ട്രംപിന് മനംമാറ്റം; വ്യാപാര കരാര്‍ ചര്‍ച്ചയ്ക്കായി അമേരിക്കന്‍ പ്രതിനിധി സംഘം ഇന്ത്യയിലേക്ക്

ട്രംപിന് മനംമാറ്റം;   വ്യാപാര കരാര്‍ ചര്‍ച്ചയ്ക്കായി അമേരിക്കന്‍ പ്രതിനിധി സംഘം ഇന്ത്യയിലേക്ക്

കരാറുമായി ബന്ധപ്പെട്ട ആറാം ഘട്ട ചര്‍ച്ചയ്ക്കായി യു.എസ് പ്രതിനിധി സംഘം രാത്രിയോടെ ഡല്‍ഹിയില്‍ എത്തും. ചൊവ്വാഴ്ച മുതല്‍ ചര്‍ച്ച പുനരാരംഭിക്കും. അതിനിടെ ഇന്ത്യക്കെതിരേ വിമര്‍ശനവുമായി വൈറ്റ് ഹൗസ് ഉപദേഷ്ടാവ് പീറ്റര്‍ നവാരോ വീണ്ടും രംഗത്തെത്തി. അന്യായമായ വ്യാപാരത്തിലൂടെ ഇന്ത്യ പണം സമ്പാദിക്കുന്നു എന്നാണ് നവാരോയുടെ ആരോപണം.

ന്യൂഡല്‍ഹി: റഷ്യന്‍ വ്യാപാര ബന്ധത്തിന്റെ പേരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് അധിക തീരുവ പ്രഖ്യാപിച്ചതോടെ വിരാമമായ ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ച വീണ്ടും പുനരാരംഭിക്കുന്നു.

കരാറുമായി ബന്ധപ്പെട്ട ആറാം ഘട്ട ചര്‍ച്ചയ്ക്കായി യു.എസ് പ്രതിനിധി സംഘം രാത്രിയോടെ ഡല്‍ഹിയില്‍ എത്തും. ചൊവ്വാഴ്ച മുതല്‍ ചര്‍ച്ച പുനരാരംഭിക്കും.

അമേരിക്കന്‍ വ്യാപാര രംഗത്തെ പ്രധാന ഇടനിലക്കാരനായ ബ്രെന്‍ഡന്‍ ലിഞ്ചും സംഘവുമാണ് യു.എസില്‍ നിന്ന് ഡല്‍ഹിയില്‍ എത്തുന്നത്. ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് വാണിജ്യ മന്ത്രാലയത്തിലെ പ്രത്യേക സെക്രട്ടറി രാജേഷ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിലാണ് ട്രംപ് ഇന്ത്യയ്ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയത്. ഇതേ തുടര്‍ന്ന് ഓഗസ്റ്റ് 25 ന് നടക്കാനിരുന്ന ചര്‍ച്ചകള്‍ മാറ്റി വെച്ചിരുന്നു. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര തടസങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് കഴിഞ്ഞയാഴ്ച ട്രംപ് വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ, ഇന്ത്യയും അമേരിക്കയും സ്വാഭാവിക പങ്കാളികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രതികരിച്ചിരുന്നു. ഇതോടെയാണ് വീണ്ടും വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്ക് ജീവന്‍ വച്ചത്.

അതിനിടെ വൈറ്റ് ഹൗസ് ഉപദേഷ്ടാവ് പീറ്റര്‍ നവാരോ ഇന്ത്യക്കെതിരേ വീണ്ടും രംഗത്തു വന്നു. അന്യായമായ വ്യാപാരത്തിലൂടെ തങ്ങളില്‍ നിന്ന് ഇന്ത്യ പണം സമ്പാദിക്കുന്നുവെന്നും നിരവധി തൊഴിലാളികള്‍ വഞ്ചിക്കപ്പെടുന്നുവെന്നും നവാരോ ആരോപിച്ചു.

ഇങ്ങനെ ലഭിക്കുന്ന പണം ഉപയോഗിച്ച് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നു. റഷ്യക്കാര്‍ അത് ആയുധങ്ങള്‍ വാങ്ങാനായി ഉപയോഗിക്കുന്നു. ഇന്ത്യ ചര്‍ച്ചയ്ക്കായി വരികയാണ്. വ്യാപാരവുമായി ബന്ധപ്പെട്ട് നോക്കുകയാണെങ്കില്‍ വളരെ ഉയര്‍ന്ന തീരുവ ചുമത്തുന്നത് ഇന്ത്യയാണെന്നും അദേഹം ആരോപിച്ചു.

ഇന്ത്യക്കെതിരേ നേരത്തെയും നവാരോ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇന്ത്യ നികുതികളിലെ മഹാ രാജാവാണെന്നും കൊള്ളലാഭം കൊയ്യാനുള്ള പദ്ധതിയാണ് നടത്തുന്നതെന്നുമായിരുന്നു പ്രധാന ആരോപണം. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.