'കാനഡയുടെ ആരോപണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ജി 20 ഉച്ചകോടിയ്ക്കിടെ ആശങ്ക പ്രകടിപ്പിച്ചിരുന്നു'.
വാഷിങ്ടണ്‍: ഖലിസ്ഥാന്‍ തീവ്രവാദിയായ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തെച്ചൊല്ലി ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതോടെ പ്രതികരണവുമായി അമേരിക്ക.
ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് പ്രത്യേക ഇളവ് നല്‍കാന്‍ സാധിക്കില്ലെന്നും അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവന്‍ പറഞ്ഞു. വിഷയത്തില്‍ ഇന്ത്യയും കാനഡയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സുള്ളിവന്‍ വ്യക്തമാക്കി.
'ഈ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇത് ശരിക്കും ആശങ്കയുളവാക്കുന്ന വിഷയമാണ്. അതുകൊണ്ടുതന്നെ ഗൗരവമായി എടുക്കുന്നു. ഞങ്ങള്‍ ഇതില്‍ ഇടപെട്ടുകൊണ്ടിരിക്കും. ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ പ്രത്യേക ഇളവുകളൊന്നും നല്‍കാനാകില്ല'- സുള്ളിവന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം വ്യാഴാഴ്ചയും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആവര്‍ത്തിച്ചിരുന്നു. സുരക്ഷാ ഏജന്‍സികളുടെ പക്കലുള്ള വിശ്വാസ്യ യോഗ്യമായ തെളിവുകള്‍ മുന്‍നിര്‍ത്തിയാണ് ആരോപണമെന്നും ഇന്ത്യയെ പ്രകോപിപ്പിക്കുക തങ്ങളുടെ ലക്ഷ്യമല്ലെന്നും ട്രൂഡോ വ്യക്തമാക്കിയിരുന്നു.
അതേസമയം, കാനഡയുടെ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടിലാണ് ഇന്ത്യ. ഇതുസംബന്ധിച്ച വിഷയത്തില്‍ കാനഡ ഒരു വിവരവും ഇതുവരെ ഔദ്യോഗികമായി അറിച്ചിട്ടില്ലെന്നും കാനഡ കൈമാറുന്ന ഏത് വിവരവും പരിശോധിക്കാന്‍ തയ്യാറാണെന്നും ഇന്ത്യ അറിയിച്ചിരുന്നു.
അതിനിടെ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ജി 20 സമയത്ത് തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നു. ന്യൂഡല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടിക്കിടെയാണ് ജോ ബൈഡന്‍ ആശങ്ക പ്രകടിപ്പിച്ചതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
നിജ്ജാറിന്റെ കൊലപാതകത്തെ കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി രഹസ്യാന്വേഷണ ശൃംഖലയായ 'ഫൈവ് ഐസി'ലെ അംഗങ്ങള്‍ ആശയ വിനിമയം നടത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ്, യു.കെ, യു.എസ് എന്നീ രാജ്യങ്ങളുടെ രഹസ്യാന്വേഷണ ശൃംഖലയാണ് 'ഫൈവ് ഐസ്'.
മോഡിയുമായി നേരിട്ട് ഇടപെടാന്‍ സഖ്യകക്ഷികളോട് കനേഡിയന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബൈഡനും മറ്റ് നേതാക്കളും ഉച്ചകോടിയില്‍ തങ്ങളുടെ ആശങ്കകള്‍ അറിയിച്ചത്.
ഉച്ചകോടി സമാപിച്ച് ഒരാഴ്ച കഴിഞ്ഞാണ് കനേഡിയന്‍ പൗരനെ കാനഡയുടെ മണ്ണില്‍ ഇന്ത്യ വധിച്ചെന്ന് ട്രൂഡോ കനേഡിയന്‍ പാര്‍ലമെന്റില്‍ ആരോപിച്ചത്. വിഷയം പരസ്യമായി ഉന്നയിക്കുന്നതിന് മുമ്പേ തന്നെ സഖ്യ രാജ്യങ്ങളുടെ നേതാക്കളിലൂടെ വിഷയം ഇന്ത്യന്‍ പ്രധാനമന്ത്രിയോട് നേരിട്ട് തന്നെ കാനഡ അറിയിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ഖാലിസ്ഥാന്‍ വിഘടന വാദിയായ നിജ്ജാര്‍ വ്യാജ രേഖകള്‍ ചമച്ച് കാനഡയിലേക്ക് കുടിയേറുകയായിരുന്നു. ആദ്യകാലത്ത് കാനഡയില്‍ പ്ലംബര്‍ ആയി ജോലി നോക്കിയിരുന്ന ഇയാള്‍ക്ക് പിന്നീട് കാനഡ പൗരത്വം നല്‍കുകയായിരുന്നു. ഏത് വര്‍ഷം പൗരത്വം നല്‍കിയെന്ന കാര്യം സംബന്ധിച്ചും ഇന്ത്യ-കാനഡ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
നിജ്ജാറിനെതിരെ ഇന്ത്യ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് കാനഡ ഇയാള്‍ക്ക് പൗരത്വം നല്‍കിയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. 2020 ജൂലൈയില്‍ ഇന്ത്യ നിജ്ജാറിനെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.