മനാഗ്വേ: നിക്കരാഗ്വയില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള ഡാനിയല്‍ ഒര്‍ട്ടേഗ ഭരണകൂടത്തിന്റെ ക്രൂരതകള്‍ തുടരുന്നു. സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മൂന്നു വൈദികരെ കഴിഞ്ഞ ദിവസം രാത്രി തട്ടിക്കൊണ്ടു പോയി. മധ്യ അമേരിക്കന്‍ രാജ്യത്തിന്റെ വടക്കുള്ള എസ്റ്റെലി രൂപതയില്‍ നിന്നുള്ള രണ്ട് കത്തോലിക്ക വൈദികരെയും ജിനോടെഗ രൂപതയില്‍ നിന്നുള്ള ഒരു വൈദികനെയും അറസ്റ്റ് ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാഡ്രിസിലെ സാന്‍ ജുവാന്‍ ഇവാഞ്ചലിസ്റ്റ് ഇടവകയില്‍ നിന്നുള്ള ഫാ. ജൂലിയോ റിക്കാര്‍ഡോ നൊറോറി, ജലപ്പയിലെ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ഇടവക ദേവാലയത്തില്‍ നിന്നുള്ള ഫാ. ഇവാന്‍ സെന്റിനോ, ജിനോടെഗ രൂപതയിലെ ഔവര്‍ ലേഡി ഓഫ് മേഴ്സി ഇടവക ദേവാലയത്തിലെ ഫാ. ക്രിസ്റ്റോബല്‍ ഗാഡിയ എന്നിവരെയാണ് തടങ്കലിലാക്കിയിരിക്കുന്നത്. നാലാമതൊരു വൈദികനെയും അറസ്റ്റ് ചെയ്തതായി അഭ്യൂഹമുണ്ട്.
ഈ വൈദികരുടെ അറസ്റ്റിനുപിന്നിലെ കാരണങ്ങള്‍ അജ്ഞാതമാണ്. ഇവര്‍ എവിടെയാണെന്ന് ആര്‍ക്കും ഒരു വിവരവുമില്ല.
'വൈദികരെ അറസ്റ്റ് ചെയ്തത് പൊലീസല്ല. പിക്കപ്പ് ട്രക്കുകളില്‍ എത്തിയ ആയുധധാരികളാണ്. അവര്‍ കൊണ്ടുപോയ വൈദികര്‍ എവിടെയാണെന്ന് ഒരു വിവരവുമില്ല. പക്ഷേ, അവരെ മനാഗ്വയിലേക്കു മാറ്റിയതായി ഞങ്ങള്‍ വിശ്വസിക്കുന്നു' - പേര് വെളിപ്പെടുത്താന്‍ കഴിയാത്ത ഉറവിടം വ്യക്തമാക്കി.
അര്‍ദ്ധസൈനികരും പോലീസും വൈദികര്‍ക്കും ഇടവകക്കാര്‍ക്കും എതിരെ ഭീഷണിപ്പെടുത്തലും തട്ടിക്കൊണ്ടുപോകല്‍ നടപടിയും തുടരുകയാണെന്ന് നിക്കരാഗ്വേന്‍ ഗവേഷകയും അഭിഭാഷകയുമായ മാര്‍ത്ത പട്രീഷ്യ പറഞ്ഞു.
അറസ്റ്റിലായ മൂന്ന് വൈദികരും തങ്ങളുടെ പ്രസംഗങ്ങളിലും വിശ്വാസത്തിലും വ്യക്തതയുള്ളവരായിരുന്നു. അവര്‍ സുവിശേഷത്തിന്റെ അടിസ്ഥാനത്തില്‍ അനുദിനം രാജ്യത്തു അനുഭവിക്കുന്ന അനീതികളെ തുറന്നുകാട്ടിയിരുന്നുവെന്നും മാര്‍ത്ത പട്രീഷ്യ കൂട്ടിച്ചേര്‍ത്തു.
ഒര്‍ട്ടേഗയുടെ സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച മതഗല്‍പ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് അല്‍വാരസിനു 26 വര്‍ഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. 2023 ഫെബ്രുവരിയില്‍, രാജ്യം വിടാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ 26 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.
നാടുകടത്തപ്പെട്ട മനാഗ്വയിലെ സഹായ മെത്രാന്‍ മോണ്‍. സില്‍വിയോ ജോസ്, കത്തോലിക്ക സഭയ്ക്കെതിരേയുള്ള സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ ക്രൂരമായ പീഡനത്തെ അപലപിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്ന വിവിധ റേഡിയോ സ്റ്റേഷനുകള്‍ അടച്ചുപൂട്ടിയും സന്യാസ സമൂഹങ്ങളെ രാജ്യത്തു നിന്നു പുറത്താക്കിയും തിരുനാള്‍ പ്രദക്ഷിണങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയും സഭക്ക് നേരെയുള്ള ഭരണകൂടത്തിന്റെ പ്രതികാര നടപടികള്‍ തുടരുകയാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ ജെസ്യൂട്ട് സമൂഹത്തിന്റെ നിയമപരമായ പദവി റദ്ദാക്കി സ്വത്ത് കണ്ടുകെട്ടിയിരുന്നു.
കൂടുതല്‍ വായനയ്ക്ക്:
എകാധിപത്യ ഭരണകൂടത്തിനെതിരേ ശബ്ദമുയര്‍ത്തിയ നിക്കരാഗ്വേ ബിഷപ്പിന് 26 വര്‍ഷം തടവ്; ശിക്ഷ നാടുകടക്കാന്‍ വിസമ്മതിച്ചതിന്
നിക്കരാഗ്വേയില്‍ തടവിലാക്കപ്പെട്ട ബിഷപ്പ് അല്‍വാരസിനെ യൂറോപ്യന്‍ പാര്‍ലമെന്റ് മനുഷ്യാവകാശ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.