ജനീവ: ഇന്ത്യയുടെ പേര് ഭാരത് എന്നാക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ, പേരുമാറ്റവുമായി ബന്ധപ്പെട്ട് അതാത് രാജ്യങ്ങളില്‍ നിന്ന് അപേക്ഷ ലഭിക്കുകയാണെങ്കില്‍ പരിഗണിക്കുമെന്ന് ഐക്യരാഷ്ട്ര സഭ.
മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് യു.എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് ഫര്‍ഹാന്‍ ഹഖിന്റെ മറുപടി.
ഇതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, തുര്‍ക്കിയുടെ പേരുമാറ്റം ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ഫര്‍ഹാന്‍ ഹഖ് മറുപടി പറഞ്ഞതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
'തുര്‍ക്കിയെയുടെ വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കിട്ടിയ അപേക്ഷയ്ക്ക് ഞങ്ങള്‍ നിലപാട് സ്വീകരിച്ചു. അതേപോലെ അപേക്ഷ ലഭിക്കുകയാണെങ്കില്‍ അതും പരിഗണിക്കും'- അദ്ദേഹം പറഞ്ഞു.
നേരത്തെ തുര്‍ക്കി എന്ന രാജ്യത്തിന്റെ പേരില്‍ മാറ്റം വരുത്തി 'തുര്‍ക്കിയെ' എന്നാക്കി മാറ്റിയിരുന്നു. പുതിയ പേര് യു.എന്‍ രേഖകളില്‍ അടക്കം ചേര്‍ത്തിരുന്നു. തുര്‍ക്കി ഭരണകൂടത്തിന്റെ അഭ്യര്‍ഥന പ്രകാരമായിരുന്നു പേരു മാറ്റം.
ജി 20 ഉച്ചകോടിക്കിടെ രാഷ്ട്രപതി നല്‍കുന്ന അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിനു പകരം, പ്രസിഡന്റ് ഓഫ് ഭാരത് എന്നു മാറ്റിയതോടെയാണ് പേര് മാറ്റ ചര്‍ച്ചകള്‍ ആരംഭിച്ചത്. പ്രസിഡന്റിന്റെ ക്ഷണക്കത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക അറിയിപ്പിലും ഇന്ത്യക്ക് പകരം ഭാരത് എന്ന് രേഖപ്പെടുത്തിയിരുന്നു.
ആസിയാന്‍ ഉച്ചകോടിക്കായി ഇന്തോനേഷ്യയിലേക്ക് പോകുന്നതിന്റെ ഔദ്യോഗിക കുറിപ്പിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി 'പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത്' എന്ന് രേഖപ്പെടുത്തിയത്. പാര്‍ലമെന്റില്‍ 18 ന് ആരംഭിക്കുന്ന പ്രത്യേക സമ്മേളനത്തില്‍ ഭരണഘടന ഭേദഗതി ചെയ്യാന്‍ നീക്കമുണ്ടാകും എന്നാണ് സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.