ന്യൂഡല്‍ഹി: രാജ്യത്തിന്റെ പേര് ഇന്ത്യ എന്നത് മാറ്റി ഭാരത് എന്നാക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ പേര് മാറ്റത്തെ അനുകൂലിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. ജി 20 ഉച്ചകോടിക്കിടെ രാഷ്ട്രപതി നല്‍കുന്ന അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം, പ്രസിഡന്റ് ഓഫ് ഭാരത് എന്നു മാറ്റിയതാണ് അഭ്യൂഹത്തിന് ഇടയാക്കിയത്.
കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ഇക്കാര്യം ചൂണ്ടിക്കാട്ടി എക്‌സില്‍ കുറിച്ചതോടെയാണ് ക്ഷണക്കത്ത് ചര്‍ച്ചയായത്. പിന്നാലെയായിരുന്നു സെവാഗിന്റെ ട്വീറ്റ്. രാജ്യത്തിന്റെ യഥാര്‍ഥ പേര് തിരികെ സ്ഥാപിക്കണമെന്നായിരുന്നു പോസ്റ്റിലൂടെ വ്യക്തമാക്കിയത്. താന്‍ ഇക്കാര്യം മുന്‍പും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു. ലോകകപ്പിനുള്ള ഇന്ത്യന്‍ താരങ്ങളുടെ ജേഴ്സിയില്‍ ഇന്ത്യ എന്നതിനു പകരം ഭാരത് എന്നായിരിക്കണമെന്ന് താരം ബിസിസിഐയോടും സെക്രട്ടറി ജയ് ഷായോടും അഭ്യര്‍ഥിച്ചു.
രാജ്യത്തിന്റെ പേര് നമ്മുടെ ഉള്ളില്‍ അഭിമാനമായി നിറയേണ്ട ഒന്നായിരിക്കണം. നമ്മള്‍ ഭാരതീയരാണ്. ഇന്ത്യ എന്നത് ബ്രിട്ടീഷുകാര്‍ നല്‍കിയ പേരാണ്. നമ്മുടെ രാജ്യത്തിന്റെ പേര് ഭാരത് എന്നത് ഔദ്യോഗികമാകണമെന്നു ഞാന്‍ ഏറെ നാളായി അഭ്യര്‍ഥിക്കുന്ന കാര്യമാണ്. ഈ ലോകകപ്പില്‍ നമ്മുടെ താരങ്ങളുടെ നെഞ്ചില്‍ ഭാരത് എന്നു എഴുതിയിട്ടുണ്ടെന്നു ഉറപ്പാക്കണമെന്ന് താന്‍ ബിസിസിഐ, ജയ് ഷാ എന്നിവരോട് അഭ്യര്‍ഥിക്കുന്നുവെന്ന് സെവാഗ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.