ന്യൂഡല്‍ഹി: രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തും നിപ വൈറസ് സാന്നിധ്യമുള്ള വവ്വാലുകളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പൂനെ ഐസിഎംആര്‍ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
2023 ജൂലൈ വരെ 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണം പ്രദേശങ്ങളിലുമാണ് സര്‍വേ നടന്നത്. ഇവയില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക. ഗോവ, മഹാരാഷ്ട്ര, ബീഹാര്‍, പശ്ചിമബംഗാള്‍, അസം, മേഘാലയ, പുതുച്ചേരി എന്നിവടങ്ങിളിലെ വവ്വാലുകളില്‍ ആണ് നിപ വൈറല്‍ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയത്.
എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഇതുവരെ ഒരു കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ഐസിഎംആര്‍ എപ്പിഡമോളജി ആന്റ് കമ്മ്യൂണിക്കബിള്‍ ഡിസീസ് മുന്‍ മേധാവിയായ ഡോ. രാമന്‍ ഗംഗാഖേദ്കര്‍ പറഞ്ഞു.
നിപ വൈറസിന്റെ ഉത്ഭവം കണ്ടെത്തുക, ഇന്‍ഡക്‌സ് രോഗിയെ കണ്ടെത്തുക, ചുറ്റുമുള്ള എല്ലാ മൃഗങ്ങളെയും പരിശോധിക്കുക, സമൂഹത്തെ സജ്ജമാക്കുക, വൈദ്യസഹായം തയ്യാറാക്കുക എന്നിവയാണ് മുന്‍ഗണനകളെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ കേരളത്തില്‍ മനുഷ്യരെ ബാധിച്ച നിപ വൈറസ് മുമ്പ് ബംഗ്ലാദേശില്‍ റിപ്പോര്‍ട്ട് ചെയ്ത വൈറസ് വകഭേദമാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. മലേഷ്യയില്‍ കണ്ടെത്തിയ വകഭേദത്തെ അപേക്ഷിച്ച് ഈ വകഭേദം ബാധിച്ചവരില്‍ മരണ നിരക്ക് കൂടുതല്‍ ആണ്.
മലേഷ്യന്‍ വകഭേദം ന്യൂറോളജിക്കല്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതിന് പേരു കേട്ടതാണ്. എന്നാല്‍ ബംഗ്ലാദേശ് വകഭേദത്തില്‍ ഉയര്‍ന്ന മരണനിരക്ക് സംഭവിക്കുന്നു. ആദ്യം ഈ രോഗം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ 23 രോഗികളില്‍ 89 ശതമാനം പേരും മരിച്ചതായും ഡോ. രാമന്‍ ഗംഗാഖേദ്കര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.