ബൈഡന് പ്രസിഡന്‍ഷ്യല്‍ സ്യൂട്ട്, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയ്ക്ക് ഇംപീരിയല്‍ ഹോട്ടല്‍; ജി20 ഉച്ചകോടിക്കൊരുങ്ങി ഡല്‍ഹി

ബൈഡന് പ്രസിഡന്‍ഷ്യല്‍ സ്യൂട്ട്, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയ്ക്ക് ഇംപീരിയല്‍ ഹോട്ടല്‍; ജി20 ഉച്ചകോടിക്കൊരുങ്ങി ഡല്‍ഹി

ന്യൂഡല്‍ഹി: അടുത്ത മാസം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് തലസ്ഥാന നഗരമായ ഡല്‍ഹി. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടി വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ വൈകാതെ തന്നെ എത്തിത്തുടങ്ങും. ഡഹി-എന്‍സിആറില്‍ മുപ്പതിലധികം ആഡംബര ഹോട്ടലുകളാണ് പ്രതിനിധികള്‍ക്കായി ആതിഥേയത്വം വഹിക്കുന്നത്.

യുഎസ് പ്രസിഡന്റ് ജോ ബൈഡന് വേണ്ടി ഐടിസി മൗര്യയിലാണ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന് താജ് പാലസ് ഹോട്ടലിലാണ് താമസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആകെ ഡല്‍ഹിയില്‍ 23 ഹോട്ടലുകളും എന്‍സിആര്‍ പ്രദേശത്ത് ഒന്‍പത് ഹോട്ടലുകളുമാണ് ഒരുങ്ങുന്നത്.

പഴുതടച്ച സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തങ്ങുന്ന ഹോട്ടലിന്റെ ഓരോ നിലയിലും അമേരിക്കന്‍ സീക്രട് സര്‍വീസിലെ കമാന്റോമാര്‍ ഉണ്ടാകും. പ്രസിഡന്റ് ഹോട്ടലിന്റെ 14-ാം നിലയിലാകും താമസിക്കുക. ഹോട്ടലിലെ 400 മുറികളും ബുക്ക് ചെയ്തിട്ടുണ്ട്. ഓരോ നിലകളിലും പ്രത്യേകം ലിഫ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്.

ഇന്ത്യന്‍ വംശജന്‍ കൂടിയായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഷാംഗ്രി-ലാ ഹോട്ടലിലാണ് താമസിക്കുക. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് ക്ലാരിഡസ് ഹോട്ടലിലാണ് താമസം ഒരുക്കുന്നത്. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ് ഇംപീരിയല്‍ ഹോട്ടലിലും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് താജ് പാലസ് ഹോട്ടലിലും താമസിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സുരക്ഷ വിഭാഗം നേരത്തെ തന്നെ ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. പ്രസിഡന്റുമാര്‍ക്ക് പുറമെ, മറ്റ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയും ഹോട്ടലുകള്‍ ഒരുക്കിയിട്ടുണ്ട്.

സുരക്ഷ ഉറപ്പാക്കുന്നതിന് അര്‍ദ്ധസൈനിക സേന, എന്‍എസ്ജി കമാന്‍ഡോകള്‍, ഡല്‍ഹി പൊലീസ് സംഘങ്ങള്‍ എന്നിവരും സജ്ജമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തി.

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന അതിഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഗ്രേറ്റര്‍ നോയിഡയിലെ വിഐപി സുരക്ഷാ പരിശീലന കേന്ദ്രത്തില്‍ 1000 പേരടങ്ങുന്ന സംഘത്തെ സിആര്‍പിഎഫ് സംഘടിപ്പിച്ചിട്ടുണ്ട്.

ഡല്‍ഹിയിലെ ഹോട്ടലുകളുടെ പട്ടിക ഇങ്ങനെ, ഐടിസി മൗര്യ, താജ് മാന്‍സിങ്, താജ് പാലസ്, ഹോട്ടല്‍ ഒബ്രോയ്, ഹോട്ടല്‍ ലളിത്, ദ ലോധി, ലെ മെറീഡിയന്‍, ഹയാത്ത് റസിഡന്‍സി, ഷാങ്രി ലാ, ലീലാ പാലസ്, ഹോട്ടല്‍ അശോക, ഇറോസ് ഹോട്ടല്‍, ദ സൂര്യ, റാഡിസണ്‍ ബ്ലൂ പ്ലാസ, ജെ ഡബ്ലിയു മാരിയേറ്റ്, ഷേര്‍ടണ്‍, ദ ലീല ആംബിയന്‍സസ് കണ്‍വെന്‍ഷന്‍, ഹോട്ടല്‍ പുള്‍മാന്‍, റോസെറ്റെ ഹോട്ടല്‍, ദ ഇംപീരിയല്‍എന്‍സിആര്‍-ദ വിവന്ദ, ഐടിയുസി ഗ്രാന്‍ഡ്, താജ് സിറ്റി സെന്റര്‍, ഹയാത്ത് റീജിയന്‍സി, ദ ഒബറോയ്, വെസ്റ്റ് ഇന്‍, ക്രൗണ്‍ പ്ലാസ എന്നിങ്ങനെയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.