ഇംഫാല്‍: മണിപ്പൂരില്‍ കലാപം തുടരുന്ന സാഹചര്യത്തില്‍ സ്വന്തം സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്ത്. കലാപം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നു വ്യക്തമാക്കി സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയ്ക്ക് കത്തയച്ചു. ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ വിഷയത്തില്‍ അടിയന്തരമായി ഉണ്ടാകണമെന്നും നേതാക്കള്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാരിനെതിരെ വന്‍ തോതില്‍ ജനരോഷം ഉയരുകയാണ്. പ്രതിഷേധത്തിന്റെ വേലിയറ്റം തന്നെയാണ് സര്‍ക്കാരിനെതിരെയുള്ളതെന്നും കത്തില്‍ വ്യക്തമാക്കുന്നു. സംസ്ഥാന അധ്യക്ഷ ശാരദാ ദേവിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയുടെ എട്ട് പ്രമുഖ ഭാരവാഹികള്‍ കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. കലാപം 150 ദിവസമായതിന് പിന്നാലെയാണ് അതൃപ്തി വ്യക്തമാക്കി നേതാക്കള്‍ ദേശീയ നേതൃത്വത്തെ സമീപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സംസ്ഥാന നേതാക്കള്‍ക്ക് ആശയ വിനിമയം നടത്തണം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, സുരക്ഷാ സേനകള്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ കാര്യക്ഷമമായ ഇടപെടലുകള്‍ ഇക്കാര്യത്തില്‍ അനിവാര്യമാണ്. ക്രമസമാധാന പരിപാലനത്തില്‍ നിന്നു സംസ്ഥാന സര്‍ക്കാരിനെ മാറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മേല്‍ക്കൈ നല്‍കുന്ന തരത്തില്‍ കാര്യങ്ങള്‍ ക്രമീകരിക്കണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഗവര്‍ണറുടെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതിയുടെ സമാധന യോഗങ്ങള്‍ ചേരുന്നില്ല. തുടര്‍ നടപടികളും ഉണ്ടാകുന്നില്ല. പലായനം ചെയ്തവരെ തിരികെ എത്തിക്കുന്നതിലും അവര്‍ക്ക് നഷ്ടപ്പെട്ട വീടുകള്‍ ഉള്‍പ്പെടെയുള്ളവ പുനര്‍ നിര്‍മിച്ചു നല്‍കുന്നതിനും അടിയന്തര ഇടപെടല്‍ ഉണ്ടാകണം. ദേശീയ പാതകളില്‍ ഗതാഗതം സാധാരണ നിലയിലാക്കേണ്ടതിന്റെ ആവശ്യകതയും പ്രശ്‌നങ്ങളുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും കത്തില്‍ എടുത്തു പറയുന്നു. കൂടാതെ കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കണം. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഉചിതമായ നഷ്ട പരിഹാരം നല്‍കണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഇംഫാല്‍ ഈസ്റ്റിലെ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങിന്റെ കുടുംബ വസതിയും ഇംഫാല്‍ വെസ്റ്റിലെ ബിജെപി എംഎല്‍എയുടെ വീടും ഒരേസമയം ആക്രമിക്കാന്‍ ആയുധധാരികളായ ജനക്കൂട്ടം ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചതായി നേതാക്കള്‍ തുറന്നടിച്ചത്. സംസ്ഥാനത്തെ സാധാരണ നിലയിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് പറയന്നുണ്ടെങ്കിലും അതൊന്നും ഫലം കാണുന്നില്ലെന്നും കത്തില്‍ പറയുന്നു. സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ നിരന്തരം പരാജയപ്പെടുന്നു. ജനങ്ങള്‍ ഓരോ ദിവസവും തള്ളി നീക്കാന്‍ അങ്ങേയറ്റം ബുദ്ധിമുട്ടുകയാണ്. ഇത്തരം കാര്യങ്ങളെല്ലാം പ്രതിസന്ധിയായി നില്‍ക്കുന്നുവെന്ന് ബിജെപി നേതാക്കള്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം മെയ് മുതല്‍ മണിപ്പൂരില്‍ നടന്ന വംശീയ സംഘര്‍ഷങ്ങളില്‍ ആരാധനാലയങ്ങള്‍ നശിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ മതപരമായ കെട്ടിടങ്ങളും ഉടന്‍ കണ്ടെത്തി സംരക്ഷിക്കണമെന്ന് സുപ്രീം കോടതി രൂപീകരിച്ച മുന്‍ ജഡ്ജിമാരുടെ മൂന്നംഗ സമിതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കുടിയിറക്കപ്പെട്ടവരുടെ സ്വത്തുക്കളുടെയും അക്രമത്തില്‍ നശിപ്പിക്കപ്പെട്ട/ കത്തിച്ച സ്വത്തുക്കളുടെയും സംരക്ഷണം ഉറപ്പാക്കാനും അവയുടെ കൈയേറ്റം തടയാനും സമിതി സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മണിപ്പൂര്‍ സര്‍ക്കാര്‍ സംസ്ഥാനത്തെ എല്ലാ മതപരമായ കെട്ടിടങ്ങളും (പള്ളികള്‍, ഹിന്ദു ക്ഷേത്രങ്ങള്‍, സനമാഹി ക്ഷേത്രങ്ങള്‍, മോസ്‌ക്കുകള്‍, മറ്റേതെങ്കിലും മതത്തിന്റെ ഏതെങ്കിലും കെട്ടിടങ്ങള്‍ എന്നിവ ഉള്‍പ്പെടും) എന്നിവ നിലവിലുണ്ടോ അല്ലെങ്കില്‍ അക്രമത്തില്‍ നശിപ്പിക്കപ്പെട്ടതോ / കേടുപാടുകള്‍ സംഭവിച്ചതോ അല്ലെങ്കില്‍ കത്തിച്ചതോ ആയവ ഉടന്‍ തിരിച്ചറിയണം. സെപ്തംബര്‍ എട്ടിന് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായുള്ള യോഗത്തില്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു.
ഈ മാസം ആദ്യം മണിപ്പൂര്‍ പൊലീസ് നടത്തിയ പ്രസ്താവനയില്‍ സംസ്ഥാനത്ത് 386 മതപരമായ നിര്‍മിതികള്‍ തീയിട്ട് നശിപ്പിച്ചതായി പറഞ്ഞിരുന്നു. 5,132 തീവെപ്പ് കേസുകളില്‍ ഈ മതപരമായ നിര്‍മ്മിതികളും ഉള്‍പ്പെടുന്നു. മണിപ്പൂരിലെ അക്രമ സംഭവങ്ങളുടെ മാനുഷിക വശങ്ങള്‍ പരിശോധിക്കാന്‍ ജമ്മു കാശ്മീര്‍ മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീതാ മിത്തലിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെയാണ് സുപ്രീം കോടതി നിയോഗിച്ചത്. സമിതിയില്‍ ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി ശാലിനി പി. ജോഷി, ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ആഷാ മേനോന്‍ എന്നിവരും ഉള്‍പ്പെടുന്നു.
സംസ്ഥാനത്ത് 2023 മെയ് മൂന്നിന് ആരംഭിച്ച അക്രമത്തില്‍ 240-247 പള്ളികള്‍ നശിപ്പിക്കപ്പെടുകയും കൊള്ളയടിക്കുകയും കത്തിക്കുകയും ഫര്‍ണിച്ചറുകളും ഉള്‍പ്പെടെയുള്ള പള്ളി സ്വത്തുക്കളും അവയില്‍ ഉണ്ടെന്ന് ആരോപിച്ച് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലെ ഉള്ളടക്കം കമ്മിറ്റി പരിശോധിച്ചിരുന്നു. ഇടവക പള്ളി രജിസ്റ്ററും ഉടമസ്ഥാവകാശ രേഖകളും ഒന്നുകില്‍ കൊള്ളയടിക്കുകയോ മനപൂര്‍വം കത്തിക്കുകയോ ചെയ്തിരുന്നു. മണിപ്പൂരിലെ മെയ്തേയ് ക്രിസ്ത്യന്‍ ചര്‍ച്ചസ് കൗണ്‍സിലാണ് റിട്ട് ഹര്‍ജി നല്‍കിയത്.
അക്രമം ആരംഭിച്ച് 36 മണിക്കൂറിനുള്ളില്‍ മെയ്തേയ് ക്രിസ്ത്യാനികളുടെ 249 പള്ളികള്‍ നശിപ്പിക്കപ്പെട്ടതായി ജൂണില്‍ ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലൂമണ്‍ പറഞ്ഞിരുന്നു. മണിപ്പൂരിലെ എല്ലാ സ്വത്തുക്കളുടെയും മെയ് മൂന്നിലെ അക്രമത്തില്‍ നശിച്ചവയുടെയും സര്‍വേ നടത്താനും അതിനുശേഷം പ്രത്യേകം തിരിച്ചറിയാനും സുപ്രീം കോടതി കമ്മിറ്റി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.
മണിപ്പൂര്‍ ഗവണ്‍മെന്റ് കുടിയിറക്കപ്പെട്ടവരുടെ സ്വത്തുക്കളുടെയും അക്രമത്തില്‍ നശിപ്പിക്കപ്പെട്ട/കത്തിയ സ്വത്തുക്കളുടെയും സംരക്ഷണം ഉറപ്പാക്കുകയും അവരുടെ കൈയേറ്റം തടയുകയും വേണം. ഏതെങ്കിലും വസ്തു കൈയേറിയിട്ടുണ്ടെങ്കില്‍, കൈയേറ്റത്തില്‍ നിന്ന് പിന്‍ന്മാറാന്‍ കൈയേറ്റക്കാര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കമ്മിറ്റി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.