പെർത്ത്: പെർത്തിലെ കത്തോലിക്ക വിശ്വാസികൾക്ക് വിശുദ്ധ ഡോൺ ബോസ്കോയുടെ തിരുശേഷിപ്പ് വണങ്ങി പ്രാർത്ഥിക്കാൻ അവസരം. സെപ്റ്റംബർ 15 മുതൽ 19 വരെയാണ് വിശുദ്ധ ഡോൺ ബോസ്കോയുടെ തിരുശേഷിപ്പുകൾ വിവിധ ദൈവാലയങ്ങളിലെത്തിക്കുന്നത്. വെള്ളിയാഴ്ച വൈകുനേരം 6.30ന് കെമ്സ്കോട്ട് ഗുഡ് ഷെപ്പേർഡ് പള്ളിയിലാണ് ആദ്യം തിരുശേഷിപ്പെത്തിക്കുക.
സെപ്റ്റംബർ 16 ശനിയാഴ്ച രാവിലെ ഏഴിനും എട്ടിനും ഒമ്പത് മുതൽ മൂന്നുമണി വരെയും ദിവ്യകാരുണ്യ ആരാധന നടത്തപ്പെടും. വൈകിട്ട് ആറു മണിക്ക് പെർത്തിലെ സെന്റ് മേരീസ് കതീഡ്രലിൽ തിരുശേഷിപ്പ് എത്തിക്കുകയും വണങ്ങുകയും ചെയ്യും. സെപ്റ്റംബർ 16 ഞായറാഴ്ച രാവിലെ എട്ട് മണിക്കും 9.30 നും ദിവ്യകാരുണ്യ ആരാധന നടത്തപ്പെടും.
രാവിലെ 11ന് ആർച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ എസ്.ഡി.ബി യുടെ നേതൃത്വത്തിൽ ദിവ്യകാരുണ്യ ആരാധന നടത്തപ്പെടും. ഉച്ചക്ക് 12 ന് വീണ്ടും തിരുശേഷിപ്പ് എഴുന്നുള്ളിക്കും. വൈകുന്നേരം നാാലിന് വിശുദ്ധ ഡോൺ ബോസ്കോയുടെ ജീവിത കഥ അവതരിപ്പിക്കും. ഡോൺ ബോസ്കോ സന്യാസ സഭ പ്രൊവിൻഷ്യാൾ ഫാദർ വില്യം മാത്യൂസ് എസ്.ഡി.ബി, ആർച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ എസ്.ഡി.ബി എന്നിവരുടെ നേതൃത്വത്തിൽ വൈകുനേരം ആറിന് ദിവ്യകാരുണ്യ ആരാധന നടത്തപ്പെടും.
സെപ്റ്റംബർ 17 തിങ്കളാഴ്ച ഫ്രിമാന്റലെയിലെ സെന്റ് പാട്രിക് ബസലിക്കയിൽ തിരുശേഷിപ്പ് എത്തിക്കും. ഉച്ചക്ക് 12 നും ഒരു മണി മുതൽ മൂന്നു മണിവരെയും ദിവ്യകാരുണ്യ ആരാധന നടത്തപ്പെടും. വൈകുനേരം അഞ്ചിന് ബാങ്കിസ ഗ്രോവിലെ സെന്റ് ജോൺ പോൾ ദൈവാലയത്തിൽ തിരുശേഷിപ്പ് ആരാധന നടത്തപ്പെടും. വൈകുനേരം 6.30 നും 7.30 മുതൽ 8.30 വരെയും ദിവ്യകാരുണ്യ ആരാധന ഉണ്ടായിരിക്കും.
സെപ്റ്റംബർ 19 ചൊവ്വാഴ്ച ലോക്രിഡ്ജിലെ ദഗുഡ് ഷെപ്പേർഡ് ദൈവാലയത്തിൽ തിരുശേഷിപ്പ് എത്തിക്കും. രാവിലെ 9നും 11നും ദിവ്യകാരുണ്യ ആരാധന നടത്തപ്പെടും. വൈകിട്ട് 6.30 ന് വിശുദ്ധ ഡോൺ ബോസ്കോയുടെ ജീവ ചരിത്രം അവതരിപ്പിക്കും. വൈകുനേരം 7ന് ഡോൺ ബോസ്കോ പ്രൊവിൻഷ്യാൾ ഫാദർ വില്യം മാത്യൂസ് എസ്.ഡി.ബിയുടെ നേതൃത്വത്തിൽ ദിവ്യകാരുണ്യ ആരാധന നടത്തപ്പെടും
പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇറ്റാലിയൻ വൈദികനായിരുന്ന വിശുദ്ധ ജോൺ ബോസ്കോ (ഡോൺ ബോസ്കോ) ആഗോളത ലത്തിൽ യുവജനങ്ങളുടെ പിതാവും സ്നേഹിതനുമായി ആദരിക്കപ്പെടുന്ന വിശുദ്ധനാണ്. ഇന്ന് ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന സലേഷ്യൻ സഭയുടെ സ്ഥാപകനായ വിശുദ്ധ ഡോൺ ബോസ്‌കോ 1815 ഓഗസ്റ്റ് 16ന് ഇറ്റലിയിൽ ടൂറിനിലെ മലയോര ഗ്രാമമായ ബെച്ചിയിൽ ഒരു ദരിദ്ര കുടുംബത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന് രണ്ടു വയസുള്ളപ്പോൾ പിതാവ് മരണമടഞ്ഞു. ബോസ്‌കോ ദൈവഭക്തിയിലും സുകൃതങ്ങളിലും വളർന്നു വന്നു. ഇതിൽ അദ്ദേഹത്തിന്റെ അമ്മ മാർഗരറ്റിനുള്ള പങ്ക് വളരെ വലുതാണ്.
ചെറുപ്പത്തിലുണ്ടായ ചില ദർശനങ്ങളിൽ നിന്ന് താനൊരു വൈദികനാകാൻ ദൈവത്താൽ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മനസിലാക്കിയ ബോസ്‌കോ, വൈദിക പഠനം ആരംഭിച്ചു. സാമ്പത്തികമായ ബുദ്ധിമുട്ടും ജ്യേഷ്ഠ സഹോദരനായ ആന്റണിയുടെ ദുശാഠ്യവും അവന്റെ പഠനത്തെ പ്രതികൂലമായി ബാധിച്ചു. എന്നാൽ ഇതിലൊന്നും നിരാശനാകാതെ ബോസ്‌കോ പഠന ചിലവിനായി ദാസ്യവേലയിൽ ഏർപ്പെടുന്നതിനു പോലും സന്നദ്ധനായി. 1841 ൽ അദ്ദേഹം വൈദികപട്ടം സ്വീകരിച്ചു.
വൈദികനായ ബോസ്‌കോയുടെ ശ്രദ്ധ തെരുവീഥികളിലും ചന്തസ്ഥലങ്ങളിലും അലഞ്ഞു നടക്കുന്ന യുവജനങ്ങളുടെ നേരെ തിരിഞ്ഞു. അശ്ലീല വിനോദങ്ങളും അസഭ്യ ഭാഷണങ്ങളും കള്ളവും കലഹവുമെല്ലാം അവരുടെ നിത്യ തൊഴിലുകളായിരുന്നു. ഇനിയുള്ള തന്റെ ജീവിതം അവരുടെ ഉന്നമനത്തിനായി ഉപയോഗിക്കാൻ അദ്ദേഹം തീരുമാനിച്ചു. അങ്ങനെയാണ് 'സലേഷ്യൻ ഓറട്ടറി' രൂപം കൊണ്ടത്. വെറും ആറു പേർക്കായി തുടങ്ങിയ ഈ ഓറട്ടറിയാണ് പിൽക്കാലത്ത് ഒരു മഹാപ്രസ്ഥാനമായി മാറിയത്.
1888 ജനുവരി 31 ന് വിശുദ്ധൻ മരണമടഞ്ഞു. 1907 ജൂലൈ 21 ന് പിയൂസ് പത്താമൻ മാർപാപ്പാ അദ്ദേഹത്തെ ധന്യനായി പ്രഖ്യാപിച്ചു. 1929 ൽ പിയൂസ് പതിനൊന്നാമൻ മാർപാപ്പാ ഡോൺ ബോസ്‌കോയെ വാഴ്ത്തപ്പെട്ടവനായും 1934 ൽ വിശുദ്ധനായും പ്രഖ്യാപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.