വനിതാ സംവരണ ബില്ല്: ലോക്സഭയില്‍ ഇന്ന് ചര്‍ച്ച; സ്മൃതി ഇറാനിയും സോണിയ ഗാന്ധിയും തുടക്കം കുറിക്കും

 വനിതാ സംവരണ ബില്ല്: ലോക്സഭയില്‍ ഇന്ന് ചര്‍ച്ച; സ്മൃതി ഇറാനിയും സോണിയ ഗാന്ധിയും തുടക്കം കുറിക്കും

ന്യൂഡല്‍ഹി: വനിത സംവരണ ബില്ലിന്മേല്‍ ലോക്സഭയില്‍ ഇന്ന് ചര്‍ച്ച നടക്കും. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ പതിനൊന്നിനാണ് ചര്‍ച്ച. ഭരണപക്ഷത്ത് നിന്നും മന്ത്രി സ്മൃതി ഇറാനിയും പ്രതിപക്ഷത്ത് നിന്ന് സോണിയ ഗാന്ധിയും ആദ്യം ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് വിവരം. ബില്‍ നാളെ രാജ്യസഭയിലും അവതരിപ്പിക്കും.

ഇന്നലെയാണ് നിയമ മന്ത്രി അര്‍ജുന്‍ സിങ് മേഘ്‌വാള്‍ വനിത ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. നാരിശക്തീ വന്ദന്‍ അധിനിയം എന്ന പേരില്‍ അവതരിപ്പിച്ച ബില്ല് സ്ത്രീകള്‍ക്ക് ലോക്സഭയിലും നിയമസഭയിലും 33 ശതമാനം സംവരണമാണ് ലക്ഷ്യം വെയ്ക്കുന്നത്. പട്ടിക വിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യും.

ബില്ല് അടുത്ത വര്‍ഷം തന്നെ നടപ്പാക്കണം എന്ന് പ്രതിപക്ഷം ഇന്ന് ചര്‍ച്ചയില്‍ ശക്തമായി ആവശ്യപ്പെടും. വനിതാ സംവരണ ബില്ല് പ്രാബല്യത്തില്‍ വരുന്നതോടെ ലോക്സഭയിലെ വനിതകളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാകുമെന്ന് അര്‍ജുന്‍ സിങ് മേഘ്‌വാള്‍ സഭയില്‍ പറഞ്ഞു. നിലവില്‍ 82 അംഗങ്ങളാണ് സഭയിലുള്ളത്. ഇത് 181 ആവുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

മണ്ഡല പുനര്‍ നിര്‍ണയം പൂര്‍ത്തിയായതിന് ശേഷമേ വനിതാ സംവരണം പ്രാബല്യത്തില്‍ വരൂ. പതിനഞ്ചു വര്‍ഷത്തേക്ക് സംവരണം തുടരാനാണ് ബില്ലിലെ വ്യവസ്ഥ. ഓരോ മണ്ഡല പുനര്‍ നിര്‍ണയത്തിന് ശേഷവും വനിതാ സംവരണ സീറ്റുകള്‍ മാറും. മണ്ഡല പുനര്‍ നിര്‍ണയം പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പാകാന്‍ ഇടയില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.