സഭാ സംവിധാനങ്ങളെക്കുറിച്ച് വിശ്വാസികളില്‍ തെറ്റിദ്ധാരണ പരത്തിയ ജസ്റ്റിസ് കുര്യന്‍ ജോസഫിന് സഭയുടെ മറുപടി

സഭാ സംവിധാനങ്ങളെക്കുറിച്ച് വിശ്വാസികളില്‍ തെറ്റിദ്ധാരണ പരത്തിയ ജസ്റ്റിസ് കുര്യന്‍ ജോസഫിന് സഭയുടെ മറുപടി

കൊച്ചി: വിശ്വാസികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതും പൊതുസമൂഹത്തില്‍ സഭാ സംവിധാനങ്ങളെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്നതുമായ ഒരു പ്രസംഗം എറണാകുളം-അങ്കമാലി അതിരൂപതയിലെ മുട്ടം ഫോറാനാ പള്ളിയില്‍ നടന്ന ഒരു ചടങ്ങില്‍ സുപ്രീം കോടതി മുന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് നടത്തിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സഭ കൃത്യമായി മറുപടി നല്‍കി.

1. പരിശുദ്ധ മാര്‍പാപ്പ വിളിച്ചുകൂട്ടുന്ന സാര്‍വത്രിക സഭയിലെ മെത്രാന്‍ സിനഡും സീറോ മലബാര്‍ സഭ ഉള്‍പ്പെടുന്ന പൗരസ്ത്യ സഭകളിലെ ഭരണസംവിധാനമായ മെത്രാന്‍ സിനഡും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെയാണ് സിനഡു സമ്മേളനങ്ങളെക്കുറിച്ചും ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണത്തെക്കുറിച്ചും അദേഹം സംസാരിച്ചതെന്ന് വ്യക്തമാണ്. ആഗോള സഭാ സിനഡില്‍ പരിശുദ്ധ പിതാവ് തീരുമാനിക്കുന്ന പ്രകാരം മെത്രാന്മാരുടെയും വൈദികരുടെയും സമര്‍പ്പിതരുടെയും അല്മായരുടെയും പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.

2. പൗരസ്ത്യസഭകളിലെ പ്രത്യേക ഭരണസംവിധാനമായ സഭാസിനഡില്‍ മെത്രാന്മാര്‍ മാത്രമാണ് അംഗങ്ങള്‍ (c. 102 § 1). ഇത് പരിശുദ്ധ പിതാവ് അംഗീകരിച്ചു നല്‍കിയ സഭാനിയമമനുസരിച്ച് പ്രവര്‍ത്തിക്കുന്ന സംവിധാനമാണ്.

3. പൗരസ്ത്യ സഭകള്‍ക്കായുള്ള കാനന്‍ നിയമം c. 102 § 3 പ്രത്യേക സന്ദര്‍ഭങ്ങളില്‍ ക്ഷണിതാക്കളായി വിശ്വാസികളുടെ പ്രതിനിധികള്‍ക്ക് സിനഡില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുന്നുണ്ട്. സീറോമലബാര്‍സഭയുടെ മെത്രാന്‍ സിനഡില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരെയും സമര്‍പ്പിതസമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരെയും പ്രത്യേക ക്ഷണിതാക്കളായി വിളിക്കുകയും അവരെ ശ്രവിക്കുകയും ചെയ്യാറുണ്ട്.

4. 1996 ല്‍ റോമില്‍ നടന്നത് സീറോമലബാര്‍ സിനഡിന്റെ ഒരു പ്രത്യേക സമ്മേളനമായിരുന്നു. അതില്‍ ക്ഷണിതാക്കളിലൊരാളായി മാത്രമാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് സാര്‍ പങ്കെടുത്തത്. അന്ന് റോമില്‍ നടന്ന സിനഡു സമ്മേളനം മാത്രമാണ് യഥാര്‍ത്ഥ സിനഡെന്നു പ്രചരിപ്പിക്കുന്നത് വസ്തുതാവിരുദ്ധമാണ്.

5. ആരാധനാക്രമ വിഷയങ്ങളില്‍ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം പൗരസ്ത്യസഭാ ഭരണസംവിധാനത്തില്‍ മെത്രാന്‍ സിനഡില്‍ മാത്രം നിക്ഷിപ്തമാണ് (c. 110 § 1 & c. 150 § 2).

6. പൗരസ്ത്യസഭാ ഭരണസംവിധാനത്തില്‍ മെത്രാന്മാരും, വൈദിക-സമര്‍പ്പിത-അല്മായ പ്രതിനിധികളും ഉള്‍പ്പെടുന്ന സമ്മേളനമാണ് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസ്സംബ്ലി. സഭാ ജീവിതത്തെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വേദിയാണത്. ഇത്തരം നാല് മഹായോഗങ്ങള്‍ ഇതിനോടകം സംഘടിപ്പിക്കപ്പെട്ടുകഴിഞ്ഞു. അഞ്ചാമത് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസ്സംബ്ലി 2024 ഓഗസ്റ്റ് 23 മുതല്‍ 25 വരെ പാലാ രൂപതയുടെ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിക്കപ്പെടും.

വസ്തുതകള്‍ ഇവയായിരിക്കെ അടിസ്ഥാനരഹിതവും സഭയുടെ നൈയാമികമായ വ്യവസ്ഥിതിയെ അട്ടിമറിക്കുന്ന രീതിയിലുമുള്ള പ്രസ്താവനയാണ് ജസ്റ്റിസ് നടത്തിയതെന്ന് പറയാതെ വയ്യ. ഏകീകൃത വിശുദ്ധ കുര്‍ബ്ബാന അര്‍പ്പണരീതി നടപ്പിലാക്കുന്നതില്‍ ഒരു സമവായം ഉണ്ടാകണമെന്ന് ജസ്റ്റിസ് ആവര്‍ത്തിച്ചു പറയുന്നുണ്ടല്ലോ. ദശാബ്ദങ്ങളായി സഭയില്‍ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനു 1999ല്‍ അഭിവന്ദ്യ കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ പിതാവിന്റെ നേതൃത്വത്തില്‍ സിനഡു പിതാക്കന്മാര്‍ തീരുമാനത്തിലെത്തിയതാണ്.

എന്നാല്‍ ആറു രൂപതകള്‍ക്ക് ആ തീരുമാനം സ്വീകരിക്കാന്‍ അന്ന് സാധിച്ചില്ല. പിന്നീട് നടത്തിയ പരിശീലനങ്ങളുടെ അടിസ്ഥാനത്തിലാണ് 2021 ഓഗസ്റ്റ് മാസത്തില്‍ സഭ മുഴുവനിലും ഏകീകൃത വിശുദ്ധ കുര്‍ബ്ബാനയര്‍പ്പണം നടപ്പിലാക്കാന്‍ സിനഡ് തീരുമാനിച്ചത്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും എറണാകുളം-അങ്കമാലി അതിരൂപതയിലൊഴികെ നമ്മുടെ സഭയിലെ 34 രൂപതകളിലും ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി നടപ്പിലായി.

ആവശ്യത്തിന് ചര്‍ച്ചകള്‍ നടന്നിട്ടില്ല എന്നുള്ള ജസ്റ്റിസ് കുര്യന്‍ ജോസഫ് സാറിന്റെ ആരോപണം വസ്തുതാവിരുദ്ധവും പുകമറ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗവുമാണെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഏകീകൃത വിശുദ്ധകുര്‍ബ്ബാനയര്‍പ്പണരീതിയെക്കുറിച്ച് സെന്‍ട്രല്‍ ലിറ്റര്‍ജിക്കല്‍ കമ്മിറ്റി (CLC) വിശദമായി ചര്‍ച്ചകള്‍ നടത്തിയിട്ടുള്ളതാണ്. അതോടൊപ്പം തന്നെ നവീകരിച്ച തക്‌സ പുനര്‍വിചിന്തനത്തിനും അഭിപ്രായസമന്വയത്തിനും വേണ്ടി എല്ലാ രൂപതകളിലേക്കും അയച്ചുകൊടുത്തതും രൂപതാ സമിതികള്‍ ചര്‍ച്ച ചെയ്ത് നല്‍കിയ അഭിപ്രായങ്ങളുടെ വെളിച്ചത്തില്‍ ക്രമീകരിക്കപ്പെട്ടിട്ടുള്ളതുമാണ്.

2022 മാര്‍ച്ച് 25ന് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ എഴുതിയ കത്തില്‍ സിനഡു തീരുമാനത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: 'നിങ്ങളുടെ സഭയുടെ ഭിന്നങ്ങളായ പാരമ്പര്യങ്ങളെക്കുറിച്ചു പൂര്‍ണ അവബോധത്തോടെ, അവരവരുടെ ആരാധനാരീതികളില്‍നിന്ന് ഒരു ചുവടു പിന്നോട്ട് വയ്ക്കാനും അങ്ങനെ കൂട്ടായ്മയുടെ അടയാളം പ്രകടമാക്കാനും കൂടുതല്‍ മഹത്തരമായ സ്‌നേഹത്തിനും സാക്ഷ്യത്തിനുംവേണ്ടി ഇതില്‍ ഉള്‍പ്പെട്ട എല്ലാവരും അവരുടെ സ്വന്തമായ ചില പ്രത്യേകതകള്‍ ത്യാഗംചെയ്യാനും നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു.

വിശുദ്ധ കുര്‍ബാന നടപ്പിലാക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട തീയതിയായ 2021 നവംബര്‍ 28 മുതല്‍ തീരുമാനം നടപ്പില്‍ വരുത്താന്‍ 34 രൂപതകള്‍ തീരുമാനിച്ചിരുന്നു. നിങ്ങളുടെ കാര്യത്തില്‍ ഇതുണ്ടായില്ല എന്നത് ഖേദകരമാണ്. വൈഷമ്യം നിറഞ്ഞതും വേദനാജനകവുമായ ഒരു ചുവടു വയ്ക്കാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണ് എന്നു ഞാന്‍ തിരിച്ചറിയുന്നു.' പരിശുദ്ധ പിതാവിന്റെ ഈ ആഹ്വാനം എറണാകുളം-അങ്കമാലി അതിരൂപതയില്‍ തിരസ്‌കരിച്ചവരോടൊപ്പമാണ് ജസ്റ്റിസെന്ന്് കരുതേണ്ടിവരും.

അനേക വര്‍ഷങ്ങള്‍ നീതിപീഠത്തിന്റെ കാവല്‍ക്കാരനായി പ്രവര്‍ത്തിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് കുര്യന്‍ ജോസഫ് സാര്‍ സീറോമലബാര്‍സിനഡിനെക്കുറിച്ചും എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ചും പക്ഷപാതപരമായാണ് സംസാരിച്ചത്.

അത്യന്തം അപലപനീയമായ വാക്കുകള്‍ ഉപയോഗിച്ചു സഭയുടെ തലവനെ നിരന്തരം ആക്ഷേപിച്ചപ്പോള്‍, സഭാതലവന്റെയും പൗരസ്ത്യ തിരുസംഘാധ്യക്ഷന്റെയും കോലം കത്തിച്ചപ്പോള്‍, സിനഡുപിതാക്കന്മാരെ അവഹേളിച്ചപ്പോള്‍, സിനഡിനെ അനുസരിക്കില്ലായെന്നു ദൈവാലയങ്ങളില്‍ കുഞ്ഞുങ്ങളെക്കൊണ്ടുപോലും പ്രതിജ്ഞയെടുപ്പിച്ചപ്പോള്‍, അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ ക്രൂരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും സംഘങ്ങളായിച്ചെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോള്‍, അതിരൂപതയുടെ ആസ്ഥാനം ആസൂത്രിത സമരവേദിയാക്കിയപ്പോള്‍, പൊന്തിഫിക്കല്‍ ഡെലഗേറ്റിനെ തടയുകയും അധിക്ഷേപകരമായി മുദ്രാവാക്യം മുഴക്കുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തപ്പോഴുമെല്ലാം അതിരൂപതാംഗമായ അദേഹത്തിന്റെ നിശബ്ദത മനപ്പൂര്‍വമായിരുന്നു എന്ന് സംശയിക്കേണ്ടതായി വരുന്നു.

സീറോ മലബാര്‍ സഭ ആദരവോടെ നോക്കിക്കണ്ടിരുന്ന ജസ്റ്റിസിന്റെ ഭാഗത്തു നിന്ന് നിരന്തരമായി ഉണ്ടാകുന്ന ഇത്തരം പ്രസ്താവനകളും ഇടപെടലുകളും ഏറെ ദുഖകരവും അംഗീകരിക്കാനാവാത്തതുമാണെന്നാണ് സഭ വ്യക്തമാക്കുന്നത്.https://youtu.be/YhbgaNhB7wI


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.