പ്രായമായ മാതാപിതാക്കളെ അവഗണിക്കുന്ന മക്കള്‍ക്കെതിരേ നിയമമവുമായി യു.പി സര്‍ക്കാര്‍; സ്വത്തുക്കള്‍ നഷ്ടമാകും

പ്രായമായ മാതാപിതാക്കളെ അവഗണിക്കുന്ന മക്കള്‍ക്കെതിരേ നിയമമവുമായി യു.പി സര്‍ക്കാര്‍; സ്വത്തുക്കള്‍ നഷ്ടമാകും

ലഖ്‌നൗ: പ്രായമായ മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്ന മക്കളുടെ സ്വത്തവകാശവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഭിഭാഷകരുമായി കൂടി ആലോചിച്ച ശേഷം സാമൂഹ്യക്ഷേമ വകുപ്പ് യോഗി ആദിത്യനാഥിന് മുന്നില്‍ പുതിയ നിര്‍ദേശം അവതരിപ്പിക്കും.

ഈ നിര്‍ദേശത്തിലൂടെ, വയോധികരായ മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്ന മക്കളെയും ബന്ധുക്കളെയും സ്വത്തില്‍ നിന്ന് ഒഴിപ്പിക്കാനുള്ള നടപടികള്‍ എളുപ്പമാക്കും. ഇതിലൂടെ 30 ദിവസത്തിനുള്ളില്‍ മക്കളെ സ്വത്തില്‍ നിന്ന് പുറത്താക്കാനാകും. ഇതിനായി പൊലീസും മാതാപിതാക്കളെ സഹായിക്കും.

ഇതിന്റെ ഭാഗമായി മുതിര്‍ന്ന പൗരന്മാരുടെ മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ റൂള്‍സ് 2014 ഭേദഗതി ചെയ്യും. ഇതിനായുളള നിര്‍ദ്ദേശം തയ്യാറാക്കിയിട്ടുണ്ട്. ഈ നിര്‍ദേശപ്രകാരം, മുതിര്‍ന്ന പൗരന്മാര്‍ക്ക് അവരുടെ സ്വത്തില്‍ നിന്ന് മക്കളെ ഒഴിപ്പിക്കാനുള്ള അപേക്ഷ അധകൃതര്‍ക്ക് സമര്‍പ്പിക്കാം.

അപേക്ഷ നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍, ഏതെങ്കിലും സ്ഥാപനത്തിന്റെ പേരില്‍ അപേക്ഷ സമര്‍പ്പിക്കാം. ഒഴിപ്പിക്കല്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ ട്രൈബ്യൂണലിന് അധികാരമുണ്ട്. ഉത്തരവ് പുറപ്പെടുവിച്ച് 30 ദിവസത്തിനുള്ളില്‍ സ്വത്തില്‍ നിന്ന് ഒഴിയാന്‍ തയ്യാറായില്ലെങ്കില്‍ ട്രൈബ്യൂണല്‍ വയോജനങ്ങളെ സ്വത്ത് കൈവശപ്പെടുത്താന്‍ സഹായിക്കും.

മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ റൂള്‍സ് 2014 ലാണ് ഉത്തര്‍പ്രദേശില്‍ നിലവില്‍ വന്നത്. 2007 ലെ കേന്ദ്ര സര്‍ക്കാരിലെ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും ആക്ടിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്.

ഈ ചട്ടപ്രകാരം ജില്ലാ മജിസ്‌ട്രേറ്റിന്റെ അധ്യക്ഷതയിലാണ് മെയിന്റനന്‍സ് അതോറിറ്റി രൂപീകരിച്ചിരിക്കുന്നത്. ഇത് നിലവില്‍ വന്നാല്‍ മാതാപിതാക്കളെ പരിപാലിക്കാത്ത മക്കളെയോ ബന്ധുക്കളെയോ അവരുടെ നിയമപരമായ സ്വത്തില്‍ നിന്ന് പുറത്താക്കാനുള്ള വ്യവസ്ഥയുണ്ടാകും. കൂടാതെ, ഇവരെ ഒഴിപ്പിക്കുന്നതിനുള്ള അപേക്ഷയും അധികൃതര്‍ക്ക് മുമ്പാകെ നല്‍കാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.