എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്ന് ജനതാദള്‍ (എസ് ); നീക്കം തള്ളി സംസ്ഥാന ഘടകം; തീരുമാനം സംസ്ഥാന കമ്മിറ്റിയ്ക്ക് ശേഷം

 എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്ന് ജനതാദള്‍ (എസ് ); നീക്കം തള്ളി സംസ്ഥാന ഘടകം; തീരുമാനം സംസ്ഥാന കമ്മിറ്റിയ്ക്ക് ശേഷം

ന്യൂഡല്‍ഹി: ജനതാദള്‍ (എസ്) എന്‍ഡിഎയില്‍ ഔദ്യോഗികമായി ചേര്‍ന്നു. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് എന്‍ഡിഎ മുന്നണിയുടെ ഭാഗമായത്. കുമാരസ്വാമി-അമിത് ഷാ കൂടികാഴ്ച്ച ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ജെഡിഎസ് ബിജെപിയുമായി അടുത്തത്. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയാണ് സഖ്യ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തത്. ലോക്‌സഭയില്‍ ഇരുപാര്‍ട്ടികളും സഖ്യമായി മത്സരിക്കും. കര്‍ണാടകയില്‍ 28 ലോക്സഭാ സീറ്റുകളാണ് ഉള്ളത്. എന്നാല്‍ ഇരുപാര്‍ട്ടി നേതാക്കളും അറിയിച്ചിരിക്കുന്നത് സീറ്റുവിഭജനം സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നാണ്.
ബിജെപി 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ വന്‍ വിജയം നേടിയിരുന്നു. 25 സീറ്റുകളില്‍ ബിജെപിക്ക് ജയിക്കാനായപ്പോള്‍ കോണ്‍ഗ്രസിനും ജെഡിഎസിനും ഓരോ സീറ്റ് വീതമാണ് ലഭിച്ചത്.

അതേസമയം എന്‍ഡിഎയില്‍ ചേരാനുള്ള ജെഡിഎസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം കേരള ഘടകം തള്ളിയിരിക്കുകയാണ്.
കേരളത്തിലെ ജെ.ഡി.എസ് എന്‍.ഡി.എയുടെ ഭാഗമാകില്ലെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് വ്യക്തമാക്കി. പുതിയ ലയനം തീരുമാനിക്കാന്‍ ഒക്ടോബര്‍ ഏഴിന് സംസ്ഥാന കമ്മിറ്റി യോഗം ചേരുമെന്നും അദേഹം പറഞ്ഞു.

കൂറുമാറ്റ നിരോധനിയമം നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ ജെ.ഡി.എസിന് പുതിയ പാര്‍ട്ടി രൂപികരിക്കാന്‍ ആവില്ല. ആര്‍.ജെ.ഡിയില്‍ ലയിക്കണമെന്നാണ് മന്ത്രി കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടത്. എന്നാല്‍ എല്‍.ജെ.ഡി ആര്‍.ജെ.ഡിയുമായി ലയിച്ച സാഹചര്യത്തില്‍ ആ നീക്കം ഗുണകരമാവില്ലെന്നാണ് വിലയിരുത്തല്‍.
നിതീഷ് കുമാര്‍ യാദവിന്റെ പാര്‍ട്ടിയുമായി ലയിക്കണമെന്നാണ് നീലലോഹിതദാസന്‍ നാടാര്‍ നിര്‍ദേശിച്ചത്. എന്നാല്‍ അടിക്കടി നിലപാട് മാറ്റുന്ന നിതീഷിനോടൊപ്പം ചേരുന്നത് ആത്മഹത്യാപരമാണെന്നാണ് പാര്‍ട്ടി നിലാപാട്. അഖിലേഷ് യാദവിന്റെ എസ്.പിയോടൊപ്പം പോകാനാണ് നിലവില്‍ ജെ.ഡി.എസ് കേരള ഘടകം ആലോചിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.