കണ്ണീര്‍മലയായി മക്കിമല; ജീപ്പ് അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി

കണ്ണീര്‍മലയായി മക്കിമല; ജീപ്പ് അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി

മാനന്തവാടി: വയനാട് മക്കിമല കണ്ണോത്തുമലയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രാവിലെ എട്ടോടെ ആരംഭിച്ച പോസ്റ്റുമോര്‍ട്ടം 11.40 ഓടെയാണ് പൂര്‍ത്തിയായത്. മരിച്ച ഒമ്പതു പേരുടെയും മൃതദേഹം ഉടന്‍ മക്കിമല എല്‍.പി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.

തുടര്‍ന്ന് അഞ്ച് പേരുടെ മൃതദേഹം വീട്ടുവളപ്പിലും മൂന്ന് പേരുടെ മൃതദേഹം പൊതു ശ്മശാനത്തിലും സംസ്‌കരിക്കും. ഒരാളുടെ മൃതദേഹം ഖബര്‍സ്ഥാനില്‍ ഖബറടക്കും. മക്കിമല ആറാം നമ്പര്‍ പാടിയിലെ തോട്ടം തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിനിടയാക്കിയതെന്നാണ് ചികിത്സയിലുള്ള ഡ്രൈവര്‍ മണികണ്ഠന്‍ പൊലീസിനു നല്‍കിയ മൊഴി.

വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെ മാനന്തവാടി-തലശേരി റോഡില്‍ തലപ്പുഴ തവിഞ്ഞാല്‍ 43ാം മൈല്‍- വാളാട് റോഡിലെ കണ്ണോത്തുമല കവലയിലായിരുന്നു അപകടം. കൂളന്‍തൊടിയില്‍ ലീല (60), സഹോദരന്റെ ഭാര്യ കാര്‍ത്യായനി (65), ശാന്ത (61) മകള്‍ ചിത്ര (32), ശോഭന (60), റാബിയ (55), ഷാജ (38), ചിന്നമ്മ (59), റാണി (58) എന്നിവരാണ് മരിച്ചത്. ഉമാദേവി (40), മോഹന സുന്ദരി (42), ജയന്തി (38), ലത (38), ജീപ്പോടിച്ച മണി (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്. എല്ലാവരും തവിഞ്ഞാല്‍ തലപ്പുഴ മക്കിമല ആറാം നമ്പര്‍ കോളനിയിലുള്ളവരാണ്. ലതയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

വാളാടിലെ സ്വകാര്യ തേയിലത്തോട്ടത്തില്‍ ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികളുമായി സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. വളവും ഇറക്കവുമുള്ള റോഡില്‍ നിന്ന് നിയന്ത്രണം വിട്ട ജീപ്പ് 25 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. വിവരമറിഞ്ഞ് മാനന്തവാടി അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തുമ്പോഴേക്കും സമീപത്തുള്ളവര്‍ എല്ലാവരേയും സ്വകാര്യ വാഹനങ്ങളിലും ആംബുലന്‍സിലുമായി മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചിരുന്നു.

വടം കെട്ടിയിറങ്ങിയും മറ്റുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മാനന്തവാടി അഗ്‌നിരക്ഷ സേനയുടെ രണ്ട് യൂണിറ്റ് സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നെങ്കിലും റോഡ് പണി നടക്കുന്നതിനാല്‍ വാഹനം വേഗത്തില്‍ എത്തിക്കാനായില്ല.
സത്യനാണ് ലീലയുടെ ഭര്‍ത്താവ്. ധനേഷ്, ധന്യ, ധനുഷ എന്നിവര്‍ മക്കളാണ്. കൂക്കോട്ടില്‍ ബാലന്റെ ഭാര്യയാണ് ശോഭന. മക്കള്‍: ബബിത, ബൈജേഷ്. കാപ്പില്‍ മമ്മുവാണ് റാബിയയുടെ ഭര്‍ത്താവ്. മക്കള്‍: സുബൈര്‍, ഹനീഫ, ഹസീന.

പത്മനാഭനാണ് ശാന്തയുടെ ഭര്‍ത്താവ്. അപകടത്തില്‍ മരിച്ച ചിത്രക്ക് പുറമേ ശിവന്‍, രവീന്ദ്രന്‍ എന്നീ മക്കളും ഇവര്‍ക്കുണ്ട്. വേലായുധനാണ് (മണി) കാര്‍ത്യായനിയുടെ ഭര്‍ത്താവ്. ശോഭ, ഷീബ, സിന്ധു എന്നിവര്‍ മക്കളാണ്. പഞ്ചമി ഹൗസില്‍ പ്രമോദിന്റെ (ബാബു) ഭാര്യയാണ് ഷാജ. അനഘ, അജയ് എന്നിവര്‍ മക്കളാണ്. കാര്‍ത്തിക് ആണ് ചിത്രയുടെ ഭര്‍ത്താവ്. രണ്ടു മക്കളുണ്ട്. ചന്ദ്രന്റെ ഭാര്യയാണ് ചിന്നമ്മ. മക്കള്‍: സന്തോഷ്‌കുമാര്‍, ലത, സുധ. തങ്കരാജാണ് റാണിയുടെ ഭര്‍ത്താവ്. ജിഷ, ജിതിന്‍, ജിതേഷ് എന്നിവര്‍ മക്കളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.