'ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഇടയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം': പ്രവര്‍ത്തകരോട് ആര്‍.എസ്.എസ് തലവന്റെ ആഹ്വാനം

'ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഇടയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം':  പ്രവര്‍ത്തകരോട് ആര്‍.എസ്.എസ്  തലവന്റെ ആഹ്വാനം

ലഖ്നൗ: മുസ്ലീം, ക്രിസ്ത്യന്‍, സിഖ് ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ക്കിടയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ ആഹ്വാനം. പള്ളികളും മസ്ജിദുകളും ഗുരുദ്വാരകളും സന്ദര്‍ശിക്കാനും നിര്‍ദേശമുണ്ട്. ഹിന്ദുക്കളെ മാത്രമല്ല, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് പാര്‍ട്ടിയെന്ന മതിപ്പുണ്ടാക്കാന്‍ അവര്‍ക്കിടയിലേക്ക് ഇറങ്ങണമെന്നും ഭാഗവത് പറഞ്ഞു.

യു.പി ലഖ്നൗവിലെ സരസ്വതി ശിശുമന്ദിരത്തില്‍ നടന്ന ആര്‍.എസ്.എസ് പ്രചാരകുമാരുടെ ത്രിദിന ക്യാംപിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്. ക്യാംപിന്റെ ഭാഗമായി നടന്ന സാമാജിക് സദ്ഭാവ് യോഗത്തിലെ തീരുമാനമാണ് സമാപനത്തില്‍ ഭാഗവത് പ്രഖ്യാപിച്ചത്. ഇതാദ്യമായാണ് ഹിന്ദു ഇതര വിഭാഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആര്‍.എസ്.എസ് നേതൃതലത്തില്‍ നിന്നുള്ള ആഹ്വാനമുണ്ടാകുന്നത്.

ഇതോടൊപ്പം ദളിതുകള്‍ക്കിടയില്‍ പ്രവര്‍ത്തനം ശക്തമാക്കാനും നിര്‍ദേശമുണ്ട്. അവരുടെ പ്രശ്നങ്ങള്‍ കേട്ടു പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കണം. സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ നേടിക്കൊടുക്കാനും സഹായിക്കണം. ദലിത് ഭൂരിപക്ഷ മേഖലകളില്‍ കൂടുതല്‍ ശാഖകള്‍ ആരംഭിക്കണം. സ്ത്രീകള്‍ക്കു വേണ്ടി പ്രത്യേക സമ്മേളനങ്ങള്‍ നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്

ആര്‍.എസ്.എസ് ശതാബ്ദി പൂര്‍ത്തീകരിക്കാനിരിക്കെയാണ് ഇങ്ങനെയൊരു നിലപാടുമാറ്റമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ആര്‍.എസ്.എസും ബി.ജെ.പിയും ഹിന്ദുക്കള്‍ക്കു വേണ്ടി മാത്രമുള്ളതല്ലെന്നും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടികളാണെന്നുമുള്ള ഒരു പൊതുബോധം സൃഷ്ടിക്കല്‍ ആവശ്യമാണെന്ന വിലയിരുത്തലുണ്ടാകുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.