ചന്ദ്രോപരിതലത്തിലെ പ്രകമ്പനം രേഖപ്പെടുത്തി ചന്ദ്രയാന്‍; ഉറവിടത്തെപ്പറ്റി പഠനം തുടങ്ങിയെന്ന് ഐഎസ്ആര്‍ഒ

ചന്ദ്രോപരിതലത്തിലെ പ്രകമ്പനം രേഖപ്പെടുത്തി ചന്ദ്രയാന്‍; ഉറവിടത്തെപ്പറ്റി പഠനം തുടങ്ങിയെന്ന് ഐഎസ്ആര്‍ഒ

ബംഗളൂരു: ചന്ദ്രോപരിതലത്തിലെ പ്രത്യേക പ്രകമ്പനം രേഖപ്പെടുത്തി ചന്ദ്രയാന്‍ 3. ലാന്‍ഡറിലെ ഇല്‍സ (ഇന്‍സ്ട്രമെന്റ് ഫോര്‍ ദി ലൂണാര്‍ സെസ്മിക് ആക്ടിവിറ്റി) എന്ന ഉപകരണമാണ് ചന്ദ്രനിലെ പ്രകമ്പനം കണ്ടെത്തിയത്. ഈ മാസം 26 ന് രേഖപ്പെടുത്തിയ പ്രകമ്പനത്തിന്റെ ഗ്രാഫ് പുറത്തു വിട്ട ഐഎസ്ആര്‍ഒ പ്രതിഭാസത്തിന്റെ ഉറവിടത്തെ കുറിച്ച് പഠനം തുടങ്ങിയെന്ന് അറിയിച്ചു.

ചന്ദ്രോപരിതലത്തില്‍ സ്വാഭാവികമായി സംഭവിക്കുന്ന പ്രകമ്പനവും പ്രഗ്യാന്‍ റോവറും പരീക്ഷണോപകരണങ്ങളും പ്രവര്‍ത്തിക്കുമ്പോഴുള്ള പ്രകമ്പനവും ഇല്‍സ രേഖപ്പെടുത്തിയിട്ടുണ്ട്.

ചന്ദ്രനിലെത്തിക്കുന്ന ആദ്യത്തെ മൈക്രോ ഇലക്ട്രിക്കോ മെക്കാനിക്കല്‍ സിസ്റ്റംസ് ഉപകരണമാണ് ഇല്‍സ. ചന്ദ്രനിലെ വിവിധങ്ങളായ പ്രകമ്പനം സംബന്ധിച്ച നിരീക്ഷണം നടത്തുന്നതിനുവേണ്ടി ലാന്‍ഡറില്‍ ഘടിപ്പിച്ച പരീക്ഷണോപകരണമാണിത്.

സിലിക്കണ്‍ മൈക്രോമാച്ചിംഗ് പ്രക്രിയ ഉപയോഗിച്ച് തദ്ദേശീയമായി നിര്‍മ്മിച്ച ആറ് ഹൈ-സെന്‍സിറ്റിവിറ്റി ആക്സിലറോ മീറ്ററുകളുടെ ഒരു ക്ലസ്റ്റര്‍ ആണ് ഇല്‍സയിലുള്ളത്. സ്വാഭാവിക ഭൂകമ്പങ്ങള്‍, ആഘാതങ്ങള്‍, കൃത്രിമ സംഭവങ്ങള്‍ എന്നിവയാല്‍ ഉണ്ടാകുന്ന ഭൂചലനങ്ങള്‍ അളക്കുക എന്നതാണ് ഇല്‍സയുടെ പ്രാഥമിക ലക്ഷ്യം.

ബംഗളൂരുവിലാണ് ഇത് വികസിപ്പിച്ചത്. നേരത്തേ മറ്റൊരു പരീക്ഷണോപകരണമായ ചാസ്തെ വഴി ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ താപനില സംബന്ധിച്ച നിരീക്ഷണം നടത്തിയിരുന്നു. ചന്ദ്രന്റെ മണ്ണില്‍ താഴേക്ക് പോകുംതോറും ചൂട് കുറഞ്ഞുവരുന്നതായി കണ്ടെത്തി. മണ്ണിന് മികച്ച താപ പ്രതിരോധ ശേഷിയുള്ളതായും ഇതുവഴി മനസിലാക്കാനായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.