'പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത്'; ആസിയാന്‍ ഉച്ചകോടിക്കുള്ള മോഡിയുടെ ഔദ്യോഗിക കുറിപ്പിലും പേര് മാറ്റം

'പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത്'; ആസിയാന്‍  ഉച്ചകോടിക്കുള്ള മോഡിയുടെ ഔദ്യോഗിക കുറിപ്പിലും പേര് മാറ്റം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പേര് 'ഭാരത്' എന്നാക്കി മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ, ആസിയാന്‍ ഉച്ചകോടിക്കായി ഇന്തോനേഷ്യയിലേക്കു പോകുന്നതിന്റെ ഔദ്യോഗിക കുറിപ്പില്‍ 'പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത്' എന്ന് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി.

ബുധന്‍, വ്യാഴം തിയതികളില്‍ ജക്കാര്‍ത്തയില്‍ പ്രധാനമന്ത്രി നടത്തുന്ന ഔദ്യോഗിക സന്ദര്‍ശനത്തെക്കുറിച്ചുള്ള കുറിപ്പിലാണ് ഇപ്രകാരം രേഖപ്പെടുത്തിയിട്ടുള്ളത്. സാധാരണ ഇത്തരം ഔദ്യോഗിക കുറിപ്പുകളില്‍ പ്രൈം മിനിസ്റ്റര്‍ ഓഫ് ഇന്ത്യ എന്നാണ് രേഖപ്പെടുത്തുക.

ജി 20 ഉച്ചകോടിക്കിടെ രാഷ്ട്രപതി നല്‍കുന്ന അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിനു പകരം 'പ്രസിഡന്റ് ഓഫ് ഭാരത്' എന്ന് മാറ്റിയതാണ് അഭ്യൂഹത്തിന് ഇടയാക്കിയത്. കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് ഇക്കാര്യം ചൂണ്ടിക്കാട്ടി എക്‌സില്‍ കുറിച്ചതോടെയാണ് ക്ഷണക്കത്ത് ചര്‍ച്ചയായത്.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ എക്‌സില്‍ കുറിച്ചതും അഭ്യൂഹത്തിന് ശക്തി പകര്‍ന്നു. റിപ്പബ്ലിക് ഓഫ് ഭാരത്- നമ്മുടെ രാജ്യം സന്തോഷത്തോടെയും അഭിമാനത്തോടെയും അമൃത് കാലത്തിലേക്ക് ധീരമായി മുന്നേറുന്നു എന്നാണ് ഹിമന്ത ബിശ്വ ശര്‍മ്മ കുറിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.