ന്യൂയോര്‍ക്ക്: അധ്യയന വര്‍ഷത്തിന്റെ ആദ്യ ദിനത്തില്‍തന്നെ പ്രതിസന്ധി സൃഷ്ടിച്ച് ന്യൂയോര്‍ക്ക് സിറ്റിയിലെ സ്‌കൂളുകളിലേക്ക് അനധികൃത കുടിയേറ്റക്കാരുടെ മക്കളുടെ കുത്തൊഴുക്ക്. നിയന്ത്രണാതീതമായി കുട്ടികള്‍ സ്‌കൂളുകളില്‍ എത്തിയതോടെ പലയിടങ്ങളിലും സ്‌കൂള്‍ അധികൃതര്‍ക്ക് കുട്ടികളെയും രക്ഷിതാക്കളെയും തിരിച്ചയക്കേണ്ടി വന്നു.
വിവിധ രാജ്യങ്ങളില്‍നിന്നെത്തി ന്യൂയോര്‍ക്കില്‍ അഭയാര്‍ത്ഥികളായി താമസിക്കുന്നവരുടെ 21,000 കുട്ടികളാണ് സ്‌കൂളുകളില്‍ അഡ്മിഷനു വേണ്ടി എത്തിയത്. ലോംഗ് ഐലന്‍ഡ് സിറ്റിയിലെ ന്യൂകമേഴ്സ് ഹൈസ്‌കൂളില്‍ ചേരാന്‍ കുട്ടികളുടെ വലിയ നിര തന്നെയുണ്ടായിരുന്നു. കുട്ടികളുടെ എണ്ണം സ്‌കൂളിന്റെ ശേഷി കവിഞ്ഞത് അധ്യാപകര്‍ക്കും വലിയ തലവേദന സൃഷ്ടിച്ചു. തുടര്‍ന്ന് ഇവിടെത്തന്നെയുള്ള മറ്റൊരു സ്‌കൂളിലേക്ക് പറഞ്ഞുവിട്ട് താല്‍ക്കാലിക പരിഹാരമുണ്ടാക്കി.
ന്യൂയോര്‍ക്കില്‍ 10 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പുതിയ അധ്യയന വര്‍ഷത്തിന്റെ ആദ്യ ദിനത്തില്‍ സ്‌കൂളുകളുടെ പടികടന്നെത്തിയത്. റിവര്‍സൈഡ് പബ്ലിക് സ്‌കൂളില്‍ പുതുതായി ചേര്‍ന്ന 600 വിദ്യാര്‍ത്ഥികളില്‍ 200 പേരും കുടിയേറ്റക്കാരുടെ മക്കളാണ്. അരക്ഷിതാവസ്ഥയില്‍ ജീവിക്കുമ്പോഴും ആദ്യ ദിനത്തില്‍ ഏറെ ആഹ്‌ളാദത്തോടെയാണ് അഭയാര്‍ത്ഥികളുടെ മക്കള്‍ ക്ലാസ് മുറികളില്‍ ആദ്യാക്ഷരം കുറിച്ചത്. പല രാജ്യങ്ങളില്‍ നിന്നെത്തിയ കുട്ടികളായതിനാല്‍ ഭാഷ മനസിലാക്കാന്‍ പല സ്‌കൂളുകളിലും പരിഭാഷകര്‍ സഹായത്തിനെത്തിയിരുന്നു.
ഷെല്‍ട്ടറുകളില്‍ നിന്ന് വരുന്ന കുടിയേറ്റക്കാര്‍ക്ക് ആവശ്യമായ പുസ്തകങ്ങള്‍, നോട്ട്ബുക്കുകള്‍, പേനകള്‍, ബാക്പാക്കുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ സ്‌കൂള്‍ സാമഗ്രികളും നല്‍കും.
ന്യൂയോര്‍ക്കില്‍ അനധികൃത കുടിയേറ്റക്കാരുടെ നിയന്ത്രണാതീതമായി വര്‍ധിക്കുന്നത് അധികൃതര്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതുകൂടാതെ ടെക്‌സാസ്, അരിസോണ, ഫ്‌ളോറിഡ തുടങ്ങിയ റിപബ്ലിക്കന്‍ സ്റ്റേറ്റുകളില്‍ എത്തുന്ന കുടിയേറ്റക്കാരെ സംസ്ഥാന ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്ക്, ചിക്കാഗോ, വാഷിങ്ടണ്‍ ഡിസി എന്നിവിടങ്ങളിലേക്കാണ് കയറ്റി അയ്ക്കുന്നത്. ഈ നഗരങ്ങളിലെ ഷെല്‍ട്ടറുകളില്‍ ആളുകളെ താമസിപ്പിക്കാന്‍ ഇടമില്ലാത്ത അവസ്ഥയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.