സന: തന്റെ മോചനത്തിനായി എത്രയും വേഗം ഇടപെടണമെന്ന അപേക്ഷയുമായി യമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയ. സര്‍ക്കാര്‍ തലത്തിലെ തുടര്‍ നടപടികളില്‍ വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് നിമിഷ പ്രിയ ഒരു മാധ്യമ സ്ഥാപനത്തിലേക്ക് ശബ്ദ സന്ദേശം അയച്ചത്. വൈകുന്ന ഓരോ ദിവസവും തന്റെ ജീവന്‍ അപകടത്തിലാണെന്ന് സന്ദേശത്തില്‍ പറയുന്നു.
മോചനത്തിന് സഹായം അഭ്യര്‍ത്ഥിച്ച് നേരത്തേ യെമന്‍ ജയിലില്‍ നിന്ന് രാഷ്ട്രപതിയ്ക്കും പ്രധാനമന്ത്രിയ്ക്കും കത്തയച്ചിരുന്നു. സനയിലെ ഹൈക്കോടതി കൂടി വധശിക്ഷ ശരിവച്ചതോടെ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം മാപ്പ് നല്‍കിയാലേ നിമിഷയ്ക്ക് ശിക്ഷയില്‍ നിന്ന് മോചനം ലഭിക്കൂ. തലാലിന്റെ കുടുംബത്തിന് ദയാധനം നല്‍കാന്‍ തയ്യാറാണെന്ന് സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു.
സര്‍ക്കാര്‍ തലത്തിലെ തുടര്‍ നടപടികളെ കുറിച്ച് ഇപ്പോഴും വ്യക്തതയില്ല. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയ ബിസിനസ് പങ്കാളിയായിരുന്ന യമന്‍ പൗരന്‍ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയെന്നതാണ് കേസ്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷ പ്രിയ.
സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൗരന്‍ തലാല്‍ അബ്ദുള്‍ മഹദി പാസ്പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിമിഷയുടെ വാദം. 2017 ജൂലൈ 25ന് ആയിരുന്നു സംഭവം നടന്നത്.
നിമിഷയുടെ ശിക്ഷ ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് തലാലിന്റെ ബന്ധുക്കള്‍ നല്‍കിയ അപേക്ഷയില്‍ യമന്‍ സുപ്രീം കോടതി നടപടി വേഗത്തിലാക്കിയിട്ടുണ്ട്. ദയാധനം സ്വീകരിക്കാന്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ തയാറാകാത്തതോടെയാണ് അനുരഞ്ജന ശ്രമങ്ങള്‍ അവസാനിച്ചത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അവസാന ആഗ്രഹങ്ങളിലൊന്നായിരുന്നു നിമിഷ പ്രിയയുടെ മോചനം. ആശുപത്രിക്കിടക്കയിലും അദ്ദേഹം നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമം നടത്തി. നിമിഷയുടെ മോചനത്തിനായി ഉമ്മന്‍ചാണ്ടി കേന്ദ്ര സര്‍ക്കാരിലും വിദേശകാര്യ മന്ത്രാലയത്തിലും നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.