കൗമാരക്കാരോട് കരുതല്‍ വേണം; അവരെ കേള്‍ക്കാന്‍ തയ്യാറാകണം

കൗമാരക്കാരോട് കരുതല്‍ വേണം; അവരെ കേള്‍ക്കാന്‍ തയ്യാറാകണം

ജിജ്ഞാസകളുടെ കാലഘട്ടമാണ് കൗമാരം. ലോകത്തുള്ള എന്തിനെക്കുറിച്ചും അറിയാനുള്ള അദമ്യമായ ആഗ്രഹം പിറവി കൊള്ളുന്ന നിര്‍ണായക കാലം. ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ഊടും പാവും നെയ്‌തെടുക്കപ്പെടുന്ന സുവര്‍ണ കാലം കൂടിയാണത്.

എന്നാല്‍ കാല്‍ നൂറ്റാണ്ട് മുന്‍പുള്ള കൗമാര പ്രായവും ഇന്നത്തെ കൗമാരവും തമ്മില്‍ താരതമ്യമേതുമില്ല. അന്ന് ഗോലിയും കിളിത്തട്ടും കളിച്ചു വളര്‍ന്ന കൗമാരം ഇന്ന് പബ്ജിയും ഇന്‍സ്റ്റയും കളിക്കുന്നു. ദേഹത്ത് പൊടിമണ്ണ് പറ്റാത്ത ദിവസങ്ങളില്ലായിരുന്നു അന്ന്. ഇന്നിപ്പോള്‍ അടച്ചിട്ട മുറിയും ഒരു മൊബൈല്‍ ഫോണുമുണ്ടെങ്കില്‍ കൗമാരക്കാര്‍ പൂര്‍ണ തൃപ്തര്‍. ലോകം അവരുടെ വിരല്‍ത്തുമ്പില്‍ കറങ്ങും.

അനുദിനം അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന ആധുനിക സാങ്കേതിക വിദ്യകളും ന്യൂതനമായ കണ്ടെത്തലുകളും ലോകത്തെ മാറ്റി മറിയ്ക്കുമ്പോള്‍ അവയോടെല്ലാം പക്വതയില്ലാതെ സംവദിക്കുന്ന നമ്മുടെ കൗമാര പ്രായക്കാര്‍ വലിയ ചതിക്കുഴികളുടെ വക്കിലൂടെയാണ് കടന്നു പോകുന്നത്.

പുത്തനറിവുകളുടെ പുതു വാതായനങ്ങള്‍ തുറക്കാന്‍ വെമ്പല്‍ കൊള്ളുന്ന കൗമാര മനസുകളുടെ നിഷ്‌കളങ്കതയെ കാര്‍ന്നു തിന്നാന്‍ കരിമ്പടം കെട്ടി കാത്തിരിക്കുന്ന കഴുകന്‍മാരുടെ കെണിയില്‍ വീണു പോകുന്നവര്‍ നിരവധിയാണ്. പെരുമ്പാമ്പിന്റെ വളയിലകപ്പെട്ടതു പോലെ ഒരിക്കല്‍ പെട്ടു പോയാല്‍ മടങ്ങി വരവ് അപ്രാപ്യം. അത്രകണ്ട് ഭീകരമാണ് ആ ചങ്ങലക്കുരുക്കുകള്‍.

കൗമാരക്കാരെ കീഴടക്കുന്ന ലഹരികള്‍ പല വിധമാണ്... വ്യത്യസ്തങ്ങളായ മൊബൈല്‍ ഗെയിമുകള്‍, ചെമ്പരുന്തിനെപ്പോലെ റാകിപ്പറക്കാന്‍ മാടിവിളിക്കുന്ന സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍, അവിടെ വിപണനത്തിന് വച്ചിരിക്കുന്ന ലൈംഗീകത, മാരകങ്ങളായ മയക്കു മരുന്നുകള്‍, പ്രേമം നടിച്ച് വലയിലാക്കി ആസക്തി തീര്‍ത്ത് കടന്നു കളയുന്ന മാംസക്കൊതിയന്‍മാര്‍... അങ്ങനെ... അങ്ങനെ എന്തെല്ലാം.

ലൈംഗീക പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഒരു ദിവസവും കേരളത്തിലില്ല. അവയില്‍ ഭൂരിഭാഗവും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള പരിചയപ്പെടലുകളും തുടര്‍ന്നുള്ള പ്രണയക്കെണികളുമാണ്. മയക്കു മരുന്നിന് അടിമകളാക്കിയും അതിന്റെ ഏജന്റുമാരാക്കിയും കുട്ടികളെ ദുരുപയോഗം ചെയ്യുന്ന വന്‍ മഫിയകളും ഈ കാണാച്ചരടുകള്‍ക്കുള്ളില്‍ മറഞ്ഞിരിപ്പുണ്ട്.

ഇന്റര്‍നെറ്റില്ലാത്ത ഒരു നിമിഷത്തെപ്പറ്റി ചിന്തിക്കാനാകാത്ത കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. മനുഷ്യന്റെ അനുദിന ജീവിതം ആ സാങ്കേതിക വിദ്യയുമായി അത്രയധികം ബന്ധപ്പെട്ടാണ് കിടക്കുന്നത്. എന്നാല്‍ അതുവഴി സംഭവിക്കുന്ന അപകടങ്ങളും വ്യാപ്തിയേറിയതാണെന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു.

അതിനാല്‍ നമ്മുടെ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തെ നാം കരുതിയിരിക്കണം. പഠനാവശ്യങ്ങള്‍ക്കല്ലാതെ അനവസരങ്ങളില്‍, പ്രത്യേകിച്ച് ഏകാന്ത നിമിഷങ്ങളില്‍ കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമാക്കരുത്. തുടക്കത്തില്‍ തന്നെ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വലിയ അപകടങ്ങള്‍ ഒഴിവാക്കാം.

ഇനി മൊബൈല്‍ ഫോണിനും ഇന്റര്‍നെറ്റിനും അടിമകളായിപ്പോയ കുട്ടികളെ നല്ല സ്‌നേഹോപദേശത്തിലൂടെ അതില്‍ നിന്നും പിന്തിരിപ്പിക്കണം. അതിന്റെ ദൂഷ്യ വശങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തണം. പെട്ടന്നുള്ള വിലക്കിന് മുതിരരുത്. അതവരെ നിക്ഷേധികളും അക്രമാസക്തരുമാക്കി മാറ്റിയാക്കാം. പിന്നീട് ആകുലത, ഉല്‍ക്കണ്ഠ ആത്മവിശ്വാസമില്ലായ്മ തുടങ്ങിയ മനോനിലകളിലേക്കും നയിച്ചേക്കാം.

എല്ലാറ്റിനും ഉപരിയായി മാതാപിതാക്കള്‍ എത്ര തിരക്കുള്ളവരായാലും മക്കളോടൊത്ത് ചിലവഴിക്കാന്‍ സമയം കണ്ടെത്തണം. അവരെ കേള്‍ക്കാന്‍ തയ്യാറാകണം. ആരോഗ്യപരമായ ചര്‍ച്ചകള്‍ക്കുള്ള ഇടമായി കുടുംബം മാറണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.