പരിസ്ഥിതിയെക്കുറിച്ചുള്ള മാര്‍പാപ്പയുടെ അപ്പസ്‌തോലിക പ്രബോധനം 'ലൗദാത്തെ ദേവും' ഒക്ടോബര്‍ നാലിന് പ്രകാശനം ചെയ്യും

പരിസ്ഥിതിയെക്കുറിച്ചുള്ള മാര്‍പാപ്പയുടെ അപ്പസ്‌തോലിക പ്രബോധനം 'ലൗദാത്തെ ദേവും' ഒക്ടോബര്‍ നാലിന് പ്രകാശനം ചെയ്യും

വത്തിക്കാന്‍ സിറ്റി: പരിസ്ഥിതിയെക്കുറിച്ചുള്ള തന്റെ അപ്പസ്‌തോലിക പ്രബോധനത്തിന് 'ലൗദാത്തെ ദേവും' അഥവാ 'ദൈവത്തിനു സ്തുതി' എന്നു പേരു നല്‍കി ഫ്രാന്‍സിസ് പാപ്പ. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യൂണിവേഴ്‌സിറ്റി റെക്ടര്‍മാരുടെ സംഘത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പാപ്പാ ഇക്കാര്യം വെളിപ്പെടുത്തിയത്. കാലാവസ്ഥാ വ്യതിയാനം, കുടിയേറ്റം, വലിച്ചെറിയല്‍ സംസ്‌കാരം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ വിദ്യാഭ്യാസ വിദഗ്ദ്ധരുമായി പാപ്പാ പങ്കുവച്ചു.

ഏകദേശം ഇരുന്നൂറോളം വരുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകരും വിവിധ വത്തിക്കാന്‍ ഡിക്കാസ്റ്ററികള്‍ക്ക് നേതൃത്വം വഹിക്കുന്നവരും യോഗത്തില്‍ പങ്കെടുത്തു. ഇന്നത്തെ ലോകത്തിന്റേതായ യാഥാര്‍ത്ഥ്യങ്ങളും വെല്ലുവിളികളും നേരിടാന്‍ യുവതലമുറയെ പ്രാപ്തരാക്കുന്ന വിധത്തില്‍, അവരുടെ രൂപവല്‍ക്കരണം സര്‍ഗാത്മകമായി നിര്‍വഹിക്കാന്‍ എല്ലാ വിദ്യാഭ്യാസ പ്രവര്‍ത്തകരോടും പാപ്പ ആഹ്വാനം ചെയ്തു.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും പരിസ്ഥിതിക വിഷയങ്ങളെക്കുറിച്ചുമുള്ള അവരുടെ ചോദ്യങ്ങളോട് മാര്‍പാപ്പ ഇങ്ങനെ പ്രതികരിച്ചു - പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണം പ്രകൃതിയുടെ സ്വാഭാവിക വികാസപരിണാമങ്ങളെ തടയുന്നു. 'വലിച്ചെറിയലിന്റെയും ഉപേക്ഷിക്കലിന്റേതുമായ' സംസ്‌കാരം എല്ലാവര്‍ക്കും ഉപദ്രവം വരുത്തിവയ്ക്കുന്നു. അതിനാല്‍, ഇത് തീര്‍ത്തും അപലപനീയമായ ഒന്നാണ്.

പ്രകൃതിയുടെ ശരിയായ ഉപയോഗം

പ്രകൃതിയെ ദുരുപയോഗം ചെയ്ത് മടുത്തുപോയ ഒരവസ്ഥയിലാണ് മനുഷ്യരാശി ഇന്ന് എത്തിനില്‍ക്കുന്നത്. അവിടെ നിന്നും പ്രകൃതിയുടെ ശരിയായ ഉപയോഗത്തിലേക്ക് നാം മടങ്ങേണ്ടിയിരിക്കുന്നു. ഇതിനായി, ഇപ്പോഴത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിലുള്ള ന്യൂനതകള്‍ പരിഹരിച്ചുകൊണ്ട്, പ്രകൃതി വിഭവങ്ങളുടെ പുനസംസ്‌കരണത്തിനും പുനരുപയോഗത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഒരു പാഠ്യപദ്ധതി അടിയന്തരമായി വികസിപ്പിക്കേണ്ടതുണ്ട്. പ്രകൃതിയുമായി നിരന്തരം 'സംഭാഷണത്തില്‍' ഏര്‍പ്പെട്ടു കൊണ്ട് പ്രകൃതിവിഭവങ്ങള്‍ ഉപയോഗിക്കാന്‍ നാം പരിശീലിക്കണം - പാപ്പാ നിര്‍ദേശിച്ചു.

ഈ കാര്യത്തിലുള്ള ബോധവല്‍ക്കരണത്തിനും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും വിവിധ യൂണിവേഴ്‌സിറ്റികള്‍ ഒരു നെറ്റ്വര്‍ക്ക് രൂപപ്പെടുത്തി, പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു. അങ്ങനെ പ്രത്യാശയോടെ സംഘടിച്ച്, ഗൗരവബുദ്ധിയോടെ തീരുമാനങ്ങള്‍ എടുത്തു മുന്നേറാന്‍ ഫ്രാന്‍സിസ് പാപ്പാ എല്ലാവര്‍ക്കും പ്രചോദനമേകി.

അടുത്ത അപ്പസ്‌തോലിക പ്രബോധനത്തിന്റെ ശീര്‍ഷകം 'ലൗദാത്തേ ദേവും'

പാരമ്പര്യേതര ഊര്‍ജ സ്രോതസുകള്‍ കൂടുതല്‍ ഉപയോഗിച്ച് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെന്ന് പരിശുദ്ധ പിതാവ് നിര്‍ദേശിച്ചു. വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളിന്റെ വൈദ്യുതി ആവശ്യങ്ങള്‍ക്കായി സ്ഥാപിച്ചിരിക്കുന്ന സൗരോര്‍ജ്ജ പാനലുകളെ ഉദാഹരണമായി മാര്‍പാപ്പ ചൂണ്ടിക്കാട്ടി. പരിസ്ഥിതിക്ക് ഹാനികരമായ കല്‍ക്കരി മുതലായ ഇന്ധനങ്ങളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് യുവതലമുറയെ ബോധവല്‍ക്കരിക്കണമെന്നും അവരുടെയിടയില്‍നിന്നുതന്നെ ഒരു നേതൃനിരയെ ഇതിനായി പരിശീലിപ്പിച്ചെടുക്കണമെന്നും പാപ്പാ അഭിപ്രായപ്പെട്ടു.

അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ നാലിന് പ്രസിദ്ധീകരിക്കാനിരിക്കുന്ന തന്റെ അപ്പസ്‌തോലിക പ്രബോധനത്തിന് 'ലൗദാത്തേ ദേവും' എന്ന പേരാണ് നല്‍കിയിരിക്കുന്നതെന്നും പരിശുദ്ധ പിതാവ് അറിയിച്ചു.

പരിസ്ഥിതിയുടെയും മാനവികതയുടെയും അധഃപതനം

പരിസ്ഥിതി നശീകരണത്തോടൊപ്പം മാനവികതയുടെ തകര്‍ച്ചയും സംഭവിക്കുന്നു. തകര്‍ന്ന ജീവിത സാഹചര്യങ്ങളെയും അസമത്വങ്ങളെയും ന്യായീകരിക്കുന്ന ഒരു മൂല്യച്യുതി സമൂഹത്തില്‍ ഇന്ന് വളരെയധികം പ്രകടമാണ്. അനേകം ജനങ്ങള്‍ക്ക് അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും ലഭ്യമല്ലെന്നിരിക്കെ, പ്രകൃതി വിഭവങ്ങളുടെ അമിതമായ ചൂഷണവും പൂഴ്ത്തിവയ്പ്പും നിര്‍ബാധം നടക്കുന്നതിനെ പാപ്പാ ശക്തമായ ഭാഷയില്‍ അപലപിച്ചു. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, അടിമത്തത്തിന്റെ പുതിയ രൂപമാണിത്. അതിനാല്‍, ഇതിനെക്കുറിച്ചുള്ള ബോധവല്‍ക്കരണം കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം - പാപ്പാ ഊന്നിപ്പറഞ്ഞു.

രാഷ്ട്രീയം, ശ്രേഷ്ഠമായ ഒരു തൊഴില്‍

മാനുഷിക മൂല്യങ്ങളും സാഹോദര്യത്തിലൂന്നിയ സംവാദങ്ങളും അടിസ്ഥാനമിട്ട വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാന്‍ യൂണിവേഴ്‌സിറ്റി റെക്ടര്‍മാരോട് പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു. രാഷ്ട്രീയം എന്നത് ശ്രേഷ്ഠമായ ഒരു തൊഴില്‍ ആണെന്ന കാര്യം മറക്കരുത്. രാഷ്ട്രീയമായി ഏതെങ്കിലും പാര്‍ട്ടിയോടു ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മാത്രമല്ല, തുറവിയോടും പക്വതയോടും കൂടെ മറ്റു ഗ്രൂപ്പുകളോട് ഇടപെടാനും അവരെ പരിശീലിപ്പിക്കണം. കാരണം, സമൂഹത്തിന്റെ വികസനം സാധ്യമാകുന്നത് രാഷ്ട്രീയ നേതാക്കളിലൂടെയാണ് - പാപ്പാ പറഞ്ഞു.

കുടിയേറ്റ പ്രതിസന്ധിയോടുള്ള മാനുഷികവും ക്രിസ്തീയവുമായ പ്രതികരണങ്ങള്‍

നിലവിലെ കുടിയേറ്റ പ്രതിസന്ധിയെക്കുറിച്ചും മാര്‍പാപ്പ സംസാരിച്ചു. ഇന്ന് യൂറോപ്പില്‍ നടന്നുകൊണ്ടിരിക്കുന്ന കുടിയേറ്റ നാടകങ്ങള്‍ അത്യന്തം ഗൗരവമുള്ളതാണ്. രാഷ്ട്രീയമായ തീരുമാനങ്ങളിലൂടെയാണ് ഈ പ്രശ്‌നം പരിഹരിക്കപ്പെടേണ്ടതെങ്കിലും, മാനുഷികവും ക്രിസ്തീയവുമായ ചോദ്യങ്ങളും അത് ഉയര്‍ത്തുന്നുണ്ട്. പ്രശ്‌നം പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കാന്‍ പാപ്പാ യൂണിവേഴ്‌സിറ്റികളോട് അഭ്യര്‍ത്ഥിച്ചു. കുടിയേറ്റക്കാരെ മടക്കി അയക്കുന്ന ഇന്നത്തെ രീതി ഒരു കുറ്റകൃത്യമായാണ് താന്‍ കണക്കാക്കുന്നതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

മനുഷ്യന്റെ മൂന്നു ഭാഷകള്‍ - ശിരസ്, ഹൃദയം, കരങ്ങള്‍

വസ്തുതാപരമായ കാര്യങ്ങള്‍ വിദ്യാര്‍ഥിനീ വിദ്യാര്‍ഥികളെ പഠിപ്പിക്കുക എന്നതു മാത്രമല്ല യൂണിവേഴ്‌സിറ്റികളുടെ ചുമതല. അതോടൊപ്പം, ശിരസ്, ഹൃദയം, കരങ്ങള്‍ എന്നിവയിലൂടെയുള്ള ആശയസംവേദനവും അവരെ പരിശീലിപ്പിക്കണം. ഇതിലൂടെ അവരുടെ അനുഭവങ്ങളില്‍ നിന്ന് ചിന്തിക്കാനും, ചിന്തയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനും, പ്രവര്‍ത്തനത്തിലൂടെ കൂടുതല്‍ മനസിലാക്കാനും അവര്‍ പഠിക്കും. യൂണിവേഴ്‌സിറ്റികള്‍, വിവരങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ മാത്രമാകാതെ, യാഥാര്‍ത്ഥ്യങ്ങളെയും വെല്ലുവിളികളെയും സര്‍ഗാത്മകമായി അഭിമുഖീകരിക്കാന്‍ യുവജനങ്ങളെ പ്രാപ്തരാക്കുന്ന ഇടങ്ങളും കൂടിയായി മാറണം. അവസാനമായി, അവിടെ സന്നിഹിതരായിരുന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞ് തന്റെ കൂടിക്കാഴ്ച പാപ്പ അവസാനിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.