എല്ലാ ന്യൂനപക്ഷങ്ങളെയും അടച്ചാക്ഷേപിക്കുന്നതും ശരിയല്ല. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലവിലുള്ള ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കുവാനുള്ള ആയുധമായി സ്‌കോളര്‍ഷിപ്പ് അഴിമതി മാറരുതെന്നും അതേസമയം അഴിമതികള്‍ നടത്തിയവരെ നിയമ സംവിധാനത്തിനുള്ളില്‍ ശിക്ഷിക്കണമെന്നും വി. സി. സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.