കൊച്ചി: മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയുടെ പേരില്‍ ഭൂമി നികത്തല്‍ ആരോപണം നടത്തിയ സിപിഎം ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്. പാവങ്ങളുടെ പാര്‍ട്ടിയുടെ പാവപ്പെട്ട സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എം.എം മണിയുടെ അഴിമതിയും ബിനാമി ഇടപാടുകളുടേയും റിപ്പോര്‍ട്ടുകളാണ് മറനീക്കി വീണ്ടും ചര്‍ച്ചയാകുന്നത്. എംഎം മണിയുടെ സഹോദരന്‍ എം.എം ലംബോദരനും മകന്‍ ലെജീഷിനും ഇടുക്കി ജില്ലയില്‍ കോടികളുടെ ആസ്തിയെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
പാവപ്പെട്ട നേതാവിന്റെ സഹോദരന്റെ ആസ്തികള്‍ കേട്ടാല്‍ ഏതൊരു സാധാരണക്കാരനും ഞെട്ടും. കൈയ്യേറിയത് 100ലധികം ഏക്കര്‍ ഭൂമി, എസ്റ്റേറ്റുകള്‍, സ്വന്തമായി ആറ് കാറുകള്‍, ഒരെണ്ണം മേഴ്‌സിഡസ് ബെന്‍സ്, രണ്ട് കോടിയുടെ കൊട്ടാര സമാനമായ വീട് അങ്ങനെ നീളുന്നു.
ഏലം ലേല കേന്ദ്രത്തിനായി സ്‌പൈസസ് ബോര്‍ഡിന് നല്‍കിയ അപേക്ഷയില്‍ ലംബോദരനും കുടുംബത്തിനും കോടികളുടെ ആസ്തികളുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. സിപിഎം രാജാക്കാട് മുന്‍ ഏരിയ സെക്രട്ടറിയായിരുന്നു ലംബോദരന്‍.
രാജാക്കാട്ടെ പുലരി പ്ലാന്റേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ഡയറക്ടര്‍മാരായ ലംബോദരന്റെ ഭാര്യ സരോജിനിക്കും മകന്‍ ലെജീഷിനും കോടികളുടെ ആസ്തിയുണ്ടെന്ന് ഏലം ലേല കേന്ദ്രത്തിനായി സ്‌പൈസസ് ബോര്‍ഡിനു നല്‍കിയ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പുലരി പ്ലാന്റേഷന്‍സില്‍ അഞ്ച് ഡയറക്ടര്‍മാരാണ് ഉള്ളത്. ഇതിലൊരാളായ ലംബോദരന്റെ മകന്‍ ലെജീഷിന് അഞ്ച് കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്നാണ് ഏലം ലേല കേന്ദ്രത്തിനായുള്ള അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
കൂടാതെ ലംബോദരന്റെ ഭാര്യ സരോജിനിക്ക് 10 കോടി രൂപയുടെ ആസ്തിയുണ്ടെന്നും അപേക്ഷയില്‍ പറയുന്നു. ഏലം ലേല കേന്ദ്രത്തിനായി അപേക്ഷ നല്‍കിയെങ്കിലും ലെജീഷിനു ലഭിച്ചില്ല. 2017 ല്‍ തന്നെ സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ചിന്നക്കനാല്‍ മേഖലയില്‍ ലംബോദരന്‍ വ്യാപകമായി ഭൂമി കയ്യേറിയിട്ടുണ്ടെന്നും ഇക്കാരണത്താലാണ് ചിന്നക്കനാല്‍ മേഖലയിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ സിപിഎം നേതാക്കള്‍ തടസം നില്‍ക്കുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു.
2007 ല്‍ മൂന്നാര്‍ ദൗത്യസംഘം പിടിച്ചെടുത്തതില്‍ ലംബോദരന്റെ സ്ഥലങ്ങളും ഉള്‍പ്പെട്ടിരുന്നു. അന്നു മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ ലംബോദരനെതിരെ രൂക്ഷമായ പരാമര്‍ശങ്ങളും നടത്തിയിരുന്നു. വി.എസിന്റെ പരാമര്‍ശങ്ങള്‍ തന്നെ വേദനിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടി ലംബോദരന്‍ അന്നു പിണറായി വിജയന് മധ്യസ്ഥന്‍ വഴി പരാതി നല്‍കിയതും വിഎസിനെ ചൊടിപ്പിച്ചിരുന്നു.
മൂന്നാര്‍ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിനു വി.എസ് നിര്‍ദേശിച്ച ആദ്യ കേസില്‍ കുടുങ്ങിയതും ലംബോദരനായിരുന്നു. വിജിലന്‍സ് പിടിച്ചെടുത്ത രേഖകള്‍ വിജിലന്‍സ് സംഘം ഫൊറന്‍സിക് പരിശോധനയ്ക്കായി തിരുവനന്തപുരം ഫൊറന്‍സിക് ലാബിലേക്ക് അയച്ചു. തുടര്‍ന്ന് ലംബോദരന്‍ മൂന്നാറില്‍ കൈവശപ്പെടുത്തിയ ഭൂമിയുടെ പട്ടയം വ്യാജമാണെന്നുള്ള ഫൊറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നു.
സര്‍ക്കാര്‍ സ്ഥലം ലംബോദരന്റെ ബന്ധുവിന്റെ പേരില്‍ വ്യാജ രേഖകള്‍ ചമച്ചു വാങ്ങുകയും അത് പിന്നീട് വില്‍പന നടത്താന്‍ വേറെയും കൃത്രിമ രേഖകള്‍ ചമയ്ക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതാണ് ഫോറന്‍സിക് പരിശോധനയിലേക്ക് നയിച്ചത്. ലംബോദരന്‍ മൂന്നാറില്‍ കൈവശപ്പെടുത്തിയ ഭൂമിയുടെ പട്ടയ രേഖയിലെ ഒപ്പ്, വിരലടയാളം എന്നിവയില്‍ കൃത്രിമം നടന്നതായും വിജിലന്‍സ് കണ്ടെത്തുകയുണ്ടായി. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തുവിടേണ്ടെന്നായിരുന്നു ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശം.
മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി കയ്യേറ്റങ്ങളെക്കുറിച്ച് യുഡിഎഫ് സര്‍ക്കാര്‍ അന്വേഷണം തുടങ്ങിയതോടെയാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട് പുറത്തായത്. ഈ കേസില്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
വിടാതെ അഴിമതി
ലംബോദരന്റെ ഭാര്യയുടെ പേരില്‍ വെള്ളത്തൂവല്‍ വില്ലേജിലെ ഇരുട്ടുകാനത്തു സിപ് ലൈന്‍ പദ്ധതി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് 2022 ല്‍ മറ്റൊരു വിവാദവും ഉണ്ടായി. 1964ലെ ഭൂപതിവ് ചട്ടമനുസരിച്ച് പതിച്ചു നല്‍കിയ ഭൂമിയില്‍ ദേശീയപാതയോടു ചേര്‍ന്നാണ് സാഹസിക ടൂറിസത്തിന്റെ ഭാഗമായ സിപ് ലൈന്‍ പദ്ധതിക്കു വേണ്ടിയുള്ള നിര്‍മാണം ആരംഭിച്ചത്. രണ്ട് മലകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന കേബിളില്‍ തൂങ്ങി സഞ്ചരിക്കുന്ന സാഹസിക വിനോദമാണ് സിപ് ലൈന്‍.
പദ്ധതിക്ക് വെള്ളത്തൂവല്‍ പഞ്ചായത്തും ടൂറിസം വകുപ്പും അനുമതി നല്‍കിയിരുന്നു. എന്നാല്‍ റവന്യു വകുപ്പ് വെള്ളത്തൂവല്‍ ഉള്‍പ്പെടെ എട്ട് വില്ലേജുകളില്‍ താല്‍ക്കാലിക നിര്‍മിതികള്‍ക്കു പോലും നിരാക്ഷേപ പത്രം നല്‍കാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. കൃഷിക്കും വീട് നിര്‍മാണത്തിനും മാത്രം അനുമതിയുള്ള ഭൂമിയില്‍ സിപ് ലൈന്‍ പദ്ധതി കൊണ്ടുവരാന്‍ റവന്യു അധികൃതര്‍ നിയമവിരുദ്ധമായി സഹായിച്ചുവെന്നായിരുന്നു ആരോപണം. സ്ഥിര നിര്‍മിതിയല്ലാത്തതിനാല്‍ റവന്യു വകുപ്പിന്റെ നിരാക്ഷേപ പത്രം ആവശ്യമില്ലെന്നായിരുന്നു പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. 2018 ലെ പ്രളയത്തില്‍ ഇതിനു സമീപമുള്ള സ്വകാര്യ ജലവൈദ്യുത പദ്ധതി പ്രദേശത്ത് ഉരുള്‍പൊട്ടി നാശനഷ്ടം ഉണ്ടായ മലയോടു ചേര്‍ന്നാണു നിര്‍മാണം നടന്നത്. ഈ ആരോപണത്തിലും നടപടികളൊന്നും ഉണ്ടായില്ല.
മാത്യൂ കുഴല്‍നാടനെതിരെയുള്ള ആരോപണം ആളിക്കത്തിക്കാന്‍ തീരുമാനിച്ച നേതാക്കള്‍ക്ക് അനധികൃതമായി ഒന്നും കണ്ടെത്താന്‍ സാധിച്ചതുമില്ല, സിപിഎമ്മിന്റെ അഴിമതിക്കഥകള്‍ മറനീക്കി പുറത്ത് വരികയും ചെയ്തതോടെ പാണിപാളിയ അവസ്ഥയിലാണ്. എന്തായാലും ചേട്ടന്‍ വിയര്‍ക്കുന്നതിന്റെ കൂലി അനിയനോ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം?
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.