സ്ട്രാസ് ബര്‍ഗ് (ഫ്രാന്‍സ്): യൂറോപ്യന്‍ പാര്‍ലമെന്റിന്റെ വിഖ്യാതമായ സഖാറോവ് മനുഷ്യാവകാശ പുരസ്‌കാരത്തിന് നിക്കരാഗ്വേയിലെ സ്വേച്ഛാധിപത്യ ഭരണകൂടം അന്യായമായി തടവിലാക്കിയ ബിഷപ്പ് റോളാന്‍ഡോ അല്‍വാരസിനെ നാമനിര്‍ദ്ദേശം ചെയ്തു. മനുഷ്യാവകാശ സംരക്ഷണത്തിനായി നിലകൊള്ളുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതിനാണ് സഖാറോവ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
യൂറോപ്യന്‍ പാര്‍ലമെന്റിലെ വിദേശകാര്യ വികസന സമിതികളുടെയും മനുഷ്യാവകാശ ഉപസമിതിയുടെയും യോഗത്തിലാണ് നാമനിര്‍ദേശപട്ടിക അവതരിപ്പിച്ചത്. രാഷ്ട്രീയ ഗ്രൂപ്പുകളോ, കുറഞ്ഞത് 40 എം.പിമാരോ നാമനിര്‍ദ്ദേശം ചെയ്യണം. ബിഷപ്പ് അല്‍വാരസിനു വേണ്ടിയുള്ള നാമനിര്‍ദ്ദേശത്തെ 43 എംപിമാര്‍ പിന്തുണച്ചു.
'പതിറ്റാണ്ടുകളായി നിക്കരാഗ്വക്കാരുടെ മനുഷ്യാവകാശങ്ങള്‍ക്കായി പോരാടുന്ന വ്യക്തിയാണ് മതഗല്‍പയിലെ ബിഷപ്പ് അല്‍വാരസ്. നിക്കരാഗ്വേ ഏകാധിപതി പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ കടുത്ത വിമര്‍ശകരില്‍ ഒരാളാണ് ബിഷപ്പ് അല്‍വാരസ്. ഭരണകൂടത്തിന്റെ ശക്തമായ മതപീഡനങ്ങള്‍ക്കിടയിലും ഒറ്റയാള്‍ പോരാട്ടവുമായി അദ്ദേഹം നിക്കരാഗ്വയില്‍ തുടര്‍ന്നു. സ്വേച്ഛാധിപത്യത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ നിലപാടാണ് ഭരണകൂടത്തിന്റെ ശത്രുവാക്കി മാറ്റിയത്. 2023 ഫെബ്രുവരിയില്‍ രാജ്യം വിടാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന്, അദ്ദേഹത്തെ 26 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു' - യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിദ്ധീകരണം സൂചിപ്പിക്കുന്നു.
മനുഷ്യാവകാശങ്ങളുടെയും മൗലിക സ്വാതന്ത്ര്യങ്ങളുടെയും സംരക്ഷണത്തിനായി പോരാടുന്ന വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കുമാണ് യൂറോപ്യന്‍ പാര്‍ലമെന്റ് 1988 മുതല്‍ പുരസ്‌കാരം നല്‍കിവരുന്നത്. 50,000 യൂറോയാണ് പുരസ്‌കാരത്തുക. ഒക്ടോബര്‍ പന്ത്രണ്ടിന് വിദേശകാര്യ-വികസന സമിതികള്‍ ഫൈനലിസ്റ്റുകളെ കണ്ടെത്തുന്നതിന് സംയുക്ത യോഗം ചേരും. 19ന് യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റും രാഷ്ട്രീയ ഗ്രൂപ്പുകളുടെ നേതാക്കളും ചേര്‍ന്ന് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.