ചെന്നൈ: ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഡോ. എം.എസ് സ്വാമിനാഥന്‍ അന്തരിച്ചു. 98 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ വീട്ടില്‍ വിശ്രമത്തിലിരിക്കേയാണ് അന്ത്യം.
ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന അദേഹത്തിന്റെ പരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയില്‍ നിന്നും കരകയറ്റിയത്. 1952 ല്‍ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്നും ജനിതക ശാസ്ത്രത്തില്‍ പിഎച്ച് ഡി നേടിയ സ്വാമിനാഥന്‍ ഇന്ത്യയിലെത്തി കാര്‍ഷിക രംഗത്തിന്റെ അതികായനായി.
ഇന്ത്യന്‍ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്‍പാദനശേഷിയുള്ളതുമായ വിത്തുകള്‍ വികസിപ്പിച്ചെടുക്കുകയും അത് കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തതാണ് സ്വാമിനാഥനെ അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തനാക്കിയത്.
1966 ല്‍ മെക്സിക്കന്‍ ഗോതമ്പ് ഇനങ്ങള്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കുമാറ്റി പഞ്ചാബിലെ പാടശേഖരങ്ങളില്‍ അദ്ദേഹം നൂറു മേനി കൊയ്തു. ഇത് അദ്ദേഹത്തെ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവാക്കി.
രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ തുടങ്ങിയ പരമോന്നത ബഹുമതികള്‍ നല്‍കി ആദരിച്ച മങ്കൊമ്പ് സാംബശിവന്‍ സ്വാമിനാഥന്‍ എന്ന എം.എസ് സ്വാമിനാഥന് മാക്‌സസെ പുരസ്‌കാരം, പ്രഥമ ലോക ഭക്ഷ്യ പുരസ്‌കാരം, ബോര്‍ലോഗ് അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1925 ഓഗസ്റ്റ് ഏഴിന് ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ മങ്കൊമ്പിലാണ് ജനിച്ചത്.
1972 മുതല്‍ 79 വരെ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ഡയറക്ടര്‍ ജനറലായിരുന്നു. ഇന്ത്യന്‍ കാര്‍ഷിക മന്ത്രാലയത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, രാജ്യാന്തര നെല്ല് ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടര്‍ ജനറല്‍, ഇന്റര്‍നാഷനല്‍ യൂണിയന്‍ ഫോര്‍ ദ് കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് നാച്ചുറല്‍ റിസോഴ്‌സസ് പ്രസിഡന്റ്, ദേശീയ കര്‍ഷക കമ്മിഷന്‍ ചെയര്‍മാന്‍ തുടങ്ങി ഒട്ടേറെ നിലകളില്‍ പ്രവര്‍ത്തിച്ച് മികവ് തെളിയിച്ച വ്യക്തിയാണ് എം.എസ് സ്വാമിനാഥന്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.