എന്തുകൊണ്ട് ചാണ്ടി ഉമ്മന്‍ @ 37,719..? ഇടത് നേതാക്കള്‍ ജനവികാരം തിരിച്ചറിയണം

എന്തുകൊണ്ട് ചാണ്ടി ഉമ്മന്‍ @ 37,719..? ഇടത് നേതാക്കള്‍ ജനവികാരം തിരിച്ചറിയണം

കൊച്ചി: ചാണ്ടി ഉമ്മന് അത്ര വലിയ ബാലികേറാ മലയല്ല പുതുപ്പള്ളി. പ്രത്യേകിച്ച് പിതാവ് ഉമ്മന്‍ ചാണ്ടിയോടുള്ള സ്‌നേഹ സ്മരണകള്‍ കത്തി ജ്വലിച്ച് നില്‍ക്കുന്ന സമയത്ത് നടന്ന തിരഞ്ഞെടുപ്പ് എന്ന നിലയിലും കഴിഞ്ഞ 53 വര്‍ഷമായി അദേഹം കൈക്കുമ്പിളില്‍ കൊണ്ടു നടന്ന മണ്ഡലം എന്ന നിലയിലും. പുതുപ്പള്ളിക്കാര്‍ക്കൊരു എംഎല്‍എ ഉണ്ടെങ്കില്‍ അതവരുടെ കുഞ്ഞൂഞ്ഞ് മാത്രമാണ്... അതാണ് അര നൂറ്റാണ്ട് കാലത്തെ ചരിത്രം.

എന്നാല്‍ പുതുപ്പള്ളിയിലെ റെക്കോഡ് ഭൂരിപക്ഷമായ 2011 ലെ 33,255 ല്‍ നിന്ന് 2021 ലെ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ചത് 9044 വോട്ടിന്റെ ഭൂരിപക്ഷം മാത്രമായിരുന്നു. കേരള രാഷ്ട്രീയത്തിലെ അതികായനെ വിറപ്പിച്ചത് ഇത്തവണ ചാണ്ടി ഉമ്മനോട് വലിയ പരാജയമേറ്റു വാങ്ങിയ ജെയ്ക്ക് സി.തോമസ് തന്നെ. പക്ഷേ, ഇത്തവണ എല്‍ഡിഎഫിനും ജെയ്ക്ക് സി.തോമസിനും അടിപതറി. 37,719 വോട്ടിന്റെ വലിയ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മന്റെ വിജയം.

എന്തുകൊണ്ടാണ് ചാണ്ടി ഉമ്മന് ഇത്ര വലിയ ഭൂരിപക്ഷം നേടാനായത്?... പിതാവിന്റെ മരണത്തിലുള്ള സഹതാപ തരംഗം മാത്രമാണോ കാരണം? അതോ മറ്റെന്തെങ്കിലും... ഈ ചോദ്യമാണ് സിപിഎമ്മും ഇടത് മുന്നണിയും സ്വയം ചോദിക്കേണ്ടത്... മനസിരുത്തി വിശകലനം ചെയ്യേണ്ടത്. കനത്ത പരാജയത്തില്‍ നിന്ന് തല്‍ക്കാലം മുഖം രക്ഷിക്കാന്‍ ബിജെപി വോട്ട് മറിച്ചു എന്നൊക്കെ പറയാം. അതൊക്കെ ആയിക്കോട്ടെ.

പക്ഷേ, സിപിഎമ്മിന് 2021 ല്‍ ലഭിച്ച 11,903 വോട്ടുകള്‍ എവിടെപ്പോയി? 2021 ലെ തിരഞ്ഞെടുപ്പില്‍ 54,328 വോട്ടുകള്‍ നേടിയ ജെയ്ക്കിന് ഇത്തവണ ലഭിച്ചത് 42,425 വോട്ടുകളാണ്. 11,903 വോട്ടുകളുടെ കുറവ്. പതിവ് പോലെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കോണ്‍ഗ്രസിനേക്കാള്‍ ചിട്ടയോടെ സംഘടനാ സംവിധാനം പ്രയോജനപ്പെടുത്തിയ പാര്‍ട്ടിയാണ് സിപിഎം.

സംസ്ഥാനത്തെ 14 ജില്ലകളിലുമുള്ള തിരഞ്ഞെടുക്കപ്പെട്ട സിപിഎം പ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് നല്‍കിയ ഊഴമനുസരിച്ച് പുതുപ്പള്ളിയിലെത്തി വീടുകള്‍ കയറിയുള്ള സ്‌ക്വാഡ് വര്‍ക്കുകള്‍ അടക്കം നടത്തി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഇടത് നേതാക്കള്‍ മണ്ഡലത്തില്‍ പലവട്ടം പര്യടനം നടത്തി.

പ്രത്യേക തിരഞ്ഞെടുപ്പ് ചുമതലക്കാര്‍ തലനാരിഴ കീറി പരിശോധിച്ച് പ്രവര്‍ത്തനങ്ങളിലെ അപാകതകള്‍ കണ്ടെത്തി പരിഹരിച്ചു. ചുരുക്കി പറഞ്ഞാല്‍ സകല പഴുതുകളും അടച്ചുള്ള പ്രവര്‍ത്തനമാണ് എല്‍ഡിഎഫ് മണ്ഡലത്തില്‍ കാഴ്ച വച്ചത്. എന്നിട്ടും കൈവശമുണ്ടായിരുന്ന വോട്ടുകള്‍ പോലും നഷ്ടപ്പെട്ടു. കാരണം?..

ഇവിടെയാണ് ഭരണവിരുദ്ധ വികാരം തല പൊക്കിയത്. 2021 ലെ സ്ഥിതിയായിരുന്നില്ല 2023 ല്‍. 2018 ലെ മഹാപ്രളയും പിന്നീടുണ്ടായ കോവിഡ് മഹാമാരിയും തുടര്‍ന്ന് നടത്തിയ കിറ്റ് വിതരണത്തിന്റെ ഗ്ലാമറും ഈ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനുണ്ടായില്ല.

പകരം മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ മാസപ്പടി വിവാദവും അതേപ്പറ്റി മുഖ്യമന്ത്രി തുടരുന്ന മൗനവും നെല്‍ കര്‍ഷകര്‍ അടക്കമുള്ള സാധാരണക്കാര്‍ നേരിടുന്ന വിഷയങ്ങളും വിലക്കയറ്റവുമെല്ലാം ചര്‍ച്ച ചെയ്യപ്പെട്ടു. അതിനൊന്നും വ്യക്തമായ മറുപടി ഇടത് നേതാക്കള്‍ക്കുണ്ടായില്ല.

ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണം, സ്പീക്കര്‍ എ.എന്‍ ഷംസീന്റെ മിത്ത് വിവാദം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍എ.സി മൊയ്തീന്റെ വീട്ടിലെ ഇ.ഡി റെയ്ഡ്, ഓണക്കിറ്റ് ഒരു വിഭാഗത്തിന് മാത്രമാക്കി ചുരുക്കിയത് തുടങ്ങിയ സംഭവങ്ങളും എല്‍ഡിഎഫിന് തിരിച്ചടിയായി.

ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ വിവാദം ഉയര്‍ത്തി സിപിഎം പ്രാദേശിക നേതൃത്വം നടത്തിയ പ്രചാരണങ്ങളും ഗുണത്തേക്കാളേറെ ദോഷം ചെയ്തു. സഹതാപ തരംഗം മറികടക്കാന്‍ തുടക്കത്തിലേ സിപിഎം ഉയര്‍ത്തിക്കൊണ്ടു വന്ന പ്രാദേശിക വികസന ചര്‍ച്ചകളും ഫലം കണ്ടില്ല.

മാത്രമല്ല, ക്രൈസ്തവ ജന വിഭാഗങ്ങളോട് സിപിഎം തുടര്‍ന്നു വരുന്ന പരിഗണനയില്ലായ്മയും ഷംസീറിന്റെ മിത്ത് വിവാദവുമായി ബന്ധപ്പെട്ട് എന്‍.എസ്.എസുമായുണ്ടായ കൊമ്പുകോര്‍ക്കലും സാമുദായിക വോട്ടുകളെ സിപിഎമ്മില്‍ നിന്നകറ്റി. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം കോട്ടയത്തെ അരമനകളിലും പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തും ഇടത് സ്ഥാനാര്‍ത്ഥിയും നേതാക്കളും കയറിയിറങ്ങിയെങ്കിലും വോട്ടര്‍മാര്‍ക്കിടയില്‍ അതൊന്നും വിലപ്പോയില്ല.

എന്തായാലും തൃക്കാക്കരയ്ക്ക് പിന്നാലെ പുതുപ്പള്ളിയിലും മിന്നുന്ന പ്രകടനം കാഴ്ച വച്ചതിന്റെ ആത്മവിശ്വാസത്തിലും ആവേശത്തിലുമാണ് യുഡിഎഫ് നേതൃത്വം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. 2019 ല്‍ ഒരു സീറ്റ് നഷ്ടമായെങ്കില്‍ ഇത്തവണ 20 സീറ്റുകളും നേടാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.

അതേസമയം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാനാകുമെന്ന ബിജെപിയുടെ കണക്കുകൂട്ടലുകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന തിരഞ്ഞെടുപ്പ് ഫലങ്ങളാണ് തൃക്കാക്കരയിലും പുതുപ്പള്ളിയിലും അവര്‍ക്കുണ്ടായത്. 2021 നേക്കാള്‍ ഏറെ മോശപ്പെട്ട പ്രകടനമാണ് രണ്ട് മണ്ഡലങ്ങളിലും അവര്‍ക്ക് കാഴ്ച വയ്ക്കാനായത്. 2021 ല്‍ പുതുപ്പള്ളിയില്‍ 11,694 വോട്ടുകള്‍ നേടിയ ബിജെപിക്ക് ഇത്തവണ ലഭിച്ചത് വെറും 6558 വോട്ടുകള്‍ മാത്രം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.